by liji HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിജിപി ലോകനാഥ് ബെഹ്റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തിൽ കെ സുധാകരനെ പ്രതി ചേർത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന പേരിൽ മോണ്‍സന്‍റെ വീട്ടിൽ ബെഹ്റ പൊലീസ് കാവൽ അനുവദിച്ചതിലെ കള്ളകളികൾ ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസ് സംരക്ഷണവും, പുരാവസ്തു മൂല്യവും ഉയർത്തിക്കാട്ടിയാണ് പലരിൽ നിന്നായി 20 കോടിയോളം രൂപ മോൻസണ്‍ തട്ടിച്ചത്.
അമൂല്യവും അപൂർവവുമായ പുരാവസ്തു ശേഖരമുണ്ടെന്ന് കാട്ടിയാണ് കലൂരിലെ മോണ്‍സന്‍റെ വീടിന് പൊലീസ് സുരക്ഷ അനുവദിക്കാൻ ലോക്നാഥ് ബെഹ്റ പ്രത്യേക ഉത്തരവിറക്കിയത്. മോണ്‍സന്‍റെ വീട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ ഇന്‍റലിജൻസ് അന്വേഷിച്ചിരുന്നില്ല. പുരാവസ്തു മൂല്യം ശാസ്ത്രീയമായി പരിശോധിച്ചോ, കുറഞ്ഞപക്ഷം ഇത്രയും അപൂർവമായ പുരാവസ്തുക്കൾ മോണ്‍സൻ എന്ന സാധാരണക്കാരന് സൂക്ഷിക്കാൻ കഴിയുമോ എന്ന സാമാന്യ ബോധം പോലും ബെഹ്റക്ക് ഇല്ലായിരുന്നോ എന്ന ചോദ്യങ്ങൾ മോണ്‍സൻ പിടിക്കപ്പെട്ടതു മുതൽ ഉയരുന്നുണ്ട്.
മോൻസന്‍റെ കേന്ദ്രങ്ങൾ അരിച്ചുപെറുക്കി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ ഹാർഡ് ഡിസ്കിൽ എന്തൊക്കെയുണ്ടെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. മോണ്‍സന്‍റെ പല ഇടപാടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കലൂരിലെ വീട്ടിൽ കണ്ടിട്ടുണ്ട്.
മോൻസൻ പ്രതിയായ ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ അനിത പുല്ലയിൽ പ്രതിയായ കേസിലും അന്വേഷണം ഒന്നര വർഷത്തോളം ഇഴഞ്ഞിരുന്നു. കേസിൽ കഴിഞ്ഞ മാസം കുറ്റപത്രം സമർപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദുർബലമായ വകുപ്പുകളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്ന അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്.
by liji HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വെഞ്ഞാറമൂട്ടിൽ വാഹനാപകടം, ബൈക്ക് യാത്രികന് ദാരുണാന്ത്യം. വർക്കല അയിരൂർ സ്വദേശിയായ 31 വയസ്സുള്ള നിജാസാണ് അപകടത്തിൽപ്പെട്ട് മരണമടഞ്ഞത്. ഇയാൾ വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ്.
ഇന്ന് പുലർച്ചെ 12:40 കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ വേളാവൂർ ഭാഗത്തായിരുന്നു അപകടം നടന്നത്.
എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ അപകടത്തിൽപ്പെട്ട നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്.
by liji HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ ഷാജൻ സ്‌കറിയയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഒളിവിൽ കഴിയുന്ന ഷാജനെ സംബന്ധിച്ച് നിർണായകമാണ് ഇന്നത്തെ വിധി. നിരന്തരം വ്യാജ വാർത്ത നൽകുന്നുവെന്നാണ് പരാതി. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനം അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. നേരത്തെ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്തത് ഷാജൻ സ്കറിയ നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
തനിക്കെതിരെ നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിലാണ് ഷാജനെതിരെ കേസ് എടുത്തത്. അതേസമയം ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന. ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
by liji HP News | Jun 30, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗാന്ധിനഗർ: കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.
അപകടത്തിൽ നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിരിറാം ദാമോർ (5), അഭിഷേക് ഭൂരിയ (4), ഗുൻഗുൻ ഭൂരിയ (2), മുസ്‌കൻ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.
ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ജോലി ചെയ്‌തിരുന്ന കുടുംബം ഫക്ടറിയുടെ സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഗുജറാത്തിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അടുത്ത രണ്ട് ദിവസവും ഗുജറാത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by liji HP News | Jun 29, 2023 | മരണം
ആറ്റിങ്ങൽ കരിച്ചയിൽ കൈരളിയിൽ അനാമിക ലൈൻ ജി. എസ് നിവാസിൽ സുഭാഷ്.എസ് (74) അന്തരിച്ചു.
Recent Comments