ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം

ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡ് പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിനു നേരെയായിരുന്നു പുലർച്ചെ ഒരു മണിയോടെ ആക്രമണം നടന്നത്.
സംഭവ സമയത്ത് ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടിൽ. ഉറക്കത്തിലായിരുന്ന ഇവർ ശബ്ദം കേട്ട് ഉണർന്നു നോക്കുമ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് രണ്ടുപേർ വീടിന് പുറകുവശത്ത് തീയിടുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. ഫ്ലോർമാറ്റും കതകും കത്തിക്കാൻ ശ്രമിച്ചു. ടിന്റു ജി വിജയൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്.

കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

കുപ്രസിദ്ധ മാവോയിസറ്റ് കമാന്‍ഡര്‍ മദ് വി ഹിദ്മയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനും കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡറുമായ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി. ആന്ധ്ര പ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേനയാണ് ഹിദ്മയെ വധിച്ചത്. ആന്ധ്ര, ഛത്തിസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മറേദുമില്ലി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സുരക്ഷാ സേന പറഞ്ഞു. സര്‍ക്കാര്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

രാവിലെ ആറിനും ഏഴിനുമിടയിലാണ് വനമേഖലയായ മറേദുമില്ലി മണ്ഡലില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് അല്ലൂരി സീതാരാമരാജു ജില്ലാ എസ്പി അമിത് ബര്‍ദര്‍ അറിയിച്ചു. പൊലീസിലെ വിവിധ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ ഏറ്റുമുട്ടലാണിതെന്നും എസ്പി വ്യക്തമാക്കി. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഹിദ്മയുടെ ഭാര്യ രാജെയുടെ മൃതദേഹവും ഉണ്ടെന്നാണ് വിവരം.

1981ല്‍ അവിഭക്ത മധ്യപ്രദേശിലെ സുഖ്മ ജില്ലയില്‍ പുര്‍വതി ഗ്രാമത്തില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റിന്റെ ഉന്നത സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ബറ്റാലിയനെ നയിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍നിന്ന് സെന്‍ട്രല്‍ കമ്മിറ്റിയിലെത്തിയ ഏക ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ. ബസ്തറിലെ മാവോയിസ്റ്റുകളുടെ മുഖമായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ചതിനുശേഷം സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2010ലെ ദന്തേവാഡ ആക്രമണം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേര്‍ കൊല്ലപ്പെട്ട 2013ലെ ജിറാം ഘാട്ടി ആക്രമണം, 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2021ലെ സുഖ്മ-ബിജാപൂര്‍ ആക്രമണം എന്നിവയിലെല്ലാം ഹിദ്മയുടെ പങ്ക് നിര്‍ണായകമായിരുന്നു.

അടുത്തിടെ, പ്രമുഖ മാവോയിസ്റ്റും ഒട്ടേറെ ആക്രമണങ്ങളുടെ സൂത്രധാരനുമായിരുന്ന മല്ലോജുല വേണുഗോപാല്‍ റാവു എന്ന ഭൂപതിയും ഭാര്യ വിമലയും അടക്കം 61 പേര്‍ കീഴടങ്ങിയിരുന്നു. അതിനുശേഷം, ആയുധങ്ങള്‍ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാന്‍ ഭൂപതി മാവോയിസ്റ്റുകളോട് അഭ്യര്‍ഥിച്ചിരുന്നു. അധികാരത്തിനും ഭൂമിക്കും വേണ്ടി നാം നടത്തുന്ന സായുധ പോരാട്ടം ജനത്തെ അകറ്റുവെന്നും അത് നമ്മുടെ വഴിയുടെ പരാജയമാണെന്നും അതുകൊണ്ട് ആക്രമണം ഉപേക്ഷിച്ച് ജനങ്ങള്‍ക്കിടയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദഹം പറഞ്ഞിരുന്നു.

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്

കളമച്ചൽ ആനച്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് പരിക്ക്. വെഞ്ഞാറമൂട് ജ്യോതിസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് ഇറക്കം ഇറങ്ങുന്നതിനിടയിൽ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് ഓടയിലേക്ക് മറിഞ്ഞത്.

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽ; പരിശോധന

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ ട്രാക്കിൽ മനുഷ്യന്‍റെ കാൽപ്പാദം കണ്ടെത്തി. എറണാകുളം – ആലപ്പുഴ മെമു ട്രാക്കിൽ നിന്നും മാറ്റിയപ്പോഴാണ് കാലിന്റെ അവശിഷ്ടം കണ്ടത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം.

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും, അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. ശരീര ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും ട്രാക്കിൽ മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്, അപായകരമായ ആള്‍ക്കൂട്ടമെന്ന് കെ ജയകുമാര്‍; തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി

ശബരിമല: മണ്ഡലകാല സീസണ്‍ തുടങ്ങി രണ്ടാം ദിവസം തന്നെ മുന്‍പ് എങ്ങുമില്ലാത്ത തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍. ഇപ്പോഴുള്ളത് അപായകരമായ ജനക്കൂട്ടമാണ്. ഇവരെല്ലാം ക്യൂനില്‍ക്കാതെ എത്തിയവരാണെന്നും ഇത്തരത്തിലുള്ള ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതി​ഗതിയിലേക്ക് എത്തിയിരിക്കുകയാണ്.

ഇപ്പോള്‍ പതിനഞ്ച് മണിക്കൂര്‍ വരെയാണ് ഭക്തര്‍ ക്യൂനില്‍ക്കുന്നതെന്ന് ജയകുമാര്‍ പറഞ്ഞു. അത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഭക്തരെ ക്യൂ കോംപ്ലക്‌സില്‍ ഇരുത്താന്‍ നടപടിയെടുക്കും. അത് നാളെ മുതല്‍ നിലവില്‍ വരും. ക്യൂ കോംപ്ലക്‌സില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കും. പമ്പയ്ക്ക് പുറമെ നിലയ്ക്കലിലും സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.7 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളാണ് നാളെ മുതല്‍ നിലയ്ക്കലില്‍ ആരംഭിക്കുകയെന്നു ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പമ്പയില്‍ വന്നു കഴിഞ്ഞാല്‍ ഭക്തര്‍ക്ക് സുഗമമായി മലകയറി ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. അതുകൊണ്ട് ഭക്തരെ നിലയ്ക്കില്‍ നിര്‍ത്താന്‍ കഴിയണം. അവിടെ സാധ്യമായ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. സ്‌പോട്ട് ബുക്കിങിനായി ഏഴെണ്ണം കൂടി നിലയ്ക്കലില്‍ സ്ഥാപിക്കും. ശബരിമല മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവർക്ക് അന്നദാന മണ്ഡപത്തിൽ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാർക്ക് മെസ് തയ്യാറാവുകയുള്ളൂ. കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്നമുണ്ട്. അത് വിതരണം ചെയ്യാൻ 200 പേരെ അധികമായി എടുത്തു. ആളുകൾക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. നാലുമണിക്കൂറായി നിൽക്കുന്നവന് വെള്ളം കൊടുക്കണം.ശുചിമുറികൾ വൃത്തിയാക്കാൻ തമിഴ്നാട്ടിൽ നിന്ന് 200 പേരെ എത്തിക്കുമെന്നും ജയകുമാർ പറഞ്ഞു.

ഓൺലൈൻ ബുക്കിങ് ആദ്യദിവസം തന്നെ തീർന്നു. സ്പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കിൽ നിയന്ത്രണം വയ്ക്കാൻ പറ്റില്ല. നിയന്ത്രണം വയ്ക്കാൻ പറ്റുമോയെന്ന് നോക്കട്ടെ. ഒരു മിനിറ്റിൽ 80–90 പേർ പതിനെട്ടാം പടി കയറിയില്ലെങ്കിൽ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. അവരെ ബന്ധപ്പെടും. പമ്പ മലിനമാണെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജയകുമാർ പറഞ്ഞു.

തിരക്ക് കാരണം സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളായി എത്തിയ നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരെന്നാണ് കണക്ക്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്.