മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; വരുന്ന അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; വരുന്ന അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയോടെ ഇത് തീരം തൊടും. ബംഗ്ലാദേശിനും മ്യാന്മാറിനും ഇടയിലാണ് ഇത് തീരത്ത് എത്തുക.

ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ആധാര്‍ കാർഡിലെ തിരുത്തലുകൾ കര്‍ശനമാക്കി

ആധാര്‍ കാർഡിലെ തിരുത്തലുകൾ കര്‍ശനമാക്കി

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം. ആധാർ ദുരുപയോഗം തടയാനാണ് നടപടിക്രമങ്ങൾ കർശനമാക്കിയതത്.

കേരളം കണ്ണീരണിഞ്ഞു; ഡോ: വന്ദനയ്ക്ക് വിട ചൊല്ലി

കേരളം കണ്ണീരണിഞ്ഞു; ഡോ: വന്ദനയ്ക്ക് വിട ചൊല്ലി

കോട്ടയം: ഹൃദയം നുറുങ്ങുന്ന വേദനയോടെ രക്ഷിതാക്കളും, ബന്ധുക്കളും, നാട്ടുകാരും ഡോ:വന്ദനയ്ക്ക് വിടചൊല്ലി. വിഷുവിന് വന്ന് പോയ ശേഷം ശനിയാഴ്ച എത്താമെന്ന് പറഞ്ഞിരുന്ന പ്രീയ മകളുടെ ചേതനയറ്റ ശരീരത്തിനരികെ എല്ലാ ദു:ഖങ്ങളും ഉള്ളിലൊതുക്കി നിന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ കൂടി നിന്നവർ പാടുപെട്ടു.

കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ സംസ്ക്കാരത്തിന് മുന്നോടിയായി നടന്ന മതപരമായ ചടങ്ങുകൾക്കു ശേഷം വീട്ടുപറമ്പിൽ ഒരുക്കിയ ചിതയിലേക്ക് ആ കുഞ്ഞ് മലാഖയുടെ ഭൗതികദേഹം മാറ്റിയപ്പോൾ കണ്ടു നിന്നവരെല്ലാം അലമുറയിട്ടു. മതാപിതാക്കളായ മോഹൻദാസും വസന്തകുമാരിയും പ്രിയ മകൾക്ക് അന്ത്യചുബനം നൽകിയ രംഗങ്ങൾ ഏറെ വൈകാരികമായിരുന്നു. ചിതയിലേക്ക് മൃതദേഹം മാറ്റിയതിന് ശേഷവും പിതാവ് മോഹൻ ദാസും ഭാര്യ വാസന്തിയും വീണ്ടും പ്രീയ മകൾക്ക് ചുംബനം നൽകിയത് കണ്ടു നിന്നവർക്കും സഹിക്കാവുന്നതിലപ്പുറമായിരുന്നു.

ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം സംസ്ക്കാര ചടങ്ങുകൾ കണ്ടവരും കണ്ണീരണിഞ്ഞു. വന്ദനയുടെ ബന്ധുവായ നിവേദാണ് ചിതയ്ക്ക് തീ കൊളുത്തിയത്. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി വി.എൻ വാസവൻ, മോൻസ് ജോസഫ് എം എൽ എ, മുൻ മന്ത്രി പി കെ ശ്രീമതി തുടങ്ങി ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു

ആശുപത്രി സംരക്ഷണ നിയമം എന്ന് വരുമെന്ന് ഉറപ്പുനല്‍കണം, ആവശ്യം അംഗീകരിക്കുന്നതുവരെ ഡോക്ടര്‍മാരുടെ സമരം തുടരും: ഐഎംഎ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഡോക്ടര്‍മാര്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഐഎംഎ കേരള ഘടകം. ഓര്‍ഡിനന്‍സിലൂടെ ആശുപത്രി സംരക്ഷണ നിയമം ഉടന്‍ തന്നെ നടപ്പാക്കണം എന്നതടക്കം വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചതായും ഐഎംഎ കേരളഘടകം സംസ്ഥാന പ്രസിഡന്റ് സുള്‍ഫി നൂഹു മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആശുപത്രി സംരക്ഷണ നിയമം അടക്കം വിവിധ ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചതായി അറിഞ്ഞു. ഇതില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും സുള്‍ഫി നൂഹു പറഞ്ഞു.

ആശുപത്രികളെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ സോണുകളായി പ്രഖ്യാപിക്കുക, ക്യാമറ അടക്കം സുരക്ഷാ സംവിധാനം ഒരുക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കുക, വന്ദനയുടെ മരണത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുക, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ച മറ്റു ആവശ്യങ്ങളെന്നും സുള്‍ഫി നൂഹു വ്യക്തമാക്കി.

ആധാറിലെ ഫോട്ടോ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

ആധാറിലെ ഫോട്ടോ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

ഡല്‍ഹി: പേര്, ജനനത്തീയതി, ഫോണ്‍ നമ്പര്‍, മേല്‍വിലാസം അടക്കം ആധാറിലെ ചില വിവരങ്ങള്‍ മാറ്റാവുന്നതാണ്. ഡെമോഗ്രാഫിക്, ബയോമെട്രിക് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്.

പേര്, മേല്‍വിലാസം, ജനനത്തീയതി, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, തുടങ്ങിയവ ഡെമോഗ്രാഫിക്കിന് കീഴിലാണ് വരുന്നത്. ഐറിസ്, വിരലടയാളം, മുഖചിത്രം എന്നിവയാണ് ബയോമെട്രിക് ഡേറ്റയ്ക്കുള്ള ഉദാഹരണങ്ങള്‍.

ആധാറിലെ ചിത്രം പഴയതാണ് എന്ന് തോന്നുന്നവര്‍ക്ക് അത് മാറ്റാനും സാധിക്കും. എന്‍ റോള്‍മെന്റ് സെന്ററില്‍ പോയി ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് സംവിധാനമുണ്ട്.

ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:

ആദ്യം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോകുക

ഓണ്‍ലൈന്‍ ആയോ അല്ലാതെയോ അപ്പോയ്‌മെന്റ് എടുത്തുവേണം എന്‍ റോള്‍മെന്റ് സെന്ററില്‍ പോകേണ്ടത്.

ഫോം പൂരിപ്പിച്ച് നല്‍കണം

ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ എക്‌സിക്യൂട്ടീവിനാണ് ഇത് നല്‍കേണ്ടത്.

ബയോമെട്രിക് വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം എക്‌സിക്യൂട്ടീവ് ആണ് ഫോട്ടോ എടുക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഫോട്ടോ മാറ്റുന്നതിന് മറ്റു രേഖകളുടെ ആവശ്യമില്ല.

ഫോട്ടോ മാറ്റുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും നൂറ് രൂപയാണ് ഫീസ്

തുടര്‍ന്ന് അക്ക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പ് ലഭിക്കും

90 ദിവസത്തിനകം ആധാര്‍ കാര്‍ഡിലെ ചിത്രം അപ്‌ഡേറ്റ് ആവും. പുതിയ ഫോട്ടോ സഹിതമുള്ള ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തുടര്‍ന്നുള്ള രണ്ടുമാസത്തിനകം ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്.