വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

തിരുവനന്തപുരം: ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്.

പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.buymysun.com എന്ന പോർട്ടൽവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽവഴിയാണു നടക്കുന്നത്. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണു സബ്സിഡി അനുവദിക്കുന്നത്. മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40ഉം തുടർന്ന് 20 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും.

ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ(ഒരു വീടിന് 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലിൽനിന്ന് പ്രതിമാസ ഉപയോഗം മനസിലാക്കി വീടുകളിൽ സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലു മുതൽ ഏഴു വരെ വർഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം തിരികെ ലഭിക്കും.

പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്കു കടത്തിവിടാൻ കഴിയും. ഓരോ വർഷവും ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള ഒരു വർഷം ഇങ്ങനെ അധികം ഗ്രിഡിലേക്കു നൽകിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെ.എസ്.ഇ.ബി. നൽകും. പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനും അനെർട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിക്കുന്നുണ്ട്.

ഒമിക്രോൺ: എയർപോർട്ട് മുതൽ ജാഗ്രത

ഒമിക്രോൺ: എയർപോർട്ട് മുതൽ ജാഗ്രത

ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ യാത്രക്കാരെ സുരക്ഷിതമായി വരവേൽക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്കും റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്.

അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തിൽ കയറുന്നത് മുതൽ എയർപോർട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ടുകളിൽ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കും ആരോഗ്യ നില വിലയിരുത്തുന്നതിനും കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയർപോർട്ടുകളിൽ 5 മുതൽ 10 വരെ കിയോസ്‌കുകൾ ഒരുക്കും.

പി.പി.ഇ. കിറ്റ് ധരിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആരോഗ്യ പ്രവർത്തകർ സേവനം നൽകുക. ഗർഭിണികൾ, പ്രസവം കഴിഞ്ഞ അമ്മമാരും കുഞ്ഞുങ്ങളും, 10 വയസിന് താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് ഗുരുതര രോഗമുള്ളവർ, വയോജനങ്ങൾ, ഇവരുമായി വരുന്ന കുടുംബാംഗങ്ങൾ എന്നിവർക്ക് പരിശോധനയ്ക്ക് മുൻഗണന നൽകുന്നതാണ്. തിരുവനന്തപുരം എയർപോർട്ടിലെ സജ്ജീകരണങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തി.

പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലൻസിൻ പ്രത്യേക വാർഡുകളിൽ എത്തിക്കുന്നതാണ്. ഇതിനായി 108 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. നെഗറ്റീവായവർക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ ക്വാറന്റൈനിലേക്ക് പോകാവുന്നതാണ്. ആ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. യാത്രക്കാർ പുറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മിൽ നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്ലാസ്റ്റിക്കോ മറ്റോ ഉപയോഗിച്ച് പാർട്ടീഷൻ ചെയ്യണം. ഡ്രൈവർ മാസ്‌കും ഫേസ് ഷീൽഡും ശരിയായ വിധം ധരിക്കണം. ഒരു കാരണവശാലും വാഹനം വഴിയിൽ നിർത്തി കടകളിലോ മറ്റോ കയറരുത്. യാത്രക്കാരെ എത്തിച്ച ശേഷം വാഹനം സാനിറ്റൈസ് ചെയ്യണം.

ക്വാറന്റീനിലുള്ളവർ വീട്ടിൽ പ്രത്യേകമായി ടോയിലറ്റ് സൗകര്യമുള്ള മുറിയിൽ തന്നെ കഴിയണം. വായൂ സഞ്ചാരം കടക്കുന്ന മുറിയായിരിക്കണം. ക്വാറന്റീനിലുള്ള കാലയളവിൽ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകരുത്. ഏഴ് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പരിശോധന നടത്തേണ്ടതാണ്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുമ്പോൾ പോസിറ്റീവായാൽ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കുന്നതാണ്.

നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴ് ദിവസം സ്വയം നിരീക്ഷിക്കണം. സ്വയം നിരീക്ഷണ സമയത്ത് ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലോ ചടങ്ങുകളിലോ പോകരുത്. വീട്ടിലും പുറത്തും ശരിയായ വിധം മാസ്‌ക് ധരിക്കണം. എല്ലാവരും ജാഗ്രത പാലിച്ചാൽ ഒമിക്രോണെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കി കെഎസ്ഇബി

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കി കെഎസ്ഇബി

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെഎസ്ഇബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നല്‍കണം.

അപേക്ഷയോടൊപ്പം പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ് , സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിൻ്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. 200/- രൂപ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും.

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.

പ്രബോധിനി യു.പി.സ്കൂളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

പ്രബോധിനി യു.പി.സ്കൂളിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി

വക്കം: വക്കം ക്ലബിന്റെ നേതൃത്വത്തിൽ പ്രബോധിനി യു.പി.സ്കൂളിലേക്ക് രണ്ട് പെഡസ്ട്രൽ സാനിടൈസിങ് മെഷിനുകളും സാനിറ്ററൈസുകളും സംഭാവന നൽകി. വക്കം ക്ലബ് പ്രസിഡന്റ്‌ അശോക്‌ കുമാർ, സെക്രെട്ടറി സുരേഷ്, ശിവകുമാർ, ദിലീപ്, അനിൽകുമാർ, എച്‌. എം, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക: കെഎസ്ടിഎ

മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക: കെഎസ്ടിഎ

ആറ്റിങ്ങൽ: കേരളത്തിൽ നിലനിൽക്കുന്ന മതേതര ജനാധിപത്യ വിദ്യാഭ്യാസത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് കെ.എസ്.ടി.എ പ്രഖ്യാപിച്ചു. ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആലംകോട് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ആറ്റിങ്ങലിന്റെ മുൻ എം.എൽ.എ അഡ്വ ബി സത്യൻ ഉദ്ഘാടനം ചെയ്തു.

വിഷയം അവതരിപ്പിച്ചു കൊണ്ട് കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് പി.വി രാജേഷ് സംസാരിച്ചു. വാർഡ് കൗൺസിലർ നജാം, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സതീഷ്കുമാർ, ജില്ലാ എക്സിക്യൂട്ടീവ് ഹരിലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സജി, എ.പി ശ്രീകല എന്നിവർ സംസാരിച്ചു. സബ്ജില്ലാ പ്രസിഡന്റ് എച്ച് അരുൺ അധ്യക്ഷത വഹിച്ച. സബ്ജില്ലാ സെക്രട്ടറി വി സുഭാഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ബാബു നന്ദിയും പറഞ്ഞു.