വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു.

ഇന്ന് രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നും വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സും പൊലീസും ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇവിടെ സമാനമായ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ദേശീയപാത അതോറിറ്റി സംരക്ഷണ ഭിത്തി കെട്ടിയത്. ആ ഭിത്തിയാണ് മഴയില്‍ പൂര്‍ണമായും തകര്‍ന്നത്.

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

പെറ്റി കേസിലെ ഫൈന്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട, ഓണ്‍ലൈനില്‍ സംവിധാനം

കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടയ്ക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

മോട്ടര്‍ വാഹനങ്ങള്‍ക്ക് പൊലീസ് ചുമത്തിയിട്ടുള്ള കേസുകളില്‍ വെര്‍ച്വല്‍ കോടതിയുടെയും റെഗുലര്‍ കോടതിയുടെയും പരിഗണനയിലുള്ളവ ഇതോടെ വേഗത്തില്‍ തീര്‍പ്പാക്കാം. വാഹനത്തിന്റെ ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് ഇ-ചലാന്‍ വഴി എന്തെങ്കിലും പിഴ ചുമത്തിയിട്ടുണ്ടോയെന്ന് പരിവാഹന്‍ വെബ്‌സൈറ്റില്‍ പരിശോധിക്കാം. പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ തീര്‍പ്പാക്കുന്നതിന് പിഴ ചുമത്തിയ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ മാര്‍ക്ക് നേരിട്ടോ ഇ-മെയിലൂടെയോ അപേക്ഷ സമര്‍പ്പിക്കണം. അതിന് ശേഷം ഫൈന്‍ തുക പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അടക്കുവാന്‍ വീണ്ടും അവസരം നല്‍കും.

പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റുupendradwivedhi

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. സേനയുടെ 30-ാമത്തെ ചീഫാണ് ദ്വിവേദി. ജനറല്‍ മനോജ് പാണ്ഡെ വിരമിച്ചതിനെ തുടര്‍ന്നാണ് ഉപേന്ദ്ര ദ്വിവേദി പദവിയിലെത്തിയത്.

ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ സൈനിക നീക്കങ്ങളില്‍ ഏറെ അനുഭവ സമ്പത്തുള്ള ദ്വിവേദി കരസേനയുടെ ഉപ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2022 മുതല്‍ 2024 ഫെബ്രുവരി 19ന് സേനയുടെ ഉപ മേധാവി സ്ഥാനമേറ്റെടുക്കുന്നതു വരെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്നു അദ്ദേഹം.

1984 ഡിസംബര്‍ 15 ന് ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ 18-ാം ബറ്റാലിയനിലേക്ക് ജനറല്‍ ദ്വിവേദി കമ്മീഷന്‍ ചെയ്യപ്പെട്ടു. ഓപറേഷന്‍ രക്ഷക് സമയത്ത് കശ്മീര്‍ താഴ്‌വരയിലെ ചൗക്കിബാലിലും രാജസ്ഥാനിലെ മരുഭൂമികളിലും ഒരു ബറ്റാലിയന്‍ കമാന്‍ഡ് ചെയ്തിട്ടുണ്ട്. അസമില്‍ അസം റൈഫിള്‍സിന്റെ ഇന്‍സ്പെക്ടര്‍ ജനറലായും മറ്റ് നിരവധി സ്റ്റാഫ് & കമാന്‍ഡറായും സേവനമനുഷ്ഠിച്ചു.

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ് സുനില്‍കുമാര്‍.മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായത്. പ്രതി അമ്പിളിയുടെ സുഹൃത്താണ് സുനില്‍കുമാര്‍. സുനില്‍കുമാറിന്റെ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാകുമാരിയിലെ കുലശേഖരത്ത് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട നിലയിലാണ് കാര്‍ കണ്ടെത്തിയത്.കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെയാണ് കൊലപ്പെടുത്തിയത്.

4 വർഷ ബിരുദ കോഴ്സുകൾ ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

4 വർഷ ബിരുദ കോഴ്സുകൾ ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12 മണിക്കു തിരുവനന്തപുരം വനിതാ കോളജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും.

ഇനി മുതൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് വിദ്യാർഥികൾക്ക് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്നു ഓണേഴ്സ് ബിരുദം നേടാം. ​ഗവേഷണത്തിനു താത്പര്യമുള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദധാരികളാകാം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്തു സ്വയം കോഴ്സ് രൂപ കൽപ്പന ചെയ്യാനാകുന്ന വിധത്തിലാണ് കരിക്കുലം.

അതേസമയം വിമർശനവും ശക്തമാണ്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമിക പഠനം സാധ്യമാകില്ലെന്ന കടുത്ത ആശങ്കയാണ് വിദ്യാഭ്യാസ വിദ​ഗ്ധർ ഉന്നയിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് പരിഷ്കരണമെന്നും വിമർശനമുണ്ട്.