റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്;

റഷ്യക്കെതിരെ ഉപരോധ ബില്‍ പാസാക്കി യുഎസ് സെനറ്റ്;

വാഷിങ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇറാനെതിരെയുള്ള പിഴ നീട്ടുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്‍ യുഎസ് സെനറ്റ് പാസാക്കി. റഷ്യന്‍ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഇന്ത്യക്കും ചൈനക്കും മേല്‍ ഉയര്‍ന്ന താരിഫ് ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍.

അടുത്തിടെ അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ പേരില്‍ അറിയപ്പെടുന്ന ബില്ലിനെ ട്രംപും പിന്തുണച്ചിരുന്നു. 12നെതിരെ 86 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും ഭൂരിപക്ഷം അംഗങ്ങളും ഒന്നിച്ചുനിന്നാണ് ബില്‍ പാസാക്കാന്‍ ആവശ്യമായ 60 വോട്ട് തികച്ചത്. യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി ക്യാപിറ്റോള്‍ ഹില്ലില്‍ എത്തി സെനറ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ബില്ലിന്മേലുള്ള വോട്ടെടുപ്പ്.

റഷ്യന്‍ ഉദ്യോഗസ്ഥര്‍, അതിസമ്പന്നര്‍, ധനകാര്യ സ്ഥാപനങ്ങള്‍, റഷ്യന്‍ എണ്ണ കയറ്റുമതിയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റുകള്‍’ എന്നിവയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരായ രാജ്യങ്ങളില്‍ (പ്രത്യേകിച്ച് ഇന്ത്യ, ചൈന) നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് ബില്‍ അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ റഷ്യയില്‍ നിന്ന് 15 ശതമാനത്തില്‍ താഴെ മാത്രം പ്രകൃതിവാതകം ഇറക്കുമതി ചെയ്യുകയും, അത് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഈ ബില്ലില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ട്രംപിന്റെ ആവശ്യപ്രകാരം ഇറാന്റെ ഊര്‍ജ്ജ, ആയുധ മേഖലകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിന് നിലവിലുള്ള ഉപരോധ അധികാരങ്ങളും ഇതില്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ഊര്‍ജ്ജ വരുമാനം തടയുന്നതിലൂടെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തിന് ഫണ്ട് കണ്ടെത്താനുള്ള വ്‌ലാദിമിര്‍ പുടിന്റെ ശേഷി ദുര്‍ബലപ്പെടുത്തുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യമെന്ന് അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ ചില ഡെമോക്രാറ്റിക് നേതാക്കള്‍ ബില്ലില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

പ്രസിഡന്റിന് അമിതമായ താരിഫ് അധികാരം നല്‍കുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങളുടെ വില വര്‍ധിക്കാനും യൂറോപ്യന്‍ സഖ്യകക്ഷികളെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് പ്രതിനിധി സഭ വേനല്‍ക്കാല അവധിയിലായതിനാല്‍ സെപ്റ്റംബറിന് മുമ്പ് ബില്‍ സഭയുടെ പരിഗണനയ്ക്ക് വരാന്‍ സാധ്യതയില്ല.

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കും; ഖജനാവ് ചോരില്ല; അഞ്ച് പ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്പെഷല്‍ അസറ്റ് മാനേജ്മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്പെയ്സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളമായി 19000 കോടിയോളം രൂപയാണ് നല്‍കുന്നത്. പല കാലത്തായി രൂപീകരിച്ച സ്ഥാപനങ്ങള്‍ ഉദ്ദേശലക്ഷ്യങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കും.

കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമാകുന്നു. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കന്‍ ബിരിയാണിയും; പുതിയ മാറ്റത്തിന് ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി നല്‍കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഓഗസ്റ്റ് 5ലെ സംസ്ഥാന ബജറ്റിന് മുന്നോടിയായി മന്ത്രി വിളിച്ചുചേര്‍ത്ത ആലോചനാ യോഗത്തില്‍ 80-ലധികം അധ്യാപക സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച നിരവധി ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഈ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇത് പരിഗണനയിലാണെന്നും സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹന്‍ അറിയിച്ചു.

ഉച്ചഭക്ഷണ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് അധ്യാപക പ്രതിനിധികള്‍ പറയുന്നു. ബിരിയാണി വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം സാമൂഹികക്ഷേമ-വനിതാ ശാക്തീകരണ വകുപ്പിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് വകുപ്പിലെ ഉന്നത വൃത്തങ്ങള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇതിന് പുറമെ, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതിയും ഉച്ചഭക്ഷണ പദ്ധതിയും 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നല്‍കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍, മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഉള്ളത്. ഏകദേശം 32 ലക്ഷം കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

മട്ടന്നൂരില്‍ കാര്‍ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി സായന്ത് (25) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അഭിരാം, ഹൃഷിരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. സായന്ത് രാജ് ആണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയും മഴയും ഡ്രൈവര്‍ ഉറങ്ങി പോയതും അപകടകാരണമായെന്നാണ് മട്ടന്നൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം. മട്ടന്നൂര്‍ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ചിറയിൻകീഴിൽ കവർച്ച; സ്വർണവും വെള്ളി ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

ചിറയിൻകീഴിൽ കവർച്ച; സ്വർണവും വെള്ളി ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

ചിറയിൻകീഴ് ഒറ്റക്കലിംഗ് നിവേദ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നു.
2 പവൻ സ്വർണവും വെള്ളി ആഭരണങ്ങളും 6000 രൂപയും നഷ്ടപ്പെട്ടതായി പരാതി. കവർച്ചയുടെ സിസിടിവി ദൃശ്യം പുറത്തു വന്നു.