‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

‘അനാവശ്യ യാത്രകൾ ഒഴിവാക്കുക’; ഇറാൻ സംഘർഷത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

ടെൽഅവീവ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ഇന്ത്യ. ഇസ്രയേലിലെ ഇന്ത്യൻ എംബസ്സിയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.

“മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രയേലിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. ഇസ്രയേൽ അധികൃതരും ഹോം ഫ്രണ്ട് കമാൻഡും പുറപ്പെടുവിച്ച സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണം. ഇസ്രയേലിലേക്കുള്ള എല്ലാ അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് നിർദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസിയുടെ 24×7 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാം: ടെലിഫോൺ: +972-54-7520711; +972-54-3278392,” വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രയേലിലെ ഇന്ത്യൻ പൗരർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാനിലെ ഇന്ത്യൻ എംബസി ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കായി ബുധനാഴ്ച സമാനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇറാനിൽ അമേരിക്കൻ ഇടപെടലിനും സൈനിക നടപടികൾക്കും സാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

‘ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല’; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

‘ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ല’; ട്രംപ് അറിയിച്ചതായി ഇറാന്‍ പ്രതിനിധി

തെഹ്റാന്‍: ഇറാനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതായി പാകിസ്ഥാനിലെ ഇറാന്‍ നയതന്ത്രപ്രതിനിധി റെസ അമീരി മൊഘദാം. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും നിലവിലെ സാഹചര്യത്തെ തെഹ്റാന്‍ സംയമനത്തോടെ നേരിടണമെന്ന് ട്രംപ് സൂചിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാനില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഇറാന്റെ നയതന്ത്ര നീക്കം.

ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസംവരെയും അമേരിക്ക എടുത്തിരുന്നത്. പ്രതിഷേധക്കാരോട് പ്രക്ഷോഭം തുടരാനും അവര്‍ക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. കൂടാതെ യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെ പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാം. പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരുനാവായ കുംഭമേള: ഔപചാരിക തുടക്കം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

തിരുനാവായ കുംഭമേള: ഔപചാരിക തുടക്കം ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

മലപ്പുറം: കേരളത്തിന്റെ കുംഭമേളയെന്നു വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയിൽ ഇന്ന് തുടക്കമാകും. വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് ആരംഭം കുറിക്കുക. 19 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് മഹാമാഘ മഹോത്സവം. 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കുംഭമേള ഉദ്ഘാടനംചെയ്യും.

വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളുടെ ഭാഗമായി, ഭക്തർ തിരുനാവായയിൽ ദേവതാ വന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വൈദിക ശ്രാദ്ധകർമം നടത്തും. ഈ ചടങ്ങുകളോടെയാണ് തിരുനാവായയിൽ കുംഭമേളയ്ക്ക് ഔപചാരിക തുടക്കം കുറിക്കുന്നത്.

മഹോത്സവം സുഗമമായി നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു. പുഴയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് നേരത്തേ റവന്യൂവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് സം​ഘാടകർ ജില്ലാ കലക്ടറുമായി ചർച്ച നടത്തിയതിനെത്തുടർന്ന് പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും വാക്കാൽ അനുമതി നൽകിയിരുന്നു.

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. നാളെ മുതല്‍ സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

കിടിലൻ സെഞ്ച്വറിയടിച്ച് അമൻ; കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍

ബംഗളൂരു: കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. 6 വിക്കറ്റ് വിജയം സ്വന്തമാക്കിയാണ് വിദര്‍ഭയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകയെ 49.4 ഓവറില്‍ 280 റണ്‍സില്‍ പുറത്താക്കിയ വിദര്‍ഭ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 46.2 ഓവറില്‍ 284 റണ്‍സെടുത്താണ് വിജയിച്ചത്.

അമന്‍ മൊഖദെ നേടിയ ഉജ്വല സെഞ്ച്വറിയാണ് വിദര്‍ഭയെ ജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത്. ഒപ്പം അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് രവികുമാര്‍ സമര്‍ഥും പൊരുതിയതോടെ അവര്‍ വലിയ സമ്മര്‍ദ്ദമില്ലാതെ സ്‌കോര്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു.

അമന്‍ 122 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം 138 റണ്‍സെടുത്തു. രവികുമാര്‍ 69 പന്തില്‍ 7 ഫോറുകള്‍ സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. ധ്രുവ് ഷോരി 47 റണ്‍സെടുത്തു നിര്‍ണായക സംഭാവന നല്‍കി.

നേരത്തെ മിന്നും ഫോം തുടര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ കരുത്തിലാണ് കര്‍ണാടക മുന്നോട്ടു പോയത്. താരം 76 റണ്‍സെടുത്തു. സീസണില്‍ കത്തുന്ന ഫോമിലുള്ള മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനു സെമിയില്‍ അധിക നേരം ക്രീാസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

കൃഷ്ണന്‍ ശ്രീജിത്താണ് അര്‍ധ സെഞ്ച്വറിയടിച്ച് തിളങ്ങി മറ്റൊരു താരം. 54 റണ്‍സുമായി കൃഷ്ണനും പൊരുതി. ധ്രുവ് പ്രഭാകര്‍ (28), ശ്രേയസ് ഗോപാല്‍ (36), അഭിനവ് മനോഹര്‍ (26) എന്നിവര്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകവെ പുറത്തായി.

ദര്‍ശന്‍ നാല്‍കണ്ഡെയുടെ കിടിലന്‍ ബൗളിങാണ് കര്‍ണാടകയെ കുഴക്കിയത്. താരം 10 ഓവറില്‍ 48 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ഠാക്കൂര്‍ രണ്ട് വിക്കറ്റെടുത്തു. നചികേത് ഭൂട്ടെ, യഷ് കദം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.