by liji HP News | Jun 26, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല അപകടമുണ്ടായത്. മിഡില്‍ ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ബര്‍ത്ത് ലോക്കു ചെയ്തപ്പോള്‍, ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്.
ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്‍ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്‍ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന്‍ രാമഗുണ്ടത്ത് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സ് അടക്കം എത്തിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കല്‍ സഹായവും റെയില്‍വേ നല്‍കിയിരുന്നു.

അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ റെയില്‍വേ അധികൃതര്‍ വിശദമായി പരിശോധിച്ചിരുന്നു. ബര്‍ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തി. അതിനാല്‍ ബര്‍ത്ത് പൊട്ടി വീണാണ് യാത്രക്കാരന്‍ മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്‍വേ വിശദീകരണക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം മാറഞ്ചേരി വടമുക്ക് അലിഖാന്‍ ആണ് ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്‍വെച്ചു താഴത്തെ ബര്‍ത്തില്‍ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പതിക്കുകയായിരുന്നു. അപകടത്തില്‍ അലിഖാന്റെ കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു.
by liji HP News | Jun 26, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അമ്പിളി എന്ന സജികുമാര്‍ മരിച്ച ദീപുവിന്റെ അടുത്ത സുഹൃത്തെന്ന് പൊലീസ്. നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമാണ് ആക്രി വ്യാപാരിയായ സജികുമാര്‍. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.
കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദീപുവിന്റെ സ്ഥിരം ഡ്രൈവറുടേയും ക്രഷര്‍ യൂണിറ്റിലെ അടുത്ത സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു. ഇതില്‍ നിന്നും ദീപുവും പ്രതി അമ്പിളിയും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു എന്നാണ് മനസ്സിലായത് എന്ന് പൊലീസ് സൂചിപ്പിച്ചു.
അമ്പിളി എന്ന സജികുമാര്‍ നേരത്തെ ഗുണ്ടാ നേതാവായിരുന്നു. പിന്നീട് ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഗുണ്ടാപ്പണി നിര്‍ത്തി. സജികുമാരിന്റെ വീട്ടുകാര്യങ്ങള്‍ക്കടക്കം ദീപു പണം നല്‍കി സഹായിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ ദീപുവിനെ എന്തിനാണ് അമ്പിളി കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ തമിഴ്‌നാട് പൊലീസ് ആശയക്കുഴപ്പത്തിലാണ്. ഇക്കാര്യത്തില്‍ അമ്പിളിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി അമ്പിളി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മധ്യവയസ്‌കനും ശാരീരികമായി അവശതകളുമുള്ള പ്രതിക്ക് ആരോഗ്യവാനായ ദീപുവിനെ ഒറ്റയ്ക്ക് കൊലപ്പെടുത്താന്‍ കഴിയില്ലെന്നും തമിഴ്‌നാട് പൊലീസ് വിലയിരുത്തുന്നു. ചോദ്യം ചെയ്യലില്‍ അമ്പിളി മൊഴി മാറ്റി മാറ്റി പറയുകയാണ്. പണം എവിടെ എന്നതിലും വ്യക്തമായ മൊഴി നല്‍കിയിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ ഉണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.

by liji HP News | Jun 26, 2024 | Latest News, കേരളം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്പ്) 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപയാണ്.
കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിൽസ ഉറപ്പാക്കുന്ന പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നടപ്പിലാക്കിയ പദ്ധതിയിൽ, 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.
ഇതിൽ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പ്രീമിയത്തിൽ കേന്ദ്ര സഹായമുള്ളത്. ഈ കുടുംബങ്ങൾക്ക് ബാക്കി തുക സംസ്ഥാനം നൽകുന്നു. പുറമെയുള്ള 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്.

by liji HP News | Jun 26, 2024 | Latest News, ജില്ലാ വാർത്ത
തക്ഷശില ലൈബ്രറിയുടെയും ജി വി ആർ എം യു പി സ്കൂളിന്റെയും സംയുക്ത അഭിമുഖ്യത്തിൽ കേരളാ എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ജൂണ് 26ന് ലോക ലഹരിവിരുദ്ധ ദിനാചരണവും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും സ്കൂളിൽ സംഘടിപ്പിച്ചു. ചിറയിൻകീഴ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഷിബുകുമാർ സ്കൂൾ ജെ.ആർ.സി ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു. ലൈബ്രറി
സെക്രട്ടറി ശ്യാംകൃഷ്ണ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ഐ. പി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മനോജ് ബി യൂ, ലൈബ്രറി വനിതാ വേദി ചെയർപേഴ്സൻ പി ജി ഉഷ എന്നിവർ സംസാരിച്ചു.

by liji HP News | Jun 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6600 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5495 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില രണ്ട് രൂപ കുറഞ്ഞ് 93 രൂപയായി.

Recent Comments