ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി; സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു, മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി; സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

കോഴിക്കോട്: ഡേറ്റിങ് ആപ്പ് മുഖേന പരിചയപ്പെട്ടയാളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയയാള്‍ പിടിയില്‍. തെലങ്കാന ശ്രീലിംഗപ്പള്ളി കൊണ്ടാപ്പുര്‍ സ്വദേശി ഇഞ്ചിരാപ്പു നാരായണ റാവു(35)വിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ ഡേറ്റിങ് ആപ്പായ ജിന്‍ഡറിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരെ കാണാന്‍ പ്രതി ലിങ്ക് റോഡിലുള്ള ഹോട്ടലിലെത്തി. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി കിടത്തി സ്വര്‍ണ ചെയിന്‍, വെളളിയരഞ്ഞാണം, 5000 രൂപ എന്നിവ കവര്‍ന്നു. എടിഎം കാര്‍ഡ് കൈക്കലാക്കി 2.4 ലക്ഷം രൂപയും തട്ടിയെടുത്തു.

സമാനമായ കേസില്‍ മറ്റൊരാളില്‍ നിന്ന് പണം കവരാന്‍ ശ്രമിക്കുന്നതിനിടെ കണ്ണൂരില്‍ നിന്നാണ് ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ടൗണ്‍ എസ്ഐ ഷിനോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. വൈ-ഫൈ ഉപയോഗിച്ച് മാത്രമാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കണ്ണൂരില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് പ്രതിയെ കസ്റ്റഡിയിലടുത്തത്.

സ്‌കൂട്ടറില്‍ പിന്‍ സീറ്റിലിരുന്ന യുവാവിന്റെ തലയില്‍ മരക്കൊമ്പ് പൊട്ടിവീണു; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

സ്‌കൂട്ടറില്‍ പിന്‍ സീറ്റിലിരുന്ന യുവാവിന്റെ തലയില്‍ മരക്കൊമ്പ് പൊട്ടിവീണു; തിരുവനന്തപുരത്ത് യുവാവ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ബന്ധു ഓടിച്ച സ്‌കൂട്ടറില്‍ പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഇടിഞ്ഞാര്‍ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്.

പാലോട് – ഇടിഞ്ഞാര്‍ റോഡില്‍ ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂര്‍ – പാലോട് റൂട്ടില്‍ മുല്ലച്ചല്‍ വളവിലാണ് അപകടം ഉണ്ടായത്. റോഡുവക്കില്‍ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ തലയില്‍ വീഴുകയായിരുന്നു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബന്ധുവായ ജോയി ഓടിച്ചിരുന്ന ടൂ വീലറില്‍ പിന്‍സീറ്റ് യാത്രക്കാരനായിരുന്ന ഷൈജുവിന്റെ തലയിലാണ് മരം ഒടിഞ്ഞു വീണത്. തല പൊട്ടി റോഡില്‍ വീണ ഷൈജുവിനെ ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പാലോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് 480 രൂപ വര്‍ധിച്ച് വീണ്ടും 1,02,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്നലെ ഉച്ചയോടെ 880 രൂപയാണ് കുറഞ്ഞത്. ഈ ഇടിവ് ഇന്നും തുടരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2680 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഉച്ച മുതല്‍ വില കുറയാന്‍ തുടങ്ങിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ സ്വര്‍ണവിലയിലാണ് ഇപ്പോള്‍ ചാഞ്ചാട്ടം തുടരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

കൊച്ചി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രാജ്യം പദ്‌മശ്രീ, പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല്മണിക്ക് വൈകുണ്ഡ് ശ്മശാനത്തില്‍.

തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എന്നും ഒരു ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ ആയിട്ടാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് വാദിച്ചു. 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തിരുന്നു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛന്‍ സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല്‍ ചടങ്ങ് നടത്തിയില്ല. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിതപരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടി.

1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ അദ്ദേഹം അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചു. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും സന്ദര്‍ശക പ്രഫസര്‍ ആയിരുന്നിട്ടുണ്ട്.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ ഇരുന്നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയിൽ ഡോ. ഗാഡ്‌ഗിൽ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനായിരുന്നു ഡോ. ​ഗാഡ്​ഗിൽ. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേർ പശ്ചിമഘട്ടം ഒരു പ്രണയകഥ എന്നായിരുന്നു.

ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്‌നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരവചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റെനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, പദ്‌മശ്രീ, പദ്‌മഭൂഷൻ , കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; നാളെ മുതല്‍ മഴയ്ക്ക് സാധ്യത

തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; നാളെ മുതല്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ജനുവരി 9 , 10, 11 തീയതികളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.