by Midhun HP News | Dec 3, 2025 | Latest News
ന്യൂഡല്‍ഹി: 2027 ഏകദിന ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മക്കും ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോയെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കണക്കിലെടുത്ത് ഇരുവരെയും ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്.
ഇരുവരെയും പിന്തിരിപ്പിക്കരുതെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോടാണ് ശ്രീശാന്തിന്റെ അഭ്യര്‍ത്ഥന. നിലവിലുള്ള പല താരങ്ങളെക്കാളും കോഹ് ലിയും രോഹിത്തും മികവ് കാണിക്കുന്നതായും ശ്രീശാന്ത് പറഞ്ഞു. രോഹിതിനെയും കോഹ്‌ലിയെയും കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം കാലം അനുവദിക്കണം. ഫോര്‍മാറ്റില്‍ തുടരാന്‍ അവര്‍ അര്‍ഹരാണ് ശ്രീശാന്ത് പറഞ്ഞു.
നിലവിലുള്ള മിക്ക കളിക്കാരേക്കാളും ഈ രണ്ട് സീനിയര്‍ ബാറ്റര്‍മാരും ആയിരം മടങ്ങ് മികച്ചവരാണ്. അബുദാബി ടി10 ലീഗിനിടെ ശ്രീശാന്ത് പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ കോഹ് ലിയുടെയും രോഹിത്തിന്‍രെയും റെക്കോര്‍ഡുകള്‍ മികച്ചതാണെന്നും ഇരുവരെയും ഒരു കാരണവശാലും ടീമില്‍ നിന്ന് ഒഴിവക്കരുതെന്നും ശ്രീശാന്ത് പറഞ്ഞു.
‘ഗൗതം ഭായ്, പരിശീലകനെന്ന നിലയില്‍ താങ്കള്‍ ആരെയും തടയരുത്. പ്രത്യേകിച്ച് രോഹിത്തിനെയും കോഹ് ലിയെയും. കാരണം, ഏകദിന ക്രിക്കറ്റില്‍ അവരുടെ റെക്കോര്‍ഡ് അനുപമമാണ്. അവര്‍ കളിക്കാന്‍ ആഗ്രഹിക്കുന്നിടത്തോളം അവരെ കളിക്കാന്‍ അനുവദിക്കുക. കാരണം, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണ് അവര്‍. അതുകൊണ്ട് എനിക്ക് പറയാനുള്ളത് അത്രയും മഹാന്‍മാരായ താരങ്ങള്‍ ഇന്ത്യക്കായി കളിക്കുന്നതില്‍ നിന്ന് അവരെ തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്ശ്രീശാന്ത് പറഞ്ഞു.



by Midhun HP News | Dec 3, 2025 | Latest News, കേരളം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം നഷ്ടമായ കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്.
പ്രായവും ആരോഗ്യപ്രശ്നവും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു വാസു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. വാസുവിന് ജാമ്യം നൽകുന്നതിനെ എസ്ഐടി എതിർത്തിരുന്നു. സ്വർണക്കൊള്ളയിൽ വാസുവിന് പങ്കുണ്ടെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.
2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറുമ്പോള്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തിയത് എൻ വാസുവിന്‍റെ അറിവോടു കൂടിയാണ് എന്നാണ് എസ്ഐടി കണ്ടെത്തിയത്. എന്നാൽ ആരോപണം വാസു നിഷേധിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറുമ്പോള്‍ എൻ വാസു സ്ഥാനത്തുണ്ടായിരുന്നില്ലെന്നും വിരമിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് വാസുവിന് കൃത്യമായി ധാരണയുണ്ടായിരുന്നെന്നും ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്നുമാണ് എസ്ഐടി അറിയിച്ചത്. തുടര്‍ന്നാണ് ജാമ്യാപേക്ഷ ഇപ്പോള്‍ തള്ളിയത്. അതിനിടെ, ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് എസ്ഐടിക്ക് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്.



by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡോളറിനെതിരെ ആദ്യമായി 90 എന്ന നിലവാരം മറികടന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറു പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് ഒരു ഡോളറിന് 90 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. 90.02 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ബാങ്കുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. എങ്കിലും എണ്ണവില കുത്തനെ ഇടിഞ്ഞതും ഡോളര്‍ ദുര്‍ബലമായതും വലിയ തോതില്‍ ഇടിയുന്നതില്‍ നിന്ന് രൂപയെ തടഞ്ഞുനിര്‍ത്തി. ഇന്നലെ രൂപ 43 പൈസയുടെ നഷ്ടമാണ് നേരിട്ടത്. തുടര്‍ന്ന് 89.96 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.
അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടം നേരിട്ടു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിലവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 85,000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഇന്‍ഫോസിസ്, ജിയോ ഫിനാന്‍ഷ്യല്‍, ശ്രീറാം ഫിനാന്‍സ്, മാക്‌സ്‌ഹെല്‍ത്ത് കെയര്‍, കോള്‍ ഇന്ത്യ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.



by Midhun HP News | Dec 3, 2025 | Latest News, കേരളം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ നടക്കുകയാണ്. രാഹുലിനെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതില്‍ പാര്‍ട്ടി നേതൃത്വം കൂട്ടായി കൂടിയാലോചിച്ച് കെപിസിസി അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും തന്റെതു കൂടിയാണെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് യോജിച്ചെടുക്കുന്ന തീരുമാനങ്ങളാണത്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നതും പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതില്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തി ചിത്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.
വേറൊരു പാര്‍ട്ടിയും കൈകാര്യം ചെയ്യാത്ത തരത്തിലാണ് രാഹുല്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്. സമാനമായ കേസും കാര്യങ്ങളും ഉണ്ടായപ്പോള്‍ സിപിഎമ്മില്‍ എത്രപേര്‍ പുറത്തുപോയി, എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നതെല്ലാം മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റു പാര്‍ട്ടി ചെയ്യുന്നതു പോലെയല്ല കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. രണ്ടാമതൊരു പരാതി വന്നപ്പോഴും സിപിഎം ചെയ്തതുപോലെ, കമ്മീഷനെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. മറിച്ച് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തന്റെ ധാരണകളും അടുപ്പവും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ നേരിട്ട നടപടികള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. അയ്യന്റെ സ്വര്‍ണം കവരാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൂട്ടുനിന്നിട്ട്, പ്രതിയായ ആള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പോഴും തുടരുകയാണ്. അയാള്‍ എന്തെങ്കിലും പറയുമോ എന്നു പേടിച്ചിട്ടാണ് ജാഗ്രതയോടെ സിപിഎം നടപടിയെടുക്കാത്തതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.



by Midhun HP News | Dec 3, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകളെന്ന് പരാതി. വ്യാജ വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വിദേശത്ത് നിന്നാണ് ഉപയോഗിക്കുന്നത്. പ്രിയങ്ക ജി ഐഎഎസ് എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്.
അക്കൗണ്ടില്‍ നിന്നും പലര്‍ക്കും മെസ്സേജുകള്‍ ലഭിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുന്നത്. +84 83 442 0146 എന്ന വിയറ്റ്‌നാം കേന്ദ്രീകരിച്ചുകൊണ്ടുള്ള നമ്പറില്‍ നിന്നാണ് അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.വിഷയത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം. ഏതെങ്കിലും വിധത്തില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചാല്‍ അത് വിശ്വാസത്തില്‍ എടുക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതിന് മുന്‍പും കലക്ടറുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.



Recent Comments