by liji HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് പരക്കെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍ മലയോര മേഖലകളിലും മഴ ശക്തമാകും. ഉച്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടനുഭവപ്പെടും. ചില ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷമാകും കനത്ത മഴയും ശക്തമായ കാറ്റും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by liji HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തീരദേശമേഖലയായ മുതലപ്പൊഴി പെരുമാതുറ മേഖലയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് പെരുമാതുറയിൽ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞു. ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച സ്ത്രീകളുടെ സംഘമാണ് ഇപ്പോൾ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഓഫീസ് വളഞ്ഞിരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് അംഗം അൻസിൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്
സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രദേശവാസികളായ നൂറോളം സ്ത്രീകളടങ്ങുന്ന ഇതേ സംഘം ഇന്ന് രാവിലെയോടെ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചിരുന്നു.
വാട്ടർ അതോറിറ്റി ഓഫീസിനുള്ളിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചുകൊണ്ടുള്ള സമരത്തെ തുടർന്ന് അസ്സിസ്റ്റന്റ് എഞ്ചിനീയർ നിസ്സാർ സമരക്കാരുമായി നടത്തിയ അനുനയ ചർച്ചയിൽ പെരുമാതുറ ഭാഗങ്ങളിൽ അടിയന്തരമായി നാല് ടാങ്കർ കുടിവെള്ളം എത്തിക്കുമെന്നും ഉടൻ തന്നെ ഉദ്യോഗസ്ഥ സംഘം സ്ഥലം പരോശോധിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന്, സമരം അവസാനിപ്പിച്ച സംഘമാണ് ഇപ്പോൾ ചിറയിൻകീഴ് ഗ്രാമ. പഞ്ചായത്ത് ഓഫീസ് വളഞ്ഞിരിക്കുന്നത്. നിലവിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞ് വച്ചുകൊണ്ട് ഉപരോധം ആരംഭിച്ചതായാണ് റിപ്പോർട്ട്‌കൾ.
ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
by liji HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അടൂര്‍: അടൂരില്‍ പാമ്പ് കടിയേറ്റ എട്ടു വയസുകാരനെ ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിന്റെ സഹായത്തോടെ 108 ആംബുലന്‍സില്‍ തിരുവനന്തപുരത്ത് എത്തിച്ച് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുമണ്‍ പ്ലാന്റേഷന്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് തുടര്‍ ചികിത്സ നല്‍കിവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊടുമണ്‍ പ്ലാന്റേഷന്‍ സ്വദേശിയായ എട്ടുവയസുകാരന് അണലിയുടെ കടി ഏല്‍ക്കുന്നത്. ഉടന്‍ വീട്ടുകാര്‍ കുട്ടിയെ അടൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആന്റി വെനം നല്‍കിയ ഡോക്ടര്‍ കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഡോക്ടര്‍ വിളിച്ചതോടെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് രാജേഷ് ബാലന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ശ്രീജിത്ത് എസ് എന്നിവര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാല്‍ എത്രയും പെട്ടെന്ന് എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുക എന്നതായിരുന്നു ദൗത്യം. തുടര്‍ന്ന് ഇക്കാര്യം ആശുപത്രി എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ പൊലീസിന്റെ ഗ്രീന്‍ കോറിഡോര്‍ സംവിധാനം വഴി ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു.
വൈകിട്ട് 3.40ന് കുട്ടിയുമായി ആംബുലന്‍സ് അടൂരില്‍ നിന്ന് തിരിച്ചു. ഏനാത്ത് മുതല്‍ തിരുവനന്തപുരം വരെ ആംബുലന്‍സിന് സുഗമമായി കടന്നു പോകാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചു. 4.30ന് ആംബുലന്‍സ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തുകയും ഉടന്‍ തന്നെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
by liji HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന് [ കെ-ഡിസ്ക് ] സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, പദ്ധതികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന ബഹുമതിയാണ് സ്‌കോച്ച് അവാര്‍ഡ്. ഇ- ഗവേണന്‍സ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.
അഭ്യസ്ഥ വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം നല്‍കി തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തമാക്കുകയാണ് മിഷന്‍ ചെയ്യുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
“അഭ്യസ്ഥവിദ്യരും തൊഴില്‍ രഹിതരുമായവരെ കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലൂടെ കണ്ടെത്തി അവര്‍ ആഗ്രഹിക്കുന്ന മേഖലയില്‍ തൊഴില്‍ ലഭിക്കുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള നൈപുണ്യ പരിശീലനം നല്‍കുക, നൈപുണ്യം ലഭിച്ചവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി ഇന്‍ഡസ്ട്രിയിലെ നൈപുണ്യ വിദഗ്ദ്ധരായ തൊഴിൽ സേനയുടെ വിടവ് നികത്തുക തുടങ്ങിയവയാണ് കെകെഇഎം പദ്ധതിയിലൂടെ നടപ്പാക്കുന്നത് ” – കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കെകെഇഎം തയാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനായി ആശയവിനിമയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ഇത്തരത്തില്‍ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാനുള്ള കെ.ഡിസ്‌കിന് കീഴില്‍ വിഭാവനം ചെയ്ത കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ ദേശിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 27 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
by liji HP News | May 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ദേശീയ പാതയിൽ ആലംകോട് കൊച്ചുവിള ജംഗ്ഷനിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കഴിഞ്ഞ രാത്രി എട്ടരക്കായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കാർ എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാർ നിയന്ത്രണം തെറ്റി പുറകെ വന്ന മറ്റൊരു കാറിൽ ഇടിച്ചു.
ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വന്ന കാറിൽ ഒരാളായിരുന്നു യാത്രികൻ. ആറ്റിങ്ങൽ മുതൽ തന്നെ ഈ വാഹനം നിയന്ത്രണം തെറ്റിയാണ് വന്നതെന്ന് പുറകെ വന്ന യാത്രികർ പറഞ്ഞു. നിരവധി തവണ അപകടം ഉണ്ടാക്കും വിധം റോഡിൽ അഭ്യാസം കാട്ടിയതായും ഇദ്ദേഹം മദ്യപിച്ച് വാഹനം ഓടിച്ചതാകാമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇടിയേറ്റ കാറിൽ ആലംകോട് സ്വദേശി ഷെഫീഖ്. മകൻ ആഹിൽ (10)എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരെ ആദ്യം കടുവപ്പള്ളി ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.
Recent Comments