മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

മഹാത്മാ ഗാന്ധിയുടെ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില; വിറ്റുപോയത് 16.20 കോടി രൂപയ്ക്ക്

ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അപൂർവ്വ ദിനക്കുറിപ്പുകൾ അടങ്ങിയ കൈയെഴുത്തു കുറിപ്പുകൾക്ക് ലേലത്തിൽ റെക്കോർഡ് വില. ഇന്ത്യയിൽ നടന്ന ലേലത്തിൽ 1.70 ദശലക്ഷം ഡോളറിനാണ് (ഏകദേശം 16.20 കോടി രൂപ) ഈ ചരിത്രരേഖകൾ വിറ്റുപോയത്. ഇതോടെ ഇന്ത്യൻ ചരിത്രരേഖകളിൽ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോകുന്ന അപൂർവ്വ ശേഖരമായി ഇത് മാറി.

ഗാന്ധിജിയുടെ അടുത്ത അനുയായിയും സുഹൃത്തുമായിരുന്ന ആനന്ദ് ടി. ഹിംഗോറാണിയുടെ ഭാര്യ വിദ്യയുടെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന് ആത്മീയ വഴികാട്ടലും സാന്ത്വനവും പകരുന്നതിനായി രണ്ട് വർഷക്കാലയളവിൽ ഗാന്ധിജി സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കുറിപ്പുകളാണ് ഈ ശേഖരത്തിലുള്ളത്. പിൽക്കാലത്ത് ‘എ തോട്ട് ഫോർ ദ ഡേ’ (A Thought for the Day) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്തമായ പുസ്തകമായി മാറിയതും ഗാന്ധിജിയുടെ ജീവിതദർശനങ്ങളും വ്യക്തിബന്ധങ്ങളും വ്യക്തമാക്കുന്നതുമായ കുറിപ്പുകളാണിത്.

ഇന്ത്യൻ ലേല സ്ഥാപനമായ സഫ്രോൺആർട്ട് സംഘടിപ്പിച്ച ‘ഗാന്ധി: ഫ്രം ദ കളക്ഷൻ ഓഫ് ആനന്ദ് ടി. ഹിംഗോറാണി’ എന്ന പ്രത്യേക ലേലത്തിലെ പ്രധാന ആകർഷണമായിരുന്നു ഈ കൈയെഴുത്തുപ്രതികൾ. പതിറ്റാണ്ടുകളായി ഹിംഗോറാണി കുടുംബം സൂക്ഷ്മമായി കാത്തുസൂക്ഷിച്ച ഈ വിപുലമായ ശേഖരത്തിൽ ഗാന്ധിജിയുടെ ജീവിതത്തിലെ ഇരുപതിലേറെ വർഷങ്ങളിലെ അനുഭവങ്ങളും വ്യക്തിപരമായ കത്തിടപാടുകളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ ഗാന്ധിജിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇന്നുമുള്ള ആഴത്തിലുള്ള സാംസ്കാരിക മൂല്യം അടിവരയിടുന്നതാണ് ഈ ലേല റെക്കോർഡ്.

ഡി സുധാകരൻ (59) അന്തരിച്ചു

ഡി സുധാകരൻ (59) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് കിഴക്കേവിള വീട്ടിൽ ദേവദാസൻ-തങ്കമ്മ ദമ്പതികളുടെ മകൻ ഡി സുധാകരൻ (59) അന്തരിച്ചു.

സഹോദരങ്ങൾ: ഡി വിശ്വംഭരൻ, ഡി സുശീലൻ.

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ക്രിമിനൽ കേസിൽ 22 വർഷം പ്രതി! മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഒടുവിൽ ‘കുറ്റവിമുക്തൻ’

ഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്. യുകെ ഇമ്മി​ഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.

വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.’

‘അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്’- മുൻ താരം വ്യക്തമാക്കി.

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദന്‍ അടക്കം നാലു പ്രതികളുടേയും ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗീതാനന്ദന്‍ അടക്കമുള്ളവരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാ വിധിക്കെതിരെ ഒന്നാം പ്രതി ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശന്‍, 11-ാം പ്രതി അനില്‍കുമാര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികള്‍ക്ക് 5 വര്‍ഷം ശിക്ഷയാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

നാലു പ്രതികളുടേയും ശിക്ഷ മരവിപ്പിച്ചു. പ്രതികള്‍ ഓരോരുത്തരും 46,000 രൂപ വീതം കെട്ടിവെയ്ക്കണം. ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങാനാകും. ഗീതാനന്ദന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അബ്ദുള്‍ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.

മുത്തങ്ങയില്‍ പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ശിക്ഷാ വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വധശ്രമക്കേസ് നിലനില്‍ക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

ബെവ്‌കോ സാമ്പത്തിക നഷ്ടത്തില്‍; കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനങ്ങളെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു. ബെവ്‌കോ ഇപ്പോഴല്ല നഷ്ടത്തിലായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ കൊണ്ടാണ് ബെവ്‌കോ സാമ്പത്തിക നഷ്ടത്തിലായത്. ബെവ്‌കോയുടെ ഉള്‍പ്പെടെ വരുമാനം പരമാവധി പിടിച്ചുവാങ്ങാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി ലിജു കുറ്റപ്പെടുത്തി.

യഥാര്‍ത്ഥത്തില്‍ ബെവ്‌കോയുടെ ഉത്പാദനം 21,000 കോടിയിലേക്ക് വര്‍ധിച്ചു. അഞ്ചു പൈസയായിരുന്ന ഗ്യാലനേജ് ഫീസ് 10 രൂപയായി ഉയര്‍ത്തിയതോടെ, 400 കോടിയില്‍പ്പരം രൂപയാണ് ബെവ്‌കോയ്ക്ക് ഒറ്റയടിക്ക് സര്‍ക്കാരിന് നല്‍കേണ്ടി വന്നത്. ലാഭത്തിന് പുറമേ, റിസര്‍വ് ഫണ്ടില്‍ നിന്നു കൂടി പണമെടുത്ത് കൊടുക്കേണ്ടി വന്നു. അതാണ് നഷ്ടത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം മാത്രം 180 കോടി നഷ്ടമായിയെന്നും മന്ത്രി പറഞ്ഞു. വെയര്‍ഹൗസില്‍ നിന്നും ഔട്ട്‌ലെറ്റുകളിലേക്ക് മാറ്റുമ്പോള്‍ സര്‍ക്കാരിന് നല്‍കിയിരുന്ന തുകയാണ് ഗ്യാലനേജ് ഫീസ്. അത് 5 പൈസയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്തിയതോടെ, 10 കോടി ഗ്യാലനേജ് ഫീസ് നല്‍കിയിരുന്നയിടത്ത് ഒറ്റയടിക്ക് 200 കോടിയായി ഉയര്‍ന്നു. ഈ നടപടിയെ ബെവ്‌കോ നേരത്തെ തന്നെ എതിര്‍ത്തിരുന്നതാണെന്നും എക്‌സൈസ് മന്ത്രി ലിജു വ്യക്തമാക്കി.