സൗജന്യ ഇന്റർനെറ്റുമായി കെ ഫോൺ എത്തി, ഉദ്ഘാടനം ഇന്ന്; പുതിയ കണക്ഷൻ എടുക്കേണ്ടത് എങ്ങനെ?

സൗജന്യ ഇന്റർനെറ്റുമായി കെ ഫോൺ എത്തി, ഉദ്ഘാടനം ഇന്ന്; പുതിയ കണക്ഷൻ എടുക്കേണ്ടത് എങ്ങനെ?

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) ഇന്ന് മുതൽ പ്രവൃത്തിപഥത്തിൽ. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ പദ്ധതി നാടിന് സമർപ്പിക്കും. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.

എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോൺ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി നിലവിൽ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങി 30,000ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ വഴി ഇന്റർനെറ്റ് എത്തും. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

1500 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കെഎസ്ഇബി എന്നിവർ ചേർന്നു കെ-ഫോൺ പദ്ധതി യാഥാർഥ്യമാക്കിയത്. ഉദ്ഘാടനത്തിനു ശേഷം കെ-ഫോൺ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. മൂന്നു മാസത്തിനകം വാണിജ്യ കണക്‌ഷനുകളിലേക്കു കടക്കുമെന്നു കെ-ഫോൺ എം ഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ സ്പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. തുടക്കത്തിൽ ടെക്നോപാർക്ക്, സ്റ്റാർട് അപ് മിഷൻ എന്നിവിടങ്ങളിൽ പ്രോജക്ട് നടപ്പിലാക്കാനാണ് തീരുമാനം. പിന്നാലെ ഇത് വീടുകളിലേക്ക് നൽകാനും പദ്ധതിയുണ്ട്.

പുതിയ കണക്ഷൻ എങ്ങനെ?

►പുതുതായി കണക്‌ഷൻ എടുക്കാൻ ആ​ഗ്രഹിക്കുന്നവർ ഫോണിൽ കെ-ഫോൺ ആപ് ഇൻസ്റ്റാൾ ചെയ്യണം.
‌►ആപ്പ് തുറന്ന് ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.
►ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.
►കണക്‌ഷൻ നൽകാൻ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡർമാരെ ഏൽപിക്കും.

വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽ

വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ചു; തട്ടിയെടുത്തത്10 ലക്ഷം രൂപ; യുവതി അറസ്റ്റിൽ

ആലപ്പുഴ: വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) എടിഎം കാർഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്. അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് രമ്യയും ഭർത്താവും. കെഎസ്ഇബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു.

‌വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുൽ റഹ്മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിയ്ക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുൾ റഹ്മാൻ മാത്രമാണ് വീട്ടുലുണ്ടാകുക. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുൾ റഹ്മാൻ കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ച എടിഎം കാർഡ് കൈക്കലാക്കി. പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വെച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം വയോധികൻ അറിഞ്ഞതുമില്ല.

2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എന്നിങ്ങനെ ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. നാലു മാസത്തിനുള്ളിൽ രമ്യ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.
മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നും സ്വർണ നിരക്കിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും സ്വർണ നിരക്കിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാന ആഭരണ വിപണിയിൽ ഇന്നും സ്വർണ നിരക്കിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒരു പവൻ സ്വർണത്തിന്റെ (22 കാരറ്റ്) നിരക്ക് 44,240 രൂപയിൽ തുടരുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,530 രൂപയിലും നിൽക്കുന്നു. കഴിഞ്ഞ 3 ദിവസമായി കേരളത്തിലെ സ്വർണ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയാണ്. ജൂൺ 2-ന് ഒരു പവൻ സ്വർണത്തിന്റെ വില 44,800 രൂപയായിരുന്നു.

അതേസമയം, രണ്ട് മാസക്കാലയളവിലെ താഴ്ന്ന നിലവാരത്തിലാണ്, ഒരു പവൻ സ്വർണത്തിന്റെ നിരക്ക് ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ഏപ്രിൽ 4-ന് സ്വർണ വില 44,240 രൂപയായിരുന്നു. ഏപ്രിൽ 3-ന് രേഖപ്പെടുത്തിയ 43,760 രൂപയാണ്, മാർച്ച് മാസത്തിനു ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വില. അതേസമയം കഴിഞ്ഞ 2 മാസക്കാലയളവിനിടെ സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില മേയ് 5-നായിരുന്നു. അന്ന് 45,760 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറിച്ചത്. അതിൽ നിന്നും 1,520 രൂപ താഴെയാണ് സ്വർണ വില ഇപ്പോഴുള്ളത്. ജൂൺ മാസത്തിൽ ഇതുവരെയായി സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില 44,800 രൂപയാണ്.

ബ്രിജ്ഭൂഷനെതിരെ ഉടന്‍ നടപടി വേണം; ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ബ്രിജ്ഭൂഷനെതിരെ ഉടന്‍ നടപടി വേണം; ഗുസ്തി താരങ്ങള്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍
സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് ബജ്‌റംഗ് പുനിയ പറഞ്ഞു. രാത്രി പതിനൊന്നുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. പുനിയക്കൊപ്പം സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവര്‍ത് കാര്‍ഡിയ എന്നിവരും പങ്കെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ഏഴ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബ്രിജ്ഭൂഷണിനനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും നടപടി ഉടന്‍ ഉണ്ടാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. നിമയം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായി പുനിയ പറഞ്ഞു.

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്ന് പ്രഖ്യാപിച്ചരുന്നു. തുടര്‍ന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.

വാക്ക് തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി

വാക്ക് തർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്തി

അരൂർ: വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി ഒളിവിലാണ്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വൈകിട്ട് മിഥുന്‍റെ അമ്മ തുറവൂർ കവലയ്ക്ക് തെക്കുവശത്തെ ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയിരുന്നു. തൊട്ടടുത്ത് മീൻ വിൽപ്പന നടത്തിക്കൊണ്ടിരുന്ന സനദേവ് ഇതിനെതിരെ അമ്മയോട് അസഭ്യം പറഞ്ഞിരുന്നു.

വിവരം അമ്മ അറിയിച്ചതോടെ മകൻ മിഥുൻ ചോദിക്കാൻ എത്തിയതോടെയാണ് സനദേവ് ക്രൂര കൃത്യം നടത്തിയത്. അമ്മയോട് മോശമായി സംസാരിച്ചതിന് ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ ഇതിന്റെ പേരിൽ സംഘർഷവുമുണ്ടായി. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയുമായിരുന്നു എന്നാണ് വിവരം. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡ്രൈവറാണ് മിഥുൻ. പ്രതി സനദേവിനായി കുത്തിയതോട് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സനദേവ് നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.