by Midhun HP News | Nov 4, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ഉറപ്പ് യാഥാര്‍ത്ഥ്യമായി. എം.ജി.എം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി. ഏറെ സന്തോഷത്തോടെയാണ് റുവാനിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയില്‍നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.
‘രാത്രിയില്‍ മഴ പെയ്താല്‍ ഉറങ്ങാനാകുന്നില്ല… അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ… ഞങ്ങള്‍ക്ക് പുതിയ വീടുവച്ചു തരുമോ… അതില്‍ ഞങ്ങളുറങ്ങാം… ഞാന്‍ വലുതാകുമ്പോള്‍ പൈസ തരാം…’ എന്ന് റിവാനി അഭ്യര്‍ത്ഥിക്കുന്ന വിഡിയോ ജൂണില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി റുവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണില്‍ വിളിക്കുകയും വീട് നിര്‍മ്മിച്ചു നല്‍കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി റുവാനിക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ വീട് നിര്‍മ്മിക്കാനുള്ള സന്നദ്ധത അറിയിച്ചത്. മൂന്ന് മാസം കൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.
റിവാനിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയാറായത് ഉള്‍പ്പെടെയുള്ള എം.ജി.എം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റുവാനിയുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. എം.ജി.എം സ്‌കൂളില്‍ തുടര്‍പഠനത്തിനുള്ള സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സെന്റ് എംഎല്‍എ, എം.ജി.എം ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, ജൈനമ്മ യോഹന്നാന്‍, എം.ജി.എം സി.ഒ.ഒ ആല്‍ഫ മേരി വര്‍ഗീസ്, എം.ജി.എം അഡ്മിന്‍ മാനേജര്‍ ആര്‍. സുനില്‍ കുമാര്‍, എം.ജി.എം ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ അഹിനസ്, എം.ജി.എം പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഒ.കെ .രവിശങ്കര്‍, ജാനകി ബില്‍ഡേഴ്സ് പ്രതിനിധികള്‍, റുവാനിയുടെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
by Midhun HP News | Nov 4, 2026 | Latest News, കേരളം
കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാം നിലയിൽ നിന്നും ചാടിയത്.
തിങ്കളാഴ്ച ഉച്ചയോടെ അദിനാൻ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദ്ദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ വലിച്ചിഴച്ച് സിറ്റൗട്ടിലേക്ക് കൊണ്ടുവന്നാണ് അദിനാൻ കുത്തിയത്. കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പെൺകുട്ടി കുതറിമാറിയതിനാലാണ് രക്ഷപ്പെട്ടത്.
പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയതോടെയാണ് അദിനാൻ ഓടി രക്ഷപ്പെട്ടത്. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അദിനാനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത അദിനാനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്നപ്പോഴാണ്, കൈവിലങ്ങണിയിച്ചിരുന്ന പ്രതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
by Midhun HP News | Nov 4, 2026 | Latest News, മരണം
ആറ്റിങ്ങൽ: വലിയ കുന്ന് പുത്തൻവീട്ടിൽ എസ് സൗദാബീവി (81) അന്തരിച്ചു. ഭർത്താവ് പരേതനായ എ മുഹമ്മദ് ഹനീഫ. മക്കൾ എസ് മാജിദാബീവി, എസ് ഷാജിദാ ബീവി, എം , ജവാദുദ്ദീൻ (സൗദി അറേബ്യ) എസ് ഹസീന എം താഹിർ(ആറ്റിങ്ങൽ നഗരസഭ കൗൺസിലർ) എം തൽഹ (ദുബായ്). മരുമക്കൾ പരേതനായ അബ്ദുൽ അസീസ്, നൗഷാദ്,ഷിജി, സൈഫുദ്ദീൻ (മസ്ക്കറ്റ്) , എസ് ഷബീന ബീവി,മുബീന.
by Midhun HP News | Nov 4, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ‘പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27’ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി
ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകളെ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. ആരുടെ പേര് പറഞ്ഞാലും, അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആധാറിന് പകരം, ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും അവര്‍ക്കുള്ള പണം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പെര്‍ഫോമന്‍സ് ഗ്രാന്റ്റുകള്‍ക്ക് അര്‍ഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G, പി.എം-കിസാന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകള്‍) തുടങ്ങിയ മറ്റ് നിരവധി കേന്ദ്ര പദ്ധതികളിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.
by Midhun HP News | Nov 4, 2026 | Latest News, കേരളം
കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആഡംബരക്കാര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പതിനെട്ടുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എന്തുനടപടിയാണ് എടുത്തിട്ടുള്ളതെന്ന് കേസ് പരിഗണിക്കുന്ന കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് 18 പേര്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസ് എടുത്തത്.
അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പുതിയതായി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴിയെടുക്കും. പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ചേരാനെല്ലൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അപകടം നടന്ന സമയം മുതല്‍ മൂന്നുമണിക്കൂറോളം സംഭവസ്ഥലത്ത് തങ്ങിയ ജഡ്ജി തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ഇടപെടല്‍ നടത്തിയെന്നുമാണ് പരാതി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ആവശ്യം. ഈ പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചിയിലെ ഓഫീസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചിട്ടുണ്ടെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.
Recent Comments