ബംഗാൾ ഉൾകടലിൽ ന്യൂനമർദ സാധ്യത; 5 ദിവസം വരെ ഇടിമിന്നലോടെ മഴ തുടരും

തിരുവനന്തപുരം: ബംഗാൾ ഉൾകടലിൽ ന്യൂനമർദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ ആറോടെ തെക്കൻ ആൻഡമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യതയുണ്ട്.

ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ

∙ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
∙ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്തു തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

∙ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

∙ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

∙കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

∙ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

∙ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക.

∙മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

∙കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

∙ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്നു വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

∙ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

∙പട്ടം പറത്തുന്നത് ഒഴിവാക്കുക.

∙ മിന്നലുള്ള സമയത്ത് വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്.

കാറിടിച്ചത് ചോദ്യംചെയ്തു: നടുറോഡില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദനം; 3 പേര്‍ പിടിയില്‍

കാറിടിച്ചത് ചോദ്യംചെയ്തു: നടുറോഡില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദനം; 3 പേര്‍ പിടിയില്‍

കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുപേര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്ക്. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.

ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മര്‍ദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു.

ജയചന്ദ്രന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അനുരൂപ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം.
എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അപേക്ഷകൾ അയക്കാം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

ഇന്ധന വിലയിൽ വീണ്ടും വർധന; 10 ദിവസത്തിനിടെ കൂടിയത് 9 രൂപ

ഇന്ധന വിലയിൽ വീണ്ടും വർധന; 10 ദിവസത്തിനിടെ കൂടിയത് 9 രൂപ

കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കി പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്. 10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്.
ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില.

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കോവിഡ്(covid) വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന.  എക്സ് ഇ (XE) എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.