തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ

ബെം​ഗളൂരു: തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നായയുടെ കടിയേൽക്കുന്നവർക്ക് 3500 രൂപ വീതം നൽകും. മരണം സംഭവിക്കുകയോ പേവിഷ ബാധ ഏൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാര വിതരണത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അതുപോലെ തന്നെ പാമ്പുകടിയേറ്റവർക്കും സൗജന്യ ചികിത്സ നൽകും. ആയുഷ്മാൻ ഭാരതിന് കീഴി‌ലാണ് കർണാടക സർക്കാർ സൗജന്യ ചികിത്സ പ്രഖ്യാപിച്ചിരിക്കുന്നത്.

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

വി എം വിനുവിനേറ്റ തിരിച്ചടി ഇടതുമുന്നണിക്കും; തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്മാറി

തിരുവനന്തപുരം: കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മത്സരിക്കാനൊരുങ്ങിയ സംവിധായകന്‍ വിഎം വിനുവിന് ലഭിച്ച അതേ തിരിച്ചടി എല്‍ഡിഎഫിനും. തിരുവനന്തപുരം കുറവന്‍കോണം ഡിവിഷനിലാണ് വിനുവിന് സമാനമായ അവസ്ഥ ഇടതുമുന്നണിക്കും നേരിട്ടത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച അഡ്വ. കെ സി സൗമ്യയെ മാറ്റേണ്ടി വന്നു.

കുറവന്‍കോണം ഡിവിഷന്‍ ഇടതുമുന്നണി ഘടകകക്ഷിയായ ആര്‍ജെഡിക്കാണ് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ട സൗമ്യ പരാതി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് സൗമ്യ മത്സരരംഗത്തു നിന്ന് പിന്മാറുകയായിരുന്നു. വാര്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.

ആര്‍ജെഡി സ്ഥാനാര്‍ത്ഥി പിന്മാറിയ സാഹചര്യത്തില്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പത്രിക സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി നാളെയാണ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വി എം വിനുവിനും മത്സരിക്കാന്‍ കഴിയില്ല.

ഗ്രാന്റ് ഫിനാലെ ഡയമണ്ട്  ജൂബിലി ‘ജാംബൂരി 2025’ നവംബർ 23 മുതൽ

ഗ്രാന്റ് ഫിനാലെ ഡയമണ്ട് ജൂബിലി ‘ജാംബൂരി 2025’ നവംബർ 23 മുതൽ

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സിന്റെ ഗ്രാന്റ് ഫിനാലെ ഡയമണ്ട് ജൂബിലി ജാംബൂരി 2025 നവംബർ 23 മുതൽ 29 വരെ ഡിഫൻസ് എക്സ്പോഗ്രൗണ്ട്, സെക്ടർ 15, വൃന്ദാവൻ യോഗ്ന, ലക്നൗ, ഉത്തർപ്രദേശ് -ൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 3 എസ്കോർട്ടിംഗ് ടീച്ചർമാരും 28 സ്കൗട്ട്/ഗൈസുകളും, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ലിജിമോൾ ബി, ജില്ലാ കമീഷണർ അഡൽറ്റ് റിസോഴ്സ് ബിജു.എസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ അരുണിമ. സി, ജില്ലാ എക്സിക്യൂട്ടിവ് അംഗം ഷൈലജ ടീച്ചർ തുടങ്ങിയവർ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്നും കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

സ്കൗട്ട്സ് ആന്റ്ഗൈഡ്സ് ജില്ലാ സെക്രട്ടറി എസ്.സതീഷ്കുമാർ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ്സ് സനിത. എം.എസ്. എന്നിവരും ജില്ലാ ഭാരവാഹികളും രക്ഷിതാക്കളും ചേർന്ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 25 മുതൽ നടത്താനിരുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മാറ്റിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പും മറ്റും ചുണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയ്യതി പ്രകാരം ജനുവരി ആദ്യം നടക്കും.

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ വാർഡിലാണ് വിമതനായി ശ്രീകണ്ഠൻ മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

കടകംപള്ളി സുരേന്ദ്രനോടുള്ള പ്രതിഷേധസൂചകമായാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നതെന്നാണ് ശ്രീകണ്ഠൻ വ്യക്തമാക്കിയത്. ഉള്ളൂർ വാർഡിൽ താനാണ് സ്ഥാനാർത്ഥിയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അവസാന നിമിഷം മറ്റൊരാൾക്ക് സീറ്റു നൽകുകയായിരുന്നു. തന്റെ മത്സരം പാർട്ടിക്കെതിരേയല്ലെന്നും ചില വ്യക്തികൾക്കെതിരേയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ശ്രീകണ്ഠനെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. 31 വർഷം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ, 2022-ലാണ് ബ്യൂറോ ചീഫായി വിരമിക്കുന്നത്. 40 വർഷത്തിലേറെയായി സിപിഎം അംഗമാണ്.