by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ശിവഗിരി: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഇന്ന് ശിവഗിരിയില്‍ ഫലവൃക്ഷതൈകളുടെ വിതരണം ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വി ജോയി എം.എല്‍.എ. വിവിധയിനം തൈകളുടെ വിതരണം നിര്‍വ്വഹിക്കും. ഇളം തലമുറയിലേക്ക് പരിസ്ഥിതി സന്ദേശം പകരുന്നതിന്‍റെ ഭാഗമായി വിവിധ സ്കൂളുകളില്‍നിന്നും വന്നുചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാകും തൈ വിതരണത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി രാവിലെ ഒന്‍പതിന് ശിവഗിരിയില്‍ മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍തൈകള്‍ നടും.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമാകും. രാവിലെ എട്ടു മണി മുതലാണ് റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങുക. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.
ഇരുചക്രവാഹനങ്ങളിൽ 12 വയസ്സിനു താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാൻ അനുവദിക്കുന്നതിന് ആവശ്യമായ നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം വരുന്നതുവരെ 12 വയസ്സിനുതാഴെയുള്ള ഒരു കുട്ടി കൂടെ യാത്ര ചെയ്യുന്നതിനു പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.
ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിന് പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് അപ്പീൽ നൽകാം. എമർജൻസി വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്കും ഇളവുണ്ടാകും.
ആദ്യഘട്ടത്തിൽ പിഴ ചുമത്തുക ഈ നിയമലംഘനങ്ങൾക്ക്
ഹെൽമറ്റ് ഇല്ലെങ്കിൽ- 500 രൂപ പിഴ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധം)
സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ : 500 രൂപ പിഴ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം)
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ : 2000 രൂപ പിഴ
അമിതവേഗത: 1500 രൂപ
ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല)
അപകടകരമായ പാർക്കിങ്: 250 രൂപ
റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കമ്പം: നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തേനി ജില്ലയിലെ പൂശാനംപെട്ടിക്ക് സമീപത്തുവെച്ചാണ് ആനയെ മയക്കുവെടി വെച്ചത്. രാത്രി 12.30 ഓടെയാണ് മയക്കുവെടി വെച്ചത്. രണ്ടു മയക്കുവെടി വെച്ചു.
തമിഴ്‌നാട് വനംവകുപ്പാണ് കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങിയ അരിക്കൊമ്പനെ മയക്കു വെടിവെച്ചത്. ആന ഇപ്പോള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണുള്ളതെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചിട്ടുണ്ട്. ആനയെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റും. ഇതിനായി മൂന്നു കുങ്കിയാനകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ആരോഗ്യപരിശോധനയ്ക്ക് ശേഷമാകും അരിക്കൊമ്പനെ മറ്റൊരു വനമേഖലയിലേക്ക് തുറന്നു വിടുക. നാലോളം സ്ഥലങ്ങളാണ് തമിഴ്‌നാട് വനംവകുപ്പിന്റെ പരിഗണനയിലുള്ളത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വാല്‍പ്പാറ സ്ലീപ്പാണ് പരിഗണനയിലുള്ള ഒരു സ്ഥലം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് അരിക്കൊമ്പനെ വെടിവെക്കുന്നത്.
ഏപ്രില്‍ 29 നാണ് കേരള വനംവകുപ്പ് ആദ്യം അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടുകയായിരുന്നു. എന്നാല്‍ മെയ് 27 ന് കമ്പത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പ്രദേശത്ത് ഭീതി വിതയ്ക്കുകയായിരുന്നു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഒഡിഷ ട്രെയിൻ അപകടത്തിൽ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. കുട്ടികൾക്ക് ഗുരുഗ്രാമിലെ സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ പഠനത്തിന് സൗകര്യമൊരുക്കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്.
“ഈ ചിത്രം ഒരുപാട് നാൾ നമ്മളെ അലട്ടും. ഏറ്റവും സങ്കടകരമായ ഈ അവസരത്തിൽ എനിക്ക് ചെയ്യാനാകുന്ന ഏറ്റവും ചെറിയ കാര്യം ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ മക്കളുടെ വിദ്യാഭ്യാസകാര്യമെങ്കിലും ഏറ്റെടുക്കാനാണ്. ആ കുട്ടികൾക്ക് സെവാഗ് ഇന്റർനാഷണൽ സ്‌കൂളിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്”, ട്രെയിൻ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സെവാഗ് ട്വിറ്ററിൽ കുറിച്ചു.
നേരത്തെ അദാനി ഗ്രൂപ്പും ട്രെയിനപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
by liji HP News | Jun 3, 2023 | Latest News, കേരളം, ജില്ലാ വാർത്ത
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Recent Comments