by Midhun HP News | Jul 29, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. 1,05,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ പവന് ഏകദേശം 3000 രൂപയാണ് കുറഞ്ഞത്.
അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഉടന്‍ തന്നെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെങ്കിലും സമീപഭാവിയില്‍ തന്നെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്ക് ആലോചിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില കുറയാന്‍ കാരണം. ഇതിന് പുറമേ ഡോളര്‍ ശക്തിയാര്‍ജിച്ചതും സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതായി വിപണി വിദഗ്ധര്‍ പറയുന്നു.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 28, 2026 | Latest News, കേരളം
കാഞ്ഞങ്ങാട്: ഏഴുവയസ്സുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷിനെയാണ് (33) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികതടവ് അനുഭവിക്കണം.
വിവിധ വകുപ്പുകളിലായാണ് ശിക്ഷാവിധി. പോക്സോ ആക്ട് പ്രകാരം 30 വർഷം കഠിനതടവും 50,000 രൂപ പിഴയും ആണ് ശിക്ഷ. (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).ഇതുകൂടാതെ ഐപിസി 449 പ്രകാരം 10 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കിൽ 6 മാസം അധികതടവ്).
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023 മുതൽ വിവിധ ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി സമയങ്ങളിൽ കുട്ടി താമസിക്കുന്ന വീട്ടിലെത്തുന്ന പ്രതി, കുട്ടി ഉറങ്ങുമ്പോൾ തൊട്ടടുത്ത മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കേസിൽ അന്നത്തെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
വിഷയത്തിന് ആസ്പദമായ പോസ്റ്റ്
ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇത് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ പോസ്റ്റ് അപ്രത്യക്ഷമായത് വലിയ പ്രതിഷേധത്തിനും കേന്ദ്ര സർക്കാരിന്റെ കടുത്ത അമർഷത്തിനും കാരണമായി.
വിശദീകരണം തേടി ഐടി മന്ത്രാലയം
ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടറിംഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാറാണ് പോസ്റ്റ് നീക്കത്തിന് കാരണമെന്നാണ് മെറ്റ സർക്കാരിനെ അറിയിച്ചത്. എന്നാൽ ഈ കാരണം അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ വിഷയം ഇതോടെ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ വിശദമായ ചർച്ചകൾ ആവശ്യമാണെന്നും കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ മൂലം ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ മെറ്റ തങ്ങളുടെ സാങ്കേതികവിദ്യ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ പബ്ലിക് പോളിസി തലവനെ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയിട്ടുണ്ട്.
നിരീക്ഷണത്തിൽ മെറ്റ പ്ലാറ്റ്‌ഫോമുകൾ
ഇന്ത്യയിൽ മെറ്റയും അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളും ശക്തമായ നിയന്ത്രണ നിരീക്ഷണങ്ങൾ നേരിടുന്ന സമയത്താണ് പുതിയ വിവാദം. വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരുന്ന പുതിയ യൂസർനെയിം ഫീച്ചർ സാമ്പത്തിക തട്ടിപ്പുകൾക്കും വ്യാജ വ്യക്തിത്വ അവകാശവാദങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഐടി മന്ത്രാലയം നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഡിജിറ്റൽ ലോകത്തെ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഉള്ളടക്ക നിയന്ത്രണങ്ങളെക്കുറിച്ചും കേന്ദ്ര സർക്കാരും മെറ്റയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് ഈ സംഭവം ആക്കം കൂട്ടും.
by Midhun HP News | Jul 28, 2026 | Latest News, കേരളം
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംഭവം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണന്‍ അറിയിച്ചു. പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് മര്‍ദ്ദനമുണ്ടായോ, പൊലീസിന് എന്തെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നെല്ലാം വിശദമായി പരിശോധിക്കുമെന്നും എസ്പി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദ് (36) മരിച്ചതാണ് വിവാദമായത്.
അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ, രാത്രി ഭാര്യയുടേയും മക്കളുടെയും മുന്നിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മർദിച്ചതായി സിയാദിന്‍റെ മകൾ ആരോപിക്കുന്ന ശബ്‍ദ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇക്കാര്യം കുട്ടി മാധ്യമങ്ങൾക്ക് മുമ്പിലും ആവർത്തിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന സിയാദ് കഴിഞ്ഞ 24 നാണ് മരിച്ചത്.
അതേസമയം ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് പൊലീസിന്‍റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്‍റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി ഗീത ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സസ്‌പെന്‍ഷനെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണല്‍ വിസമ്മതിച്ചു. സസ്‌പെന്‍ഷന്‍ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹര്‍ജിയുമായി അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കും. തന്നേക്കാള്‍ ജൂനിയറായ ഉദ്യോഗസ്ഥര്‍ ഡിജിപിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാല്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷന്‍ തടയണമെന്നും അജിത് കുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണല്‍ വാദം കേട്ടു. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എഡിജിപി അജിത് കുമാര്‍ വാദിച്ചു. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എം ആര്‍ അജിത് കുമാര്‍ ഗുരുതരമായ കുറ്റം ചെയ്തയാളാണെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ അറിയിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ്. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചതിലൂടെ, ഇരകള്‍ക്ക് നീതി നിഷേധിക്കുകയാണ് അജിത് കുമാര്‍ ചെയ്തത്. പ്രഥമദൃഷ്ട്യാ കുറ്റം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ സസ്‌പെന്റ് ചെയ്യാന്‍ മതിയായ കാരണമാണ്. എംആര്‍ അജിത് കുമാര്‍ ഡിജിപിയാകാന്‍ യോഗ്യനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
Recent Comments