by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുമായുള്ള ഓഫീസ് തര്‍ക്കത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എയും സിപിഎം നേതാവുമായ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തില്‍ നിന്ന് ഓഫീസ് മാറ്റാനാണ് വി കെ പ്രശാന്ത് തീരുമാനിച്ചത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴാണ് ഓഫീസ് മാറാന്‍ പ്രശാന്ത് തീരുമാനിച്ചത്. തര്‍ക്കം അവസാനിക്കട്ടെയെന്നാണ് പ്രശാന്ത് പ്രതികരിച്ചത്.
മരുതുംകുഴിയിലേക്കാണ് എംഎല്‍എ ഓഫീസ് മാറ്റുന്നത്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.
എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.



by Midhun HP News | Jan 7, 2026 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പരാതിക്കാരിയെ കക്ഷി ചേര്‍ത്തു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് ഹൈക്കോടതി രണ്ടാഴ്ച സാവകാശം അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ്, അവര്‍ക്ക് വിശദമായ സത്യവാങ്മൂലം സര്‍പ്പിക്കാനായിട്ടാണ് കേസ് 21 ലേക്ക് മാറ്റിയത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിനുശേഷമാകും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തന്റെ ജീവന് ഭീഷണിയാണെന്നാണ് പരാതിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും ഇപ്പോൾ തന്നെ ഭീഷണിയുണ്ട്. കൂടാതെ വലിയ തോതില്‍ സൈബര്‍ ആക്രമണവും നേരിടുന്നതായി പരാതിക്കാരി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ രാഹുലിന്റെ അറസ്റ്റ് ഇന്നുവരെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരാതിക്കാരിയുമായി ഉഭയകക്ഷി ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരം നടത്തിയതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.



by Midhun HP News | Jan 7, 2026 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: തൃശൂരില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശില്‍പ (30), അക്ഷയജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മോഹിത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാല്‍ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശില്‍പ വാതില്‍ തുറക്കാത്തതിനാല്‍ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ളാസ് തകര്‍ത്ത് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശില്‍പ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പേരാമംഗലം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



by Midhun HP News | Jan 7, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്. ദേവരാജ് അരസിന്റെ റെക്കോര്‍ഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തില്‍ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ്. ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.
1972 മാര്‍ച്ച് 20 മുതല്‍ 1977 ഡിസംബര്‍ 31 വരെ 2113 ദിവസവും, പിന്നീട് 1978 ഫെബ്രുവരി 28 മുതല്‍ 1980 ജനുവരി ഏഴു വരെ 679 ദിവസവുമാണ് അരസ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നത്. സിദ്ധരാമയ്യയും രണ്ടാം തവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഡി കെ ശിവകുമാറുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യയ്ക്ക് ഗുഡ് ലക്ക് ആശംസകള്‍ നേരിട്ടുണ്ട്.



by Midhun HP News | Jan 7, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി : തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ( എസ്‌ഐആര്‍ ) കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുറത്തായത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍, 2.89 കോടി വോട്ടര്‍മാര്‍, അതായത് ഉത്തര്‍പ്രദേശിലെ മൊത്തം വോട്ടര്‍മാരുടെ 18.70 ശതമാനമാണ് ഒഴിവാക്കപ്പെട്ടത്. മരണം, സ്ഥിരമായ താമസമാറ്റം, ഇരട്ട വോട്ട് തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും വോട്ടുകള്‍ ഒഴിവാക്കപ്പെട്ടതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ വ്യക്തമാക്കി.
ഇതോടെ, SIR ന്റെ പ്രാരംഭ ഘട്ടത്തിന് ശേഷം രാജ്യത്ത് ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഒന്നാമതെത്തി. കരട് വോട്ടര്‍ പട്ടികയില്‍ ഇപ്പോള്‍ 12.55 കോടി വോട്ടര്‍മാരുണ്ട്. അതായത് നേരത്തെ പട്ടികയിലുണ്ടായിരുന്ന ആകെ 15.44 കോടി വോട്ടര്‍മാരില്‍, 12.55 കോടി വോട്ടര്‍മാരും കരട് വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിലെയും 403 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടര്‍മാരാണ് പട്ടികയിലുള്ളതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു.
ഒഴിവാക്കപ്പെട്ടവരില്‍ 46.23 ലക്ഷം വോട്ടര്‍മാര്‍ (2.99 ശതമാനം) മരിച്ചതായി കണ്ടെത്തി. 2.57 കോടി വോട്ടര്‍മാര്‍ (14.06 ശതമാനം) സ്ഥിരമായി താമസം മാറിയവരോ, പരിശോധനാ പ്രക്രിയയില്‍ ലഭ്യമല്ലാത്തതോ ആണ്. 25.47 ലക്ഷം വോട്ടര്‍മാര്‍ (1.65 ശതമാനം) ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും നവ്ദീപ് റിന്‍വ പറഞ്ഞു. കരടു പട്ടികയില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജനുവരി ആറു മുതല്‍ ഫെബ്രുവരി ആറു വരെ പരാതി ഉന്നയിക്കാം. ഈ കാലയളവില്‍ വോട്ടര്‍മാര്‍ക്ക് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തല്‍, തിരുത്തല്‍ തുടങ്ങിയവയ്ക്കായി അപേക്ഷിക്കാവുന്നതാണെന്നും നവ്ദീപ് റിന്‍വ പറഞ്ഞു.



Recent Comments