എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാന്‍ അവസരം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ 30-11-2021 വരെ അവസരം.

ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യമേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

🔲 ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
🔲 ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 30-11-2021 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും.
🔲 ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ആ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഇല്ല.

ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാൻ
https://eemployment.kerala.gov.in/

ആറ്റിങ്ങലിൽ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ച വിദ്യാലയം ശുചീകരിച്ച് അധികൃതർക്ക് കൈമാറി

ആറ്റിങ്ങലിൽ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ച വിദ്യാലയം ശുചീകരിച്ച് അധികൃതർക്ക് കൈമാറി

ആറ്റിങ്ങൽ: നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ നഗരസഭ ആരോഗ്യ വിഭാഗം ശുചീകരിച്ച ശേഷം സ്കൂൾ മാനേജ്‌മെന്റിന് തിരികെ കൈമാറി. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ഇവിടം പ്രാദേശിക ക്വാറന്റൈൻ സെന്റെറായി പ്രവർത്തിച്ചിരുന്നു. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ അതീവ ജാഗ്രതപുലർത്തണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സ്കൂളിനെ സി.എഫ്.എൽ.റ്റി.സി സെന്റെറാക്കി വീണ്ടും മാറ്റിയത്. പട്ടണത്തിന് അകത്തും പറത്തുമുള്ള നിരവധി പേരെ ചികിൽസിച്ച് ഭേദമാക്കാൻ ഈ കേന്ദ്രത്തിന് സാധിച്ചു.

നവംബർ 15 ന് സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളും വരാന്തയും പരിസരവും വൃത്തിയാക്കുകയും കൃത്യമായ രീതിയിൽ അണുനശീകരണം നടത്തുകയും ചെയ്തത്. വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്ന ഇത്തരം കേന്ദ്രങ്ങൾ പ്രളയം, കൊവിഡ് പോലുള്ള പ്രതിസന്ധി ഘട്ടത്തിൽ നാടിന് വളരെ പ്രയോജനകരമാവുന്നു. നഗരസഭ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച സ്കൂൾ മാനേജ്‌മെന്റ് മറ്റുള്ളവർക്ക് മാതൃക സൃഷ്ടിച്ചുവെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിട പറഞ്ഞു

അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിട പറഞ്ഞു

കൊച്ചി: കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തൃശ്ശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന്‍ കെ.എ. മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.

അപകടത്തില്‍, കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളി ഡേ ഇന്‍ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. മുന്നില്‍പ്പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടമായി പ്രധാന റോഡിനേയും സര്‍വീസ് റോഡിനേയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു.

കാറിന് പിന്നില്‍ വലതുവശത്തിരുന്ന ആഷിഖിന് മുന്നോട്ട് തെറിച്ച് ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.

ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ പാര്‍ട്ടി കഴിഞ്ഞ് തൃശ്ശൂരിലെ അന്‍ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാരിവട്ടം പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കാര്‍ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു.

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി. relief.kerala.gov.in എന്നാണ് വെബ്സൈറ്റ് വിലാസം.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ICMR നൽകിയത്), Death Declaration Document (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ ആയതിന്റെ പകർപ്പ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും അവസരം

വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും അവസരം

വോട്ടർപട്ടികയിൽ പേര് ചേർക്കുവാനും തിരുത്തലുകൾ നടത്തുവാനും നവംബർ 1 മുതൽ 30 വരെ അവസരം. 2022 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.

www.voterportal.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് Voter Helpline Mobile App ഡൗൺലോഡ് ചെയ്തും ഈ അവസരം പ്രയോജനപ്പെടുത്തുക.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പേര് ഇല്ലാത്തവർ നിർബന്ധമായും ഈ അവസരത്തിൽ അവരുടെ പേരുകൾ ഉണ്ടോ എന്ന് നോക്കുകയും ഇല്ലാത്ത പക്ഷം പുതിയതായി പേരുകൾ ചേർക്കുകയും വേണം…

മൊബൈൽ ആപ്പ് വഴി ചെയ്യുന്നതിന്:

1.തിരിച്ചറിയൽ രേഖയുടെ ഫോട്ടോ (max.2mb)
2.സ്വന്തം പാസ്സ്പോർട്ട് സൈസ് ഫോട്ടോ (20kb )
3.അഡ്രസ് തെളിയിക്കാൻ ഉള്ള രേഖ
4.കുടുംബത്തിലെ ഒരു അംഗത്തിന്റെ വോട്ടർ ഐഡി കാർഡ് നമ്പർ ,പേര് എന്നിവ
5.ഒരു മൊബൈൽ നമ്പർ

എന്നിവ കരുതിയതിന് ശേഷം നടപടി പൂർത്തിയാക്കുക.