by Midhun HP News | Jan 16, 2026 | Latest News, കേരളം
കോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ, കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 11 ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. പാര്‍ട്ടി മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് ജോസ് കെ മാണി പ്രസ്താവിച്ചെങ്കിലും, മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
ജോസ് കെ മാണി മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളിയെങ്കിലും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറാനുള്ള ആവശ്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നാലും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തിന് തടയിട്ടത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മുന്നണി മാറിയാല്‍ റോഷി അഗസ്റ്റ്യന്‍ അടക്കം മുഴുവന്‍ ആളുകളെയും ഒന്നിച്ച് യുഡിഎഫില്‍ എത്തിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും തുടരുകയാണ്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ യുഡിഎഫിനൊപ്പവും നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് കൃത്യമായ നിലപാട് എടുക്കാതിരുന്ന എന്‍ ജയരാജ് എംഎല്‍എയും റോഷിക്കൊപ്പം എല്‍ഡിഎഫിനൊപ്പമാണെന്നാണ് വിവരം.
അതേസമയം, മുന്നണി മാറ്റത്തിന് കേരള കോണ്‍ഗ്രസ് എം ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യുഡിഎഫ്. കേരള കോണ്‍ഗ്രസുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നുമാണ് ജോസ് കെ മാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.


by Midhun HP News | Jan 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിനു പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണം സംഘം നാളെ അപേക്ഷ നൽകും.
ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ കൊടുത്തു വിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിൽ കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത. കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗം നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിര്‍മ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.
അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.
2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്. കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


by Midhun HP News | Jan 16, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല കോടതി ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമതീരുമാനം പ്രസ്താവിക്കുക.
ചോദ്യം ചെയ്യലിനോടും, അന്വേഷണത്തോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന കാര്യം എസ്‌ഐടി കോടതിയെ അറിയിക്കും. പീഡനം നടന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. സംഭവം നടന്ന മുറി തിരിച്ചറിയുകയും ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി മാവേലിക്കര സബ് ജയലില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
അതേസമയം അതിജീവിതയുടെ രഹസ്യമൊഴി ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ രാഹുലിനെ ഫോണ്‍ എസ്‌ഐടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഐഫോണിന്റെ പാസ് വേര്‍ഡ് കൈമാറിയിരുന്നില്ല. സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന സംഘത്തെക്കൊണ്ട് ഈ ഫോണുകള്‍ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


by Midhun HP News | Jan 15, 2026 | Latest News, കേരളം
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍. 2024 ല്‍ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറില്‍ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്ന്, രാഹുലിന്റെ സുഹൃത്തായ ഫെന്നി സമൂഹമാധ്യമക്കുറിപ്പില്‍ ചോദിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്, മുഖ്യധാര മാധ്യമങ്ങള്‍ അവസരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കാര്യത്തിന്റെ ഇരുവശവും പറയാനുള്ള അവസരം നിഷേധിച്ച മാധ്യമങ്ങളുടെ സമീപനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കട്ടെ. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് ഇടതുകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടതെന്നും’ ഫെന്നി നൈനാന്‍ പറയുന്നു.
‘രണ്ടുമാസം മുന്‍പ്, രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നാണ് പറഞ്ഞത്. രാഹുലിനെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും, എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു’. ഫെന്നി നൈനാന്‍ കുറിപ്പില്‍ പറയുന്നു.
ഫെന്നി നൈനാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla” എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ?
എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
Recent Comments