ബൈക്ക് മോഷണം പോയതായി പരാതി

ബൈക്ക് മോഷണം പോയതായി പരാതി

ആറ്റിങ്ങല്‍: വീടിന് മുന്നില്‍ നിര്‍ത്തിവച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ആലംകോട് വഞ്ചിയൂര്‍ വാഴോട്ടുകോണം റയ്യാന്‍ വില്ലയില്‍ സമദിന്റെ കെ.എല്‍-16 കെ 9126 നമ്പര്‍ പള്‍സര്‍ ബൈക്കാണ് ഞായറാഴ്ച രാത്രിയില്‍ മോഷണം പോയത്. നഗരൂര്‍ സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് വഞ്ചിയൂര്‍ പാലുവാരം ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും പള്‍സര്‍ബൈക്ക് മോഷണം പോയിരുന്നു.

അഞ്ചുതെങ്ങിൽ വഴിയോര വിശ്രമ കേന്ദ്രത്തിന് തറക്കല്ലിട്ടു

അഞ്ചുതെങ്ങിൽ വഴിയോര വിശ്രമ കേന്ദ്രത്തിന് തറക്കല്ലിട്ടു

അഞ്ചുതെങ്ങ്: വഴിയാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച ടേക്ക് കെ ബ്രേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വഴിയോര വിശ്രമ കേന്ദ്രത്തിന് അഞ്ചുതെങ്ങിൽ തറക്കല്ലിട്ടു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. ഈ വിശ്രമ കേന്ദ്രത്തിൽ ടോയ്ലറ്റ്, ബാത്റൂം വിശ്രമമുറി, കാന്റീൻ എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു പദ്ധതിക്ക് തറക്കല്ലിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിഎം സൈജു രാജ്, സ്റ്റീഫൻ,ബീന, പഞ്ചായത്ത് സെക്രട്ടറി ഓമന ദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോൺബോസ്കോ, സരിത, സോഫിയ മിനി ജൂഡ് എന്നിവർ പങ്കെടുത്തു.

‘പഠ്ന ലിഖ്ന അഭിയാൻ’ ആറ്റിങ്ങൽ നഗരസഭാതല സംഘാടക സമിതി യോഗം ചേർന്നു

‘പഠ്ന ലിഖ്ന അഭിയാൻ’ ആറ്റിങ്ങൽ നഗരസഭാതല സംഘാടക സമിതി യോഗം ചേർന്നു

ആറ്റിങ്ങൽ നഗരസഭ ‘പഠ്ന ലിഖ്ന അഭിയാൻ’ മുനിസിപ്പൽ തല സംഘാടക സമിതി യോഗം നഗരസഭാ കൗൺസിൽ ഹാളിൽ വച്ച് 3 മണിക്ക് നടന്നു. വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു.

മുനിസിപ്പൽ സംഘാടക സമിതിയുടെ ഘടന നഗരസഭ സെക്രട്ടറി അവതരിപ്പിച്ചു. നോഡൽപ്രേരക് മിനിരേഖ പദ്ധതി വിശദീകരണം നൽകി. വാർഡ്തല സമിതികൾ പത്താം തീയതിക്കകത്ത് കൂടാനും സർവ്വേ ടീമിനെ കണ്ടെത്താനും വോളന്ററി അദ്ധ്യാപകരെ തെരഞ്ഞെടുക്കാനും നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു.

സൈനു ബഷീർ (69) നിര്യാതയായി

സൈനു ബഷീർ (69) നിര്യാതയായി

ചിറയിൻകീഴ്: ചിറയിൻകീഴ് കാട്ടുമുറാക്കൽ റൂബി നിവാസിൽ സൈനു ബഷീർ (69) നിര്യാതയായി. ഭർത്താവ് : മുഹമ്മദ് ബഷീർ. മക്കൾ : മുഹമ്മദ് റിയാസ് (യുഎഇ), മുഹമ്മദ് റയീസ് (ജില്ലാ ജഡ്ജ്, തലശ്ശേരി), റുബീന. മരുമക്കൾ: ജീമ, മുഹ്സിന, മാളിക മുഹമ്മദ്.

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധിദിനങ്ങള്‍

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധിദിനങ്ങള്‍

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും.

വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ടര മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.

വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്‍ഘ്യമേറിയ വാരാന്ത്യം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍-ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ അറിയിച്ചു.