ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം:  മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം: മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഇന്നു രാവിലെ എകെജി സെൻ്ററിൽ എത്തിയ മന്ത്രി നേതാക്കളുമായി ചർച്ച നടത്തിയ ശേഷം രാജിവയ്ക്കില്ല എന്ന് അറിയിച്ചു എങ്കിലും വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമർശം ഉണ്ടായത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞിരുന്നു

ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല എന്ന് പറഞ്ഞ മന്ത്രി കോടതികളെയും വിമർശിച്ചു. മന്ത്രിയുടെ പരാമർശത്തിനെ രൂക്ഷമായ വിമർശനമാണ് വിവിധ നേതാക്കളിൽ നിന്നും, രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഉണ്ടായത്. ഗവർണർ ഇക്കാര്യത്തിൽ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഡീസലിനു പിന്നാലെ പെട്രോള്‍ കാറുകളും നിര്‍ത്താന്‍ ഒരുങ്ങി മാരുതി

ഡീസലിനു പിന്നാലെ പെട്രോള്‍ കാറുകളും നിര്‍ത്താന്‍ ഒരുങ്ങി മാരുതി

ന്യൂഡല്‍ഹി: ഡീസല്‍ കാറുകള്‍ക്ക് പുറമേ പെട്രോള്‍ കാറുകളും ഉപേക്ഷിക്കാന്‍ ഒരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പത്തുവര്‍ഷത്തിനകം പെട്രോള്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. നിലവില്‍ പുതിയ ഡീസല്‍ കാറുകള്‍ അവതരിപ്പിക്കുന്നത് മാരുതി നിര്‍ത്തിയിരിക്കുകയാണ്.

ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പെട്രോള്‍ കാറുകള്‍ ഒഴിവാക്കാന്‍ മാരുതി സുസുക്കി ആലോചിക്കുന്നത്. പകരം ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക്, ബയോ ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പത്തുവര്‍ഷത്തിനകം ഘട്ടം ഘട്ടമായി പെട്രോള്‍ കാറുകള്‍ ഒഴിവാക്കാനാണ് പദ്ധതിയിടുന്നത്. പത്തുവര്‍ഷത്തിനകം വിപണിയില്‍ ഇറക്കുന്ന വാഹനങ്ങളുടെ നിരയില്‍ നിന്ന് പെട്രോള്‍ വാഹനങ്ങള്‍ നീക്കം ചെയ്യാനാണ് കമ്പനി ആലോചിക്കുന്നത്.

ഇതിന് പുറമേ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എസ് യുവി വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പത്തുവര്‍ഷത്തിനകം കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പെട്രോള്‍ കാറുകള്‍ ഉണ്ടായേക്കില്ലെന്ന് മാര്‍ക്കറ്റിംഗിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അറിയിച്ചു.

പ്രതികാരത്തിന്റെ സുന്ദര മുഖം; പഴുവൂരിന്റെ രാജ്ഞിയായി ഐശ്വര്യാ റായ്

പ്രതികാരത്തിന്റെ സുന്ദര മുഖം; പഴുവൂരിന്റെ രാജ്ഞിയായി ഐശ്വര്യാ റായ്

ഭാഷാ അതിരുകള്‍ക്കപ്പുറത്ത് ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൌതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണി രത്നത്തിന്‍റെ സ്വപ്‍ന പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായാണ് പുറത്തെത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ സ്കെച്ചുകളും ലുക്കുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിക്രത്തിന്‍റെയും കാര്‍ത്തിയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐശ്വര്യ റായ്‍യുടെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്.

ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂരിലെ രാജ്ഞി നന്ദിനിയാണ് ഐശ്വര്യയുടെ കഥാപാത്രം. പ്രതികാരത്തിന് സുന്ദരമായ ഒരു മുഖമുണ്ട് എന്നാണ് ഫസ്റ്റ് ലുക്കിലെ ക്യാപ്ഷന്‍. ജയറാം, വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ്, കാര്‍ത്തി, തൃഷ, ശരത് കുമാര്‍, പാര്‍ഥിപന്‍, ലാല്‍, പ്രഭു, റിയാസ് ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‍മാന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

സഞ്ജു സാംസണ്‍ ഏകദിന ടീമില്‍; വെസ്റ്റ് ഇന്‍ഡീസിന് എതിരെ ശിഖര്‍ ധവാന്‍ നയിക്കും

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാന്‍ ആണ് ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും.

വിന്‍ഡിസിന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും സഞ്ജുവും. ശ്രീലങ്കയ്ക്ക് എതിരായ ഏകദിനത്തിന് ശേഷം ആദ്യമായാണ് സഞ്ജു ഏകദിന ടീമിലേക്ക് വരുന്നത്. കോഹ് ലി, രോഹിത്, ഋഷഭ് പന്ത്, ബുമ്ര എന്നീ പ്രമുഖ താരങ്ങള്‍ വിന്‍ഡിസിന് എതിരായ ഏകദിനം കളിക്കില്ല.

കാനറാ ബാങ്കിന്റെ വായ്പ മേള നാളെ ആറ്റിങ്ങലിൽ

കാനറാ ബാങ്കിന്റെ വായ്പ മേള നാളെ ആറ്റിങ്ങലിൽ

ആറ്റിങ്ങൽ : കാനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി കോമ്പൗണ്ടിൽ നാളെ (07.07.2022) ഭവന, വാഹന, വിദ്യാഭ്യാസ വായ്പ മേള രാവിലെ 10:00 മണി മുതൽ നടത്തുന്നു. ആവശ്യക്കാർക്ക് വിശദമായ വിവരങ്ങൾക്കുവേണ്ടി അന്നേ ദിവസം ബാങ്കിന്റെ സ്റ്റാളിൽ നേരിട്ട് സമീപിക്കാം.