by Midhun HP News | Nov 4, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ലക്ഷദ്വീപിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തീരദേശ കര്‍ണാടകയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഞായറാഴ്ച വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ.മീ.വരെ) മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 3, 2026 | Latest News, ദേശീയ വാർത്ത
2026-27 അക്കാദമിക് സെഷനിലേക്കുള്ള വിദ്യാർത്ഥികളുടെ തിരുത്തൽ വിൻഡോ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ തുറന്നു. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായി സമർപ്പിച്ച വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ഇപ്പോൾ സ്കൂളുകൾക്ക് തിരുത്താം.
തിരുത്തൽ വിൻഡോ നവംബർ 2 ന് ആരംഭിച്ചു. 2026 നവംബർ 7 വരെ ലഭ്യമായിരിക്കും. ഈ കാലയളവിൽ, സ്കൂളുകൾക്ക് സമർപ്പിച്ച വിവരങ്ങൾ അവലോകനം ചെയ്യാനും എന്തെങ്കിലും പിശകുകൾ കണ്ടെത്തിയാൽ മാറ്റങ്ങൾ വരുത്താനും കഴിയും.
CBSE LOC 2026-27 ലെ വിശദാംശങ്ങൾ എങ്ങനെ ശരിയാക്കാം?
സ്കൂളുകൾക്ക് മാത്രമേ തിരുത്തൽ സൗകര്യം ലഭ്യമാകൂ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും LOC സ്വയം എഡിറ്റ് ചെയ്യാൻ കഴിയില്ല. രക്ഷിതാക്കൾ അവരുടെ സ്കൂളുമായി ബന്ധപ്പെടുകയും സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിക്കാൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും വേണം. എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ നവംബർ 7 ന് മുമ്പ് സിബിഎസ്ഇ പോർട്ടൽ വഴി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന തരത്തിൽ സ്കൂളിനെ അറിയിക്കണം.
സിബിഎസ്ഇ എൽഒസി തിരുത്തൽ ഫീസ് 2026-27
ഇവിടെ പരാമർശിച്ചിരിക്കുന്ന നോട്ടീസിൽ ഈ വിൻഡോയിൽ തിരുത്തലുകൾ വരുത്തുന്നതിന് പ്രത്യേക ഫീസ് സിബിഎസ്ഇ പരാമർശിച്ചിട്ടില്ല. എന്നിരുന്നാലും, സാധാരണ സമയപരിധിക്ക് ശേഷം എൽഒസി സമർപ്പിക്കുന്നതിന് ഓരോ ഉദ്യോഗാർത്ഥിക്കും 2,000 രൂപ വൈകി ഫീസ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക വൈകി സമർപ്പിക്കുന്നതിനുള്ളതാണ്, തിരുത്തൽ ഫീസുമായി തെറ്റിദ്ധരിക്കരുത്. തിരുത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ട ഏതെങ്കിലും നിരക്കുകളെക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി മാതാപിതാക്കൾക്ക് അതത് സ്കൂളുകളുമായി ബന്ധപ്പെടാം.
by Midhun HP News | Nov 3, 2026 | Latest News, കേരളം
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ഒരുകോടിയുടെ കടത്തുസ്വര്‍ണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തടയാന്‍ശ്രമിച്ച പോലിസിന് നേരെ കാര്‍ ഇടിച്ചുകയറ്റാനും ശ്രമമുണ്ടായി. അക്രമിസംഘത്തിന്റെ കാറിനുമുന്‍പില്‍നിന്ന് റോഡരികിലേക്ക് ചാടിമാറി പോലിസുകാരന്‍ രക്ഷപ്പെട്ടു. കരിപ്പൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. നാലുപേരെ കേസില്‍ പിടികൂടി. ബാക്കിയുള്ളവര്‍ കടന്നുകളഞ്ഞു. സ്വര്‍ണവുമായി എത്തിയ ഇടുക്കി വണ്ടന്‍മേട് സ്വദേശിനി അഭിരാമി (27), സ്വീകരിക്കാന്‍ എത്തിയ എറണാകുളം സ്വദേശി ഹര്‍ഷല്‍ (40), സ്വര്‍ണം പൊട്ടിക്കലിനെത്തിയ സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത് (28), ബബിലേഷ് (40) എന്നിവരാണ് പിടിയിലായത്.
വിമാനത്താവള ആഗമനമേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ഒരുസംഘത്തെ പോലിസ് കണ്ടെത്തിയിരുന്നു. ഗേറ്റിനു പുറത്തേക്കുവന്ന യാത്രക്കാരിയെ സംഘം പിന്തുടരുന്നതുകണ്ട പോലിസ് പിന്നാലെക്കൂടി. സ്വീകരിക്കാനെത്തിയ ആളുടെകൂടെ പാര്‍ക്കിങ് ഏരിയയിലേക്കുപോയ യുവതിയെ ഈ സംഘം തടയുകയും അവരുടെ ട്രോളിബാഗില്‍ പിടിമുറുക്കുകയുംചെയ്തു. യുവതിയുടെ കൂടെയുള്ള യുവാവുമായി ബലപ്രയോഗത്തിലെത്തിയപ്പോള്‍ പോലിസ് അതിവേഗം ഇടപെട്ട് ഇവരെ കീഴ്പ്പെടുത്തി. ഇതോടെ സംഘം പോലീസിനുനേരേ തിരിഞ്ഞു. ഹോം ഗാര്‍ഡ് മുരളീകൃഷ്ണയുടെ ശരീരം കടിച്ചുമുറിച്ചു. അക്രമിസംഘത്തിലെ കുറച്ചുപേര്‍ അതിനിടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച സ്പെഷ്യല്‍ സ്‌ക്വാഡിലെ പോലീസുകാരനെ കാറിടിപ്പിക്കാനായി പിന്നെ പ്രതികളുടെ ശ്രമം. റോഡരികിലേക്കു ചാടിമാറിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.
പിടിയിലായവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് സ്വര്‍ണക്കടത്തും പൊട്ടിക്കല്‍ശ്രമവും പുറത്തായത്. അഭിരാമിയുടെ ബാഗേജില്‍ താമരശ്ശേരി സ്വദേശി സ്വാലിഹ് കൊടുത്തുവിട്ട സ്വര്‍ണമായിരുന്നൂവെന്ന് പോലീസിനു വിവരംകിട്ടി. അത് തട്ടിയെടുക്കാന്‍ രണ്ടു കാറുകളിലായി പത്തുപേരാണ് എത്തിയതെന്നും വ്യക്തമായി. അഭിരാമിയുടെ ബാഗേജിലെ എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചനിലയില്‍ 817 ഗ്രാം വരുന്ന 14 ഗോള്‍ഡ് പ്ലേറ്റുകള്‍ കണ്ടെടുത്തു. സ്വര്‍ണത്തിന് ഒരുകോടി പത്തുലക്ഷം രൂപ വിലവരും. അഭിരാമിക്ക് പ്രതിഫലമായി നല്‍കാന്‍ സൂക്ഷിച്ച 67,000 രൂപയും പ്രതികള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
by Midhun HP News | Nov 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വാട്ടർ ചാർജ് കുടിശ്ശിക അടയ്ക്കാത്തത് മൂലം കണക്ഷൻ വിച്ഛേദിക്കപ്പെടുകയും റവന്യു റിക്കവറി നടപടികൾ നേരിടുകയും ചെയ്യുന്ന ഉപഭോക്താക്കൾക്കായി കേരള വാട്ടർ അതോറിറ്റി ആറ്റിങ്ങൽ വാട്ടർ സപ്ലൈ സബ് ഡിവിഷന്റെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിന്റെയും സംയു്ക്ത നേതൃത്വത്തിൽ റവന്യു റിക്കവറി അദാലത്ത് സംഘടിപ്പിക്കുന്നു.
ഡിസംബർ 8, 2026 ചൊവ്വാഴ്ച രാവിലെ 10.30 മുതൽ ചിറയിൻകീഴ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ (ആറ്റിങ്ങൽ സിവില്‍ സ്റ്റേഷൻ) വെച്ചാണ് അദാലത്ത് നടക്കുന്നത്. വാട്ടർ ചാർജ് കുടിശ്ശിക ഒറ്റവണയായി അടച്ച് ബാധ്യത തീർക്കാൻ ഉപഭോക്താക്കൾക്ക് ഈ അദാലത്തിലൂടെ ഒരു അവസരം കൂടി അനുവദിക്കുന്നതാണ്.
അദാലത്തിൽ പങ്കെടുത്ത് ബാധ്യത തീർക്കാൻ താൽപ്പര്യമുള്ളവർ ഇതിനായുള്ള അപേക്ഷകൾ 2026 നവംബർ 30-നകം ആറ്റിങ്ങൽ വാട്ടർ സപ്ലൈ സബ് ഡിവിഷൻ ഓഫീസിൽ നേരിട്ടോ, aeekwaatl@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ്.
ആറ്റിങ്ങൽ വാട്ടർ സപ്ലൈ സബ് ഡിവിഷന് കീഴിലുള്ള ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, വക്കം, കിളിമാനൂർ, മുദാക്കൽ, നഗരൂർ, പുളിമാത്ത്, പഴയകുന്നുംമേൽ എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
ഫോൺ: 0470 2622351, 0470 2620574
മൊബൈൽ: 8547638356
ഉപഭോക്താക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് അധികൃതർ അറിയിച്ചു.
by Midhun HP News | Nov 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാലയിൽ വിവാഹച്ചടങ്ങിനിടെ അലങ്കാര വിളക്കിൽനിന്ന് ഷോക്കേറ്റ് 14 കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ച രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കവെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടത്.
വിവാഹവേദിയിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ചതിലെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. റിസപ്ഷൻ ഹാളിന് സമീപം സ്ഥാപിച്ചിരുന്ന അലങ്കാര വിളക്കിന്റെ വയറിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പാറശാല സ്റ്റേഷൻ ഹൗസ് ഓഫീസറോടും ജില്ലാ ശിശുക്ഷേമ ഓഫീസറോടും ബാലാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അലങ്കാര പണികളെക്കുറിച്ചും സംഭവത്തിലെ വീഴ്ചകളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
Recent Comments