ഡോ. വന്ദനയുടെ വീട്ടിലെത്തി പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

ഡോ. വന്ദനയുടെ വീട്ടിലെത്തി പിതാവിനെ ആശ്വസിപ്പിച്ച് മമ്മൂട്ടി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.

കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരയായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്.

ബൈക്ക് ത‌ടഞ്ഞു നിർത്തി മർദ്ദിച്ച് സ്വർണമാല കവർന്നു; പ്രതികൾ അറസ്റ്റിൽ

ബൈക്ക് ത‌ടഞ്ഞു നിർത്തി മർദ്ദിച്ച് സ്വർണമാല കവർന്നു; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ ശരത്ത് (27), പോത്തൻകോട് പാലോട്ടുകോണം സ്വ​ദേശികളായ രഞ്ജിത്ത് (37), സബിജു (30), ബിബിൻ (26), സഹോദരനായ സെബിൻ (24) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.

ഈ കഴിഞ്ഞ നാലാം തീയതി രാത്രി പത്തു മണിയ്ക്കായിരുന്നു സംഭവം. ബാറിൽ നിന്നും മദ്യപിച്ചെത്തിയ പ്രതികൾ പോത്തൻകോട് സ്വദേശികളായ വിപിൻ, വിവേക് എന്നിവരെ തടഞ്ഞു നിർത്തി വാഹനത്തിൻറെ താക്കോൽ ബലമായി പിടിച്ചു വാങ്ങിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയും വിവേകിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് തയ്യാറാക്കിയാണ്‌ പിടികൂടിയത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. പോത്തൻകോട് ബാറിന് മുന്നിൽ നേരത്തെയും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. തുടർ സംഭവങ്ങൾ ഉണ്ടായതോടെ പൊലീസ് എക്സൈസിന്റെയും സഹായം തേടിയിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കടയിൽ വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിയ്ക്കെ പാമ്പു കടിച്ചു; പത്താം ക്ലാസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം കാട്ടാക്കടയിൽ വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിയ്ക്കെ പാമ്പു കടിച്ചു; പത്താം ക്ലാസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടൻ കുട്ടി അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടൻ തന്നെ സുനിലിൻ്റെ ഓട്ടോയിൽ ഇവർ സമീപ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

തുടർന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവി‌ടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. ഈ സമയത്തിനുള്ളിൽ കുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏലിയാകാം കടിച്ചത് എന്നാണ് വീട്ടുകാർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.

ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനിൽ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാർ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറിൽ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനുള്ളിൽ തടി ഉരുപ്പടികൾ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഇനിയും പാമ്പുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്.

ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി സഞ്ജു സാംസണ്‍; ആദ്യ റോയല്‍സ് താരവും മലയാളിയും

ഐപിഎല്ലില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി സഞ്ജു സാംസണ്‍; ആദ്യ റോയല്‍സ് താരവും മലയാളിയും

കൊല്‍ക്കത്ത: ആ നേട്ടത്തില്‍ ഇനി ഒരേയൊരു മലയാളി ക്രിക്കറ്റര്‍! ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 150 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്ന 25-ാം താരമാണ് സഞ്ജു. എന്നാല്‍ ഇതിന് മുമ്പൊരു മലയാളിയും 150 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല. മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സ് ജേഴ്‌സിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് സഞ്ജു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ് സഞ്ജു റെക്കോര്‍ഡുകളിട്ടത്.

ഐപിഎല്ലില്‍ സഞ്ജു കളിച്ച നൂറ്റമ്പത് മത്സരങ്ങളില്‍ 122 ഉം രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ ജേഴ്‌സിയിലായിരുന്നു. അജിങ്ക്യ രഹാനെ(100) മാത്രമേ റോയല്‍സിനായി നൂറ് മത്സരങ്ങള്‍ മുമ്പ് കളിച്ചിട്ടുള്ളൂ. അതേസമയം ഐപിഎല്‍ കരിയറില്‍ നാലായിരം റണ്‍സ് ക്ലബിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ 199 മത്സരങ്ങളില്‍ 29.26 ശരാശരിയിലും 137.07 സ്ട്രൈക്ക് റേറ്റിലും 3834 റണ്‍സാണ് സഞ്ജുവിനുള്ളത്.

ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറിയും 20 അര്‍ധസെഞ്ചുറികളും സഞ്ജുവിന്‍റെ പേരിനൊപ്പം സ്വന്തം. രാജസ്ഥാനായി 3000ത്തിലേറെ റണ്‍സുള്ള ഏക താരമാണ് സഞ്ജു. 117 ഇന്നിംഗ്‌സില്‍ 29.78 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും 17 ഫിഫ്റ്റികളും സഹിതം 3,157 റണ്‍സ് സഞ്ജുവിനുണ്ട്. 249 ഫോറും 150 സിക്‌സും ഉള്‍പ്പടെയാണിത്. 2810 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് റോയല്‍സ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. ഐപിഎല്‍ 2022 സീസണില്‍ നായകനായി രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ചിരുന്നു സഞ്ജു സാംസണ്‍.

ഐപിഎല്‍ 2023 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മുന്നൂറിലേറെ റണ്‍സുള്ള മൂന്ന് ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് മറ്റ് രണ്ട് പേര്‍. 11 മത്സരങ്ങളില്‍ ഇതുവരെ 30.80 ശരാശരിയിലും 154.77 സ്‌ട്രൈക്ക് റേറ്റിലും 308 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്.

കർണാടക ആര് ഭരിക്കും?; വോട്ടെണ്ണൽ നാളെ

കർണാടക ആര് ഭരിക്കും?; വോട്ടെണ്ണൽ നാളെ

ബാംഗ്ലൂർ: കോൺ​ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ആണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു.

വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഏഴെണ്ണം കോൺഗ്രസ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. നാലു ഫലങ്ങൾ കോൺഗ്രസിനും രണ്ടെണ്ണം ബിജെപിക്കും കേവല ഭൂരിപക്ഷം നൽകി. മൂന്നെണ്ണം ത്രിശങ്കു സഭയാണു പ്രവചിക്കുന്നത്. ഇതിൽ മൂന്നിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു പ്രവചനം. ത്രിശങ്കു സഭ വന്നാൽ, ജെഡിഎസ്സിന്റെ നിലപാട് നിർണായകമാകും.

122 മുതൽ 140 സീറ്റുകൾ വരെ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്നാണ് ഇന്ത്യാ ടുഡേ- ആക്‌സിസ് സർവേ ഫലം വ്യക്തമാക്കുന്നത്. ടൈംസ് നൗ- ഇടിജി റിസർച് കോൺഗ്രസിന് 106 മുതൽ 120 സീറ്റുകൾ വരെയാണ് പ്രതീക്ഷിക്കുന്നത്. സുവർണ ന്യൂസ്- ജൻ കീ ബാത്, ന്യൂസ് നേഷൻ- സിജിഎസ് എന്നിവ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിച്ചത്. 224 അംഗ നിയമസഭയിൽ 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.