by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് തുറന്നു. ഉച്ചയോടെ രണ്ടു ഷട്ടറുകളാണ് ഉയര്ത്തിയത്. 25 കുമക്സ് മുതല് പരമാവധി 100 കുമക്സ് വരെ വെള്ളമാണ് തുറന്നുവിടുന്നത്. ജനവാസ മേഖലകളില് പരമാവധി 10 സെന്റിമീറ്ററില് കൂടുതല് ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിയോടെ പമ്പാ ത്രിവേണിയില് എത്തും. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണം. ശബരിമല തീര്ഥാടകര് ഉള്പ്പെടെയുള്ളവര് നദികളില് ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
താഴ്ന്ന പ്രദേശങ്ങളില് താമസിക്കുന്നവര് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില് അധികൃതര് ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും പത്തനംതിട്ട ജില്ലാ കലക്ടര് ഡോ ദിവ്യ എസ് അയ്യര് അറിയിച്ചു.

by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില് പെയ്ത അതിശക്തമായ മഴയില് ജില്ലയില് 32.81 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക വിവരം. വിവിധ കൃഷി മേഖലകളിലായി 9177 കര്ഷകരെയാണ് നഷ്ടം ബാധിച്ചത്. 1011.72 ഹെക്ടര് സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. നവംബര് 10 മുതലുള്ള കണക്കാണിതെന്ന് പ്രിന്സിപ്പല് അഗ്രിക്കള്ച്ചര് ഓഫീസര് കെ.എം രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി എന്നീ വിളകളെ മഴ സാരമായി ബാധിച്ചു. 575.74 ഹെക്ടര് വാഴ, 69.36 ഹെക്ടര് നെല്ല്, 179.99 ഹെക്ടര് പച്ചക്കറി കൃഷി എന്നിവയാണ് കനത്ത മഴയില് നശിച്ചത്. 160.64 ഹെക്ടര് സ്ഥലത്തെ മരച്ചീനി കൃഷിയും 8.20 ഹെക്ടറിലെ മറ്റ് കിഴങ്ങ് വര്ഗവിളകളും മഴയില് നശിച്ചു. 5.80 ഹെക്ടര് റബ്ബര്, 4.62 ഹെക്ടര് ഇഞ്ചികൃഷി, 2.80 ഹെക്ടര് വെറ്റില, 2.08 ഹെക്ടര് നാളികേരം, 1.52 ഹെക്ടര് കുരുമുളക് എന്നിങ്ങനെയാണ് മറ്റു വിളകളുടെ നാശനഷ്ടക്കണക്ക്.

by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
യുവജനക്ഷേമ-കായിക മേഖലകളില് മികച്ച പ്രവര്ത്തനങ്ങള് നടത്തുന്ന യൂത്ത് ക്ലബുകള്ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്ഡിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളില് 2020 ഏപ്രില് ഒന്ന് മുതല് 2021 മാര്ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്ത്തനങ്ങള് വിലയിരുത്തിയാണ് ജില്ലാ കളക്ടര് ചെയര്മാനായ സമിതി അവാര്ഡ് നല്കുക.

25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്ഡ്. സംസ്ഥാന തലത്തില് 75000 രൂപയും ദേശീയ തലത്തില് മൂന്ന് ലക്ഷം, ഒരു ലക്ഷം, 50000 എന്ന ക്രമത്തില് മൂന്ന് അവാര്ഡുകളുമാണുള്ളത്. കഴിഞ്ഞ രണ്ട് വര്ഷങ്ങളില് അവാര്ഡ് ലഭിച്ചവര് അപേക്ഷിക്കേണ്ടതില്ല.
പ്രത്യേക മാതൃകയിലുള്ള അപേക്ഷയില് ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്, ചാര്ട്ടേര്ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കഴിഞ്ഞ വര്ഷത്തെ വരവ് ചെലവ് കണക്കുകള് സഹിതം ഡിസംബര് എഴിന് മുമ്പായി അപേക്ഷിക്കണമെന്ന് ജില്ലാ യൂത്ത് ഓഫീസര് അറിയിച്ചു. വിലാസം-ജില്ലാ യൂത്ത് ഓഫീസര്, നെഹ്റു യുവ കേന്ദ്ര, താരാപഥം ലെയിന്, കുന്നുകുഴി, വഞ്ചിയൂര് പി ഒ, തിരുവനന്തപുരം – 695035. ഫോണ്: 0471-2301206, 9526855487.

by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുനേരെയുള്ള മെഡിക്കല് കോളേജ് സെക്യൂരിറ്റി ജീവനക്കാരുടെ അക്രമത്തില് വ്യാപക പ്രതിഷേധം. കോണ്ഗ്രസ് മെഡിക്കല് കോളേജ് മണ്ഡലം കമ്മറ്റിയുടെയും യൂത്ത് കോണ്ഗ്രസ് കഴക്കൂട്ടം അസംബ്ലി കമ്മറ്റിയുടെയും ആഭിമുഖ്യത്തില് മെഡിക്കല് കോളേജ് പ്രിന്സിപ്പള് ഓഫീസിലേയ്ക്ക് പ്രതിഷേധ മാര്ച്ചും ധര്ണ്ണയും നടത്തി. മെഡിക്കല് കോളേജ് ആശുപത്രിയിലെ സ്വകാര്യ ഏജന്സിയുടെ കീഴിലുള്ള സെക്യൂരിറ്റി ജീവനക്കാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുന്നതിനും, സ്വകാര്യ ഏജന്സിയുടെ കരാര് റദ്ദ് ചെയ്ത് കൊണ്ട് സെക്യുരിറ്റിയുടെ ചുമതല വിരമിച്ച സൈനികരെ ഏല്പ്പിക്കു എന്നീ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു സമരം.

കെപിസിസി മുൻ സെക്രട്ടറി കെഎസ് ഗോപകുമാർ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. മുൺ കൗൺസിലർ ജി എസ് ശ്രീകുമാർ, നജീവ്, ബഷീർ, ജോൺസൻ, ജോസഫ്, ആക്കുളം സുരേഷ് യൂത്ത് കോൺഗ്രസ് നേതാക്കളായ അജിത്ത് ചെമ്പഴന്തി അനീഷ് സൈജു എന്നിവർ സംസാരിച്ചു.
by liji HP News | Nov 20, 2021 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.
അതേസമയം കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജന്സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കൂട്ടിരുപ്പുകാരന്റെ പരാതിയിന്മേല് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന് ആരോഗ്യ വകുപ്പ് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്ക്ക് നിര്ദേശം നല്കി.
Recent Comments