by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. അമ്പലമുക്ക് പറങ്കിമാംവിളവീട്ടിൽ സുജാഹുദീൻ (49)ആണ് ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ക്ഷീര കർഷകനും കൂലിപ്പണിക്കാരനുമായ സുജാഹുദീനു രണ്ടുദിവസം മുമ്പാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. തുടർന്ന് വലിയകുന്ന് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പനി കടുത്തപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
ഞായറാഴ്ച ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സുനീസയാണ് ഭാര്യ. സുൽഫിക്കർ, സുഹൈൽ, ജാസിം, ഫാത്തിമ എന്നിവർ മക്കളാണ്.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. പുലയനാർ കോട്ട സ്വദേശി ചന്തു (45), പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരാണ് തുമ്പ പോലീസിന്റെ പിടിയിലായത്.
അക്രമ ശേഷം കഠിനംകുളത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിവിലായിരുന്നു ഇവർ.
ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കഴക്കൂട്ടം നെഹ്റു ജംഗ്ഷനിൽ ഷിജുവിന്റെ വീട്ടിനു നേരെയാണ് അക്രമം നടത്തിയത്. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗമാണ് ഷിജു.

പുലയനാർകോട്ട സ്വദേശിയായ ചന്തുവിനെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിൻ്റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ട് വീടിൻ്റെ മുറ്റത്തു നിന്ന ഷിജു ഓടി വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു.
ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിൻ്റെ ജനാലകൾ വെട്ടി പൊളിച്ചു. വീട്ടിലേയ്ക്ക് നാടൻ ബോംബും എറിഞ്ഞു. ഇത് പൊട്ടിത്തെറിച്ചു വീടിന്റെ ജനാലയും ടിവിയും തകർന്നു. വീട്ടിനു പുറത്തെ ബഹളം കേട്ട് ഷിജുവിൻ്റെ ഭാര്യ ശാലിനി കുഞ്ഞിനെയും എടുത്ത് അടുക്കളഭാഗത്ത് ഓടിയതിനാൽ കുഞ്ഞിന് പരിക്കേറ്റില്ല.
ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. പോലീസിന്റെ വ്യാപകമായ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ജില്ലാ കളക്ടര് ഡോ. നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില് കളക്ടറേറ്റിൽ അവലോകന യോഗം ചേര്ന്നു. ജില്ലയിലെ കോവിഡ് സ്ഥിതിഗതി, ശരാശരി കേസുകളുടെ എണ്ണം,പ്രതിദിന കോവിഡ് കേസുകൾ,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവയെ സംബന്ധിച്ച് യോഗം വിലയിരുത്തി. സ്കൂളുകളുടെ പ്രവര്ത്തനം പുനരാരംഭിച്ച സാഹചര്യത്തില് പുതുതായി രൂപപ്പെടുന്ന ക്ലസ്റ്ററുകളെക്കുറിച്ചും യോഗത്തിൽ ചര്ച്ച ചെയ്തു.
സ്കൂളുകൾ,വൃദ്ധസദനങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ, ജയില്, റസിഡന്ഷ്യല് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനും പൂര്ണമായി പരിശോധന നടത്തി സമ്പർക്ക പട്ടിക കണ്ടെത്താനും ക്വാറന്റൈന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
ജില്ലയിലെ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. വാര്ഡ് തലത്തില് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിനേഷന് പ്രവര്ത്തനങ്ങള് ദ്രുതഗതിയില് പൂര്ത്തീകരിക്കാനും സമ്പൂര്ണ വാക്സിനേഷന് കൈവരിക്കാനും യോഗം തീരുമാനിച്ചു.

മാസ്ക്, സാനിറ്റൈസര്, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള് കര്ശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. പൊതു ജനങ്ങൾ ഇക്കാര്യങ്ങൾ അനുസരിക്കണമെന്നും കളക്ടര് പറഞ്ഞു.കോവിഡ് മരണ സര്ട്ടിഫിക്കറ്റുകള് അതിവേഗം ലഭ്യമാക്കാനാവശ്യമായ നടപടികള് സ്വീകരിക്കാനും ഉദ്യേഗസ്ഥര്ക്ക് കളക്ടർ നിര്ദേശം നല്കി.
പുതുതായി ചുമതലയേറ്റ ജില്ലാ മെഡിക്കല് ഓഫീസർ ഡോ.ജോസ് ഡിക്രൂസിന്റെ സാന്നിദ്ധ്യത്തില് ചേര്ന്ന ആദ്യ അവലോകന യോഗമായിരുന്നു ഇത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്-ഇൻ ചാർജ് പ്രിയ ഐ. നായര്, മുന് ഡി.എം.ഒ ഡോ.ഷിനു കെ.എസ്, ഡി.പി.എം ഡോ.ആശാ വിജയന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവരും യോഗത്തില് പങ്കെടുത്തു.
by liji HP News | Nov 22, 2021 | Latest News, ജില്ലാ വാർത്ത
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. 300 രൂപ വിലയുള്ള ബംമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന അനേകം പേർക്ക് വരുമാന മാർഗ്ഗം നൽകുന്ന ഒരു വലിയ പ്രസ്ഥാനമാണ് സംസ്ഥാന ഭാഗ്യക്കുറി. വിവിധ മേഖലകളിൽ ഭാഗ്യക്കുറി വകുപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ഓണം ബംമ്പറിന് മികച്ച സ്വീകര്യതയാണ് ജനങ്ങൾ നൽകിയത്. ഇത്തവണ ക്രസ്തുമസ് ന്യൂ ഇയർ ബംമ്പറിനും മുൻ വർഷത്തെപോലെ തന്നെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ക്രിസ്തുമസിന് മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചത്. വിൽപ്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ മായ എൻ. പിള്ള കൃതജ്ഞതയും പറഞ്ഞു.
by liji HP News | Nov 21, 2021 | Latest News, ജില്ലാ വാർത്ത
മേലാറ്റിങ്ങൽ പുത്തൻ വിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ അമ്മുക്കുട്ടി അമ്മ (90) അന്തരിച്ചു. മക്കൾ: മുരളീധര കുറുപ്പ്, രാജേന്ദ്ര കുറുപ്പ്, വിശ്വനാഥ കുറുപ്പ്, പരേതനായ ഭൂവനചന്ദ്രകുറുപ്പ്, സന്തകുമാരി അമ്മ, ലളിതകുമാരി അമ്മ, സുരേന്ദ്രകുറുപ്പ്, ഉഷാകുമാരി
മരുമക്കൾ: രമണി, ഉഷാകുമാരി, പദ്മകുമാരി, വിജയകുമാരി, സുകുമാരൻ നായർ, രാജേന്ദ്രൻ നായർ, പ്രേമകുമാരി, രാജേന്ദ്രൻ നായർ.
Recent Comments