by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫരിദാബാദില്‍ പൊലീസ് വൻതോതിൽ സ്‌ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഷഹീനയെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. ഡൽഹി സ്ഫോടനവുമായി ഡോക്ടർ ഷഹീന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ കമാന്‍ഡറാണ് ഡോക്ടര്‍ ഷഹീന ഷാഹിദ്. ലഖ്നൗവിലെ ലാല്‍ ബാഗ് നിവാസിയാണ് ഇവരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ മേൽനോട്ടത്തിലായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉല്‍-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. ഇയാള്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി. വിഷ്ണുവാണ് മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെന്‍റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിന്‍റെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.
തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. യുവതികളിലൊരാളുമായി വിഷ്ണു അടുപ്പത്തിലായിരുന്നെന്നും ഇതേ ചൊല്ലി വഴക്കുണ്ടായതായും പരാതിയിൽ പറയുന്നുണ്ട്. യുവതികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെ വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ യുവതികൾക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തേക്കും. സ്വമേധയാ ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്ഐടി നീക്കം.
വാസുവിനെ നേരത്തേ എസ്ഐടി ചോദ്യം ചെയ്ത് വിട്ടയച്ചുവെങ്കിലും വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ള സുധീഷ് കുമാറുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും റിമാന്റിലാണ്.
കട്ടിലപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ പരമാവധി വിവരങ്ങള്‍ ശേഖരിക്കാന്‍ ആണ് എസ്‌ഐ ടി നീക്കം.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേട്ട പാറ്റൂർ ജങ്‌ഷനിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നന്ദാവനം റസിഡൻസ് അസോസിയേഷൻ എൻആർഎ 133ൽ മുനീറ ബീവി (47) ആണ് മരിച്ചത്.
ഭർത്താവ് അബ്ദുൾ റഷീദ് (56) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകൾ ഫിദ ഫാത്തിമ (25), മുനീറയുടെ സഹോദരന്റെ മകനും കാർ ഓടിച്ചിരുന്നയാളുമായിരുന്ന സൽമാൻ (19) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായർ രാത്രി 12 മണിഓടെയാണ് അപകടം.
ബൈപാസിൽ നിന്നെത്തിയ കാർ പാറ്റൂർ ജങ്‌ഷനിലെ ആർട്ടെക് ബിൽഡിങ്ങിനുമുന്നിൽവച്ച് നിയന്ത്രണം തെറ്റി ഡിവൈഡറിന് മുകളിലേക്ക് കയറി പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഇടതുവശത്തെ എയർബാഗ് പൊട്ടിയിട്ടുണ്ട്. അബ്ദുൾ റഷീദാണ് അവിടെയിരുന്നത്. എയർബാഗ് ഓണായതിനാൽ ഡ്രൈവർ സൽമാന് കൈയിൽ പൊട്ടലുണ്ടായതൊഴിച്ചാൽ വലിയ പരിക്കുകളില്ല. പിന്നിലിരുന്ന മുനീറ ബീവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുന്നതിനെതിരെ മിന്നൽ പരിശോധനയുമായി മോട്ടർ വാഹന വകുപ്പ്. മഫ്തിയിൽ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി ഓട്ടം പിടിച്ചാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കെഎസ്ആർടിസി ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷൻ, രണ്ടാംകുറ്റി, കലക്ടറേറ്റ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉദ്യോഗസ്ഥർ ഓരോരുത്തരായി ആശ്രാമത്തേക്ക് ഓട്ടോ പിടിച്ചത്.
ഇവയിൽ ഒരു ഓട്ടോറിക്ഷക്കാരൻ ഒഴികെ ബാക്കി ആരും മീറ്റർ ഇട്ടിരുന്നില്ല. ഇവരെല്ലാം ഇരട്ടിയോളം തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മീറ്റർ ശരിയായി പ്രവർത്തിപ്പിക്കുകയും കൃത്യമായ നിരക്ക് ഈടാക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർ സന്തോഷ് കുമാറിനെ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.


Recent Comments