ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.

ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്മസ് അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’

തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് ‘ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍’ ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു.എന്നിന്റെ ‘ഓറഞ്ച് ദ വേള്‍ഡ്’ തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ 10 വരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

പരിഷ്‌കൃതരും വിദ്യാസമ്പന്നരെന്നും അഭിമാനിക്കുന്ന കേരള സമൂഹത്തിലും സ്ത്രീകള്‍ വിവിധതരം അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. പരിഷ്‌കൃത സമൂഹത്തിന് ഇത് അപമാനകരമാണ്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് ഒരു പ്രധാന കാരണം സ്ത്രീധനമെന്ന അനാചാരമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തുടച്ചുമാറ്റേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയും ധര്‍മ്മവുമാണെന്നും മന്ത്രി വ്യക്തമാക്കി.

കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്‍മാര്‍, റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ യൂണിയന്‍ നേതാക്കള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് എല്ലാ ജില്ലകളിലും വിവിധ പരിപാടികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്ത്രീധന നിരോധനം, ഗാര്‍ഹിക പീഡന നിരോധനം, ശൈശവ വിവാഹം തടയല്‍, പൊതുയിടം എന്റേതും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹാഷ് ടാഗ് കാമ്പയിന്‍ നടത്തും. അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, എംഎസ്‌കെ, ഡി.ഡബ്ല്യു.സി.ഡി.ഒ., ഡബ്ല്യു.പി.ഒ., പി.ഒ., ഡി.സി.പി.ഒ. എന്നിവര്‍ മുഖേന പൊതുജനങ്ങള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹാഷ് ടാഗ് കാമ്പയിന്‍ നടത്തുന്നത്.
സൈക്കിള്‍ റാലി, ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണം, ഡെല്‍സയുമായി സഹകരിച്ച് അഭിഭാഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള എഫ്എം റേഡിയോ കാമ്പയിന്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ചുവര്‍ ചിത്ര മത്സരം എന്നിവയും നടത്തും. ബ്ലോക്ക് തലത്തില്‍ സിഡിപിഒമാരുടെ നേതൃത്വത്തില്‍ എല്ലാ സൂപ്പര്‍വൈസര്‍മാരും അതത് പഞ്ചായത്ത് തലത്തില്‍, അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പോഷ് ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പുന:സംഘടിപ്പിച്ച ജില്ലാതല മോണിറ്ററിംഗ് സമിതികള്‍ യോഗം ചേരും.

മാര്‍ച്ച് 8 വരെ പൊതുയിടം എന്റേതും എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധയിടങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലും പഞ്ചായത്ത് തലത്തില്‍ സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തിലും സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സഹകരിച്ചാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്.

ഭരണഘടനാ ദിനാചരണം നാളെ

ദക്ഷിണ നാവിക സേന മേധാവി കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു

ദക്ഷിണ നാവിക സേന മേധാവി കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു

കഴക്കൂട്ടം: ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. NWWA (SR) പ്രസിഡന്റായ ഭാര്യ സ്വപ്ന ചൗളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവരെയും പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് കഴക്കൂട്ടം സൈനിക സ്‌കൂൾ കൂട്ടായ്മയുടെ പേരിൽ ഉചിതമായ സ്വീകരണം നൽകി ആദരിച്ചു.

1960 കളിൽ തന്റെ പിതാവിന് സൈനിക് സ്‌കൂളിൽ ഹെഡ്മാസ്റ്ററായി നിയമനം ലഭിച്ചപ്പോളാണ് കഴക്കൂട്ടം സൈനിക സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയായ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗള ആദ്യമായി കേരളത്തിലെത്തിയത്. സൈനിക സ്കൂളിലെ 1977 ബാച്ചിലെ 855 നമ്പർ കേഡറ്റായിരുന്നു. 1978 ജനുവരിയിൽ അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരുകയും പിന്നീട് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യുകയും ചെയ്തു. അഞ്ച് യുദ്ധക്കപ്പലുകൾ കമാൻഡ് ചെയ്ത അദ്ദേഹത്തിന്റെ അനുഭവപരിചയം വളരെ വിപുലമാണ്.

ഒരു പൂർവ വിദ്യാർത്ഥിയായതിനാൽ കേഡറ്റായി ചെലവഴിച്ച നാളുകൾ അനുസ്മരിച്ച അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഒപ്പം തന്റെ അന്നത്തെ അധ്യാപകരെ സ്നേഹത്തോടെ സ്മരിക്കുകയും ചെയ്തു. തന്റെ ജീവിതത്തെ ഈ നിലയിൽ മാറ്റിയെടുത്തതിൽ സൈനിക സ്കൂളിനുള്ള പങ്ക് കേഡറ്റുകളോട് പങ്കുവച്ച അദ്ദേഹം അവരുടെ ഉദ്യമങ്ങളിൽ നേരും ആത്മാർത്ഥതയും പുലർത്താനും അവരുടെ ജീവിതത്തിൽ വിജയിക്കാൻ കൂടുതൽ കഠിനാധ്വാനം ചെയ്യാനും ആഹ്വാനം ചെയ്തു.

വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പള്ളിക്കൽ: വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ, മടവൂർ , ചാങ്ങോട്ടുകോണം, ചരുവിള വീട്ടിൽ സുനിൽ (34)നെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം പത്തൊൻപതാം തീയതി വെളുപ്പിന് ഒരു മണിക്കായിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ:
സ്ഥിരം മദ്യപാനിയായിരുന്ന സുനിൽ പലതവന്ന ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുകയും അർദ്ധരാത്രികളിൽ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്യുമായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ സുനിലിനെ ഭയന്നാണ് ഭാര്യയും കുട്ടികളും വീട്ടിൽ കഴിഞ്ഞിരുന്നത്. സംഭവ ദിവസം രാത്രി മദ്യപിച്ച് ലക്ക് കെട്ട് എത്തിയ പ്രതി ഭാര്യയെയും കുട്ടികളെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ ഇറങ്ങിപ്പോകാൻ തയ്യാറാവാത്തതിൽ പ്രകോപിതനായ സുനിൽ കുട്ടികളുടെ ബുക്കുകളും തുണികളും തീയിട്ട ശേഷം ഷെഡ് കൊണ്ട് മറച്ച വീടിന് തീവെയ്ക്കുകയായിരുന്നു.

വീടിന് തീ പടരുന്നത് കണ്ട ഭാര്യയും കുട്ടികളും ഓടി രക്ഷപ്പെട്ടു. തീ പിടുത്തത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു. സംഭവ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിന് കേസെടുത്ത പള്ളിക്കൽ പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കുകയും , ഇന്നലെ പുലർച്ചെ മടവൂരിൽ നിന്ന് ബസ് കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കസ്റ്റടിയിൽ എടുക്കുകയും ചെയ്തു. പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ .എം എ.എസ്.ഐ അനിൽകുമാർ എസ്.സി.പി.ഒ ജോസഫ് എബ്രഹാം സി.പി.ഒ ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിൽ എടുത്തത് . അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.