by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാനില്‍ അമേരിക്ക നടത്തുന്ന ആക്രമണങ്ങളോട് താല്‍പ്പര്യമില്ലെന്ന് യുഎസ് ജനത. 43 ശതമാനം ആളുകളും ഇറാനെതിരായ ആക്രമണത്തെ അംഗീകരിക്കാത്തവരാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഇവരെല്ലാവരും ട്രംപിന്റെ നീക്കത്തെ വിമര്‍ശിക്കുകയും ചെയ്തു. 27% ആളുകള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ ശേഷിക്കുന്ന 29% ആളുകള്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
ഇറാന്‍ നേതാക്കളെ അമേരിക്ക കൊലപ്പെടുത്തിയതിനെ നാലിലൊന്ന് അമേരിക്കക്കാര്‍ മാത്രമാണ് അംഗീകരിക്കുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളിലും യുഎസ് നീക്കത്തെ എതിര്‍ക്കുന്നവരുണ്ട്. 55% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ യുഎസ് നടത്തിയ ആക്രമണത്തെ പിന്തുണച്ചു. 13% പേര്‍ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി. 32% പേര്‍ അഭിപ്രായമില്ലെന്നാണ് സര്‍വേയില്‍ പറഞ്ഞത്. യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഏകദേശം 42% റിപ്പബ്ലിക്ക് പാര്‍ട്ടിക്കാരും ട്രംപിന്റെ ഓപ്പറേഷനെ പിന്തുണയ്ക്കാനുള്ള സാധ്യത കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അമേരിക്കയില്‍ ഗ്യാസ്, എണ്ണ വിലകള്‍ വര്‍ദ്ധിച്ചാലും ഇറാനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറയുമെന്നും സര്‍വേയില്‍ പറയുന്നു. 45% അമേരിക്കക്കാരും 34% റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും 44% സ്വതന്ത്രരും എണ്ണവില കൂടിയാല്‍ ട്രംപിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി. ഡെമോക്രാറ്റുകളില്‍ 74% പേരും ഇറാനെതിരായ ആക്രമണത്തെ എതിര്‍ക്കുന്നവരാണ്. ഏഴ് ശതമാനം മാത്രമാണ് പിന്തുണയ്ക്കുന്നത്. 19% പേര്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ അമേരിക്കയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധിക്കാരെത്തി.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ കിടിലം പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഫോം ഔട്ട് ആയതിന്റെ പേരിൽ കേട്ട വിമർശനങ്ങൾക്കു ബാറ്റ് കൊണ്ട് മറുപടി പറഞ്ഞപ്പോൾ ഈഡൻ ഗാർഡൻസിൽ സഞ്ജു അടിച്ചെടുത്തത് 97 റൺസ്. സഞ്ജുവിന്റെ ഈ പ്രകടനത്തിന് പിന്നിൽ ഒരാളുടെ സഹായം കൂടിയുണ്ട്, മറ്റാരുമല്ല ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകൻ ഗൗതം ഗംഭീർ തന്നെയാണ് ആ വ്യക്തി.
മത്സരത്തിന് ശേഷം സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് ഗംഭീർ സന്തോഷം പങ്ക് വെച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗംഭീർ ഏറ്റവും കൂടുതൽ നേരിട്ടത് സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ആയിരുന്നു. സഞ്ജുവിന് എന്ത് ഉപദേശമാണ് താങ്കൾ നൽകിയത്, സഞ്ജു തുടർന്നും ടീമിൽ ഉണ്ടാകുമോ ? എങ്ങനെ ഇത്രയും നല്ല ഷോട്ടുകൾ കളിക്കാൻ താരത്തിന് കഴിയുന്നു എന്നിങ്ങനെ ചോദ്യം നീണ്ടു.
ചോദ്യങ്ങൾക്ക് ഗംഭീർ കൃത്യമായി ഒരു മറുപടി പറഞ്ഞു. ” ടീമിൽ എല്ലാവരോടും സംസാരിക്കുന്നത് പോലെ ആണ് സഞ്ജുവിനോട് ഞാൻ കാര്യങ്ങൾ പറയാറുള്ളത്. സ്പെഷ്യൽ ആയി ഒന്നും പറഞ്ഞിട്ടില്ല. അസാധാരണ ഷോട്ടുകളൊന്നും സഞ്ജു കളിച്ചിട്ടില്ല. കഴിവിനൊത്ത പ്രകടനമാണ് പുറത്തെടുത്തത്.
ന്യൂസിലൻഡിനെതിരായ പരമ്പര മോശമായിരുന്നു. ഒരു ഇടവേള സഞ്ജുവിന് അത്യാവശ്യമായിരുന്നു അത് നൽകി. ലോകകപ്പിൽ ആവശ്യമുള്ളപ്പോൾ എത്തി പ്രകടനം കാഴ്ചവെക്കും എന്ന ആത്മവിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു,” എന്നായിരുന്നു ഗംഭീറിന്റെ മറുപടി.ഗംഭീർ സഞ്ജുവിനെ കുറിച്ച് എപ്പോഴും പറയുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താൻ കഴിവുള്ള ആളാണെന്ന് പറയാറുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറഞ്ഞു. “ഗൗതം എല്ലായ്പ്പോഴും അവനെക്കുറിച്ചു പറയുമ്പോൾ ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാണെന്നാണ് വിശേഷിപ്പിക്കുന്നത്. വിക്കറ്റ് കീപ്പർ മാത്രമായി അവനെ ഒതുക്കാൻ പാടില്ലെന്നും അദ്ദേഹം പറയുമായിരുന്നു” ചോപ്ര വ്യക്തമാക്കി.
“നീ 21 തവണ പൂജ്യത്തിന് പുറത്തിയാലും ഞാൻ നിന്നെ പുറത്താക്കില്ല എന്നായിരുന്നു ഗംഭീർ സഞ്ജുവിനോട് പറഞ്ഞിരുന്നത്. ആ ആത്മവിശ്വാസം തന്നെയാണ് സഞ്ജുവിനെ മുന്നോട്ടു നയിച്ചത്” മുൻ താരം ആർ അശ്വിൻ മത്സരശേഷം പറഞ്ഞത്.


by Midhun HP News | Mar 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെ നടക്കും. ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കാളികളാവുന്ന ആറ്റുകാൽ പൊങ്കാല ചടങ്ങിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നാളെ രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15 നാണ് പൊങ്കാല നിവേദ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എർപ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞാലുടൻ തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്കു പകരും.
ഇതേ ദീപം സഹമേൽശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും കത്തിക്കും. പണ്ടാര അടുപ്പിൽനിന്ന് പകരുന്ന ദീപം അകമ്പടിയിൽ ഏറ്റുവാങ്ങിയാണ് ഭക്തർ സ്വന്തം അടുപ്പുകളിൽ കത്തിക്കുക. ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദ്യം. റോഡുകളിലെ നടപ്പാതകളിൽ അടുപ്പ് കൂട്ടാൻ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്നതിനു കൂടുതൽ സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ചന്ദ്രഗ്രഹണ ദിവസമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി ഏഴ് മണി വരെ നട അടയ്ക്കുന്നതിനാൽ ദർശനമുണ്ടാവില്ല. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് നാലിന് രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
ഗതാഗത നിയന്ത്രണം
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച പകൽ ഒന്നുമുതൽ ചൊവ്വ രാത്രി എട്ടുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരപരിധിയിൽ കണ്ടെയ്നർ വാഹനങ്ങൾ, ചരക്കുവാഹനങ്ങൾ എന്നിവ പ്രവേശിക്കാൻ പാടില്ല. റോഡുകളിലും സമീപത്തും നിർത്തിയിടാനും പാടില്ല. ആറ്റുകാൽ ക്ഷേത്രപരിസരത്തും തിരക്ക് അനുഭവപ്പെടുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പൊങ്കാലയിടാൻ വരുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ എംസി, എംജി റോഡുകളിലോ പാർക്ക് ചെയ്യരുത്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയിലെ ആമസോണിന്റെ ഡേറ്റാ സെന്ററിനുനേരെ ആക്രമണമെന്ന് സൂചന. അജ്ഞാതവസ്തു പതിച്ചതിനെത്തുടര്‍ന്ന് തീപിടിത്തം ഉണ്ടായതിനാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് വിഭാഗമായ ആമസോണ്‍ വെബ് സര്‍വീസസ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റാ സെന്ററിലേയ്ക്കുള്ള വൈദ്യുതി വിതരണം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
ഇറാന്റെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ യുഎഇ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഇറാനില്‍നിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ഇതോടെ പശ്ചിമേഷ്യയില്‍ ഭീതി പടരുകയും യുഎഇയിലെയും അയല്‍രാജ്യങ്ങളിലെയും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, താമസസ്ഥലങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.പുലര്‍ച്ചെ 4:30 ഓടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് തീപ്പൊരിയും തീയും ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചിട്ടുള്ള അവൈലബിലിറ്റി സോണിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. സേവന തടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ ഒന്നിലധികം ഡാറ്റാ സെന്ററുകള്‍ കമ്പനികള്‍ സ്ഥാപിക്കുന്നത്.
പ്രാദേശിക അഗ്‌നിശമന സേന വൈദ്യുതി വിച്ഛേദിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നാണ് സൂചന. യുഎഇയിലെ മറ്റ് ഡേറ്റാ സെന്ററുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തുകയാണെന്നും ഡേറ്റാ സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കമ്പനി പറയുന്നു.


by Midhun HP News | Mar 2, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഇസ്രയേല്‍ -യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു. ആഗോള വാണിജ്യ നഗരമായ ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ദുബൈയുടെ ആകാശത്ത് കറുത്ത പുക നിറയുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

ദുബൈയുടെ പ്രധാന തീരദേശ-നഗര മേഖലകള്‍ക്ക് സമീപമാണ് പുകപടലങ്ങള്‍ നിറഞ്ഞിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് പകര്‍ത്തിയ ചിത്രങ്ങളില്‍, ജബല്‍ അലി തുറമുഖം, പാം ജുമൈറ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളും ആക്രമണത്തിന്റെ പരിധിയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.
ആധുനിക നഗര ജീവിതത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തുന്ന ദുബൈ ജീവിതത്തില്‍ ആശങ്ക പടര്‍ത്തുന്നതാണ് സ്‌ഫോടനങ്ങളും പുകപടലങ്ങളും, നരത്തിന്റെ സുരക്ഷ ബോധത്തിന് തിരിച്ചടിയാണിതെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി, മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങള്‍ പലവിധ പ്രതിസന്ധികള്‍ നേരിട്ടപ്പോഴും യുഎഇ പൊതുവില്‍ ശാന്തമായിരുന്നു. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഞായറാഴ്ച അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ നൂറില്‍ അധികം പേരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ബംഗ്ലാദേശ്, നേപ്പാള്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. യുഎഇക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകള്‍ ആണ് ഇറാന്‍ തൊടുത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 152 എണ്ണം നശിപ്പിച്ചു, രണ്ട് ക്രൂയിസ് മിസൈലുകളും നിര്‍വീര്യമാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 541 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കിയെത്തിയെന്നും അതില്‍ 506 എണ്ണം തടഞ്ഞു നശിപ്പിച്ചതായും അധികൃതര്‍ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Recent Comments