by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാലോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സിലായിരുന്നു സംഭവം. ഷീബ, അജിത, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതില്‍ ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി.


by Midhun HP News | Nov 11, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനു മുന്നില്‍ 330 റണ്‍സ് വിജയ ലക്ഷ്യം വച്ച് സൗരാഷ്ട്ര. അവസാന ദിവസമായ ഇന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്ര 8 വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മത്സരം സമനിലയില്‍ അവസാനിക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിലെത്തിയത്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
സ്‌കോര്‍: സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്ടത്തില്‍ 402 ഡിക്ലയര്‍. കേരളം ആദ്യ ഇന്നിങ്‌സ് 233
ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ ജയ് ഗോഹിലിന്റെയും വൈകാതെ ഗജ്ജര്‍ സമ്മറിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റണ്‍സെടുത്ത ജയ് ഗോഹില്‍ നിധീഷിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയപ്പോള്‍ 31 റണ്‍സെടുത്ത ഗജ്ജറിനെ ബേസില്‍ എന്‍പി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ അര്‍പ്പിത് വസവദയും ചിരാഗ് ജാനിയും ചേര്‍ന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ദിവസത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 159 റണ്‍സെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേര്‍ന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ടു നീക്കി. അര്‍പ്പിത് അര്‍ധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 174 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. 74 റണ്‍സെടുത്ത അര്‍പ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്‌കോറിങ് വേഗത്തിലായി. ഇരുവരും ചേര്‍ന്ന് 17 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 152 റണ്‍സെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. 14 ബൗണ്ടറിയും നാല് സിക്‌സുകളും അടങ്ങുന്നതായിരുന്നു ചിരാഗിന്റെ ഇന്നിങ്‌സ്. പ്രേരക് മങ്കാദ് 62 റണ്‍സെടുത്തു മടങ്ങി. കേരളത്തിന് വേണ്ടി എംഡി നിധീഷ് 4 വിക്കറ്റുകള്‍ വീഴ്ത്തി. എന്‍ ബേസില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥൻ ചമഞ്ഞ് കർണാടകയിൽ ലക്ഷങ്ങൾ തട്ടിയതും കേരളത്തിലെ കാർ മോഷണവും അടക്കം ഒട്ടേറെ കേസുകളിലെ പ്രതി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ നിന്ന് കടന്നുകളഞ്ഞു. കൊല്ലം കൊട്ടിയം തൃക്കോവിൽവട്ടം മുഖത്തല രജനി ഭവനിൽ രാജീവ് ഫെർണാണ്ടസ് (43) ആണ് ഇന്നലെ പുലർച്ചെ, പുറത്ത് കാവൽ നിന്ന പൊലീസുകാരെയും ഐസിയുവിലെ ജീവനക്കാരെയും കബളിപ്പിച്ച് കടന്നത്. ഡയപ്പർ മാറ്റാൻ കർട്ടൻ വച്ച് മറയൊരുക്കിയത് അവസരമാക്കുകയായിരുന്നു.
കിടക്കയ്ക്കു സമീപത്തെ ജനൽ വഴി അടുത്ത കെട്ടിടത്തിലെ ഷീറ്റിനു മുകളിലേക്കും അവിടെനിന്ന് റോഡിലേക്കും ചാടി കാത്തുനിന്ന കാറിലാണ് കടന്നത്. ഏറെ നേരമായിട്ടും ഡയപ്പർ മാറ്റിക്കഴിയാത്തതിൽ സംശയം തോന്നി ജീവനക്കാർ പരിശോധിക്കുമ്പൊഴാണ് ‘ രോഗി ’ കട്ടിലിൽ ഇല്ലെന്ന് അറിയുന്നത്. ഉള്ളിൽ പ്രവേശനമില്ലാത്തതിനാൽ ഐസിയുവിന് വെളിയിൽ കാവൽ നിന്ന പൊലീസുകാരും ഇതൊന്നുമറിഞ്ഞില്ല. മൊബൈൽ ഫോൺ ഉപയോഗിച്ച് രാജീവ് പദ്ധതി വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
നേരത്തേ മോഷ്ടിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പിന്നീട് എത്തിയപ്പോഴാണ് രാജീവ് കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാവുന്നത്. നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെത്തുടർന്ന് ഞായറാഴ്ച കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഐസിയുവിൽ 3 ദിവസത്തെ നിരീക്ഷണത്തിന് ഡോക്ടർ നിർദേശിച്ചു.
ശുചിമുറിയിൽപ്പോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനാവുന്നില്ലെന്ന് രാജീവ് പറഞ്ഞതോടെയാണ് ഡയപ്പർ നൽകിയതും അതു മാറ്റാൻ കർട്ടനിട്ട് മറയൊരുക്കിയതും .അക്ഷയ് കുമാർ അഭിനയിച്ച ‘സ്പെഷൽ 26’ ഹിന്ദി സിനിമയിലെ കഥയ്ക്ക് സമാനമായ രീതിയിൽ കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽ വ്യാജ റെയ്ഡ് നടത്തി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കർണാടക പൊലീസിന് കൈമാറാനിരിക്കെയാണ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്.


by Midhun HP News | Nov 11, 2025 | Latest News, ജില്ലാ വാർത്ത
തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചു. ‘2025 ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചു. അണക്കെട്ടിന് നിലവില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ രമ്യമായി പരിഹരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ചില ഉപകരണങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്നാടിന് വേണ്ടവിധം പ്രവേശനം നല്‍കാനും കേരള സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്’. അദ്ദേഹം പറഞ്ഞു.
അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ അവസ്ഥ വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക്, കേരളം വേഗത്തില്‍ തീരുമാനമെടുക്കുകയും ഗ്രൗട്ടിംഗ് ജോലികള്‍ തുടരാന്‍ അനുവദിക്കും.
അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകളുടെ സാധ്യതയും മേല്‍നോട്ട ഉപസമിതികള്‍ തീരുമാനിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിന് ആവശ്യമായ സ്വതന്ത്ര വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ധരുടെ പട്ടിക ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കും. ചട്ടങ്ങള്‍ പ്രകാരം, പാനല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎസ്എ അന്തിമ തീരുമാനം എടുക്കും. ബേബി ഡാമിലെ അറ്റകുറ്റപ്പണികളില്‍ തമിഴ്നാടിന്റെ ആവശ്യത്തില്‍ മരങ്ങള്‍ മുറിക്കുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നും അനില്‍ ജെയിന്‍ പറഞ്ഞു.
എന്‍ഡിഎസ്എ ചെയര്‍മാന്‍ അനില്‍ ജെയിന്‍, എന്‍ഡിഎസ്എ അംഗം (ദുരന്തവും പ്രതിരോധശേഷിയും) നോഡല്‍ ഓഫീസര്‍ രാകേഷ് ടോട്ടേജ, ആനന്ദ് രാമസാമി, തമിഴ്നാട് സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി ജെ ജയകാന്തന്‍, കേരള സൂപ്പര്‍വൈസറി കമ്മിറ്റി അംഗം ബിശ്വനാഥ് സിന്‍ഹ, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍, ഗോക് അംഗം ആര്‍ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുല്ലപ്പെരിയാര്‍, ബേബി ഡാം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
കെയ്‌റോ: ഇന്ത്യന്‍ ഷൂട്ടിങില്‍ പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് 20കാരന്‍ സാമ്രാട്ട് റാണ. ഐഎസ്എസ്എഫ് ലോക ചാംപ്യന്‍ഷിപ്പ് ഷൂട്ടിങ് പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രമെഴുതി. ഒപ്പം പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ടീമിനത്തിലും റാണ ഉള്‍പ്പെട്ട സംഘത്തിനു സ്വര്‍ണമുണ്ട്. ലോക പോരില്‍ ചരിത്ര നേട്ടത്തിനൊപ്പം ഇരട്ട സ്വര്‍ണമെന്ന മധുരവും താരം നുണഞ്ഞു.
ഫൈനലില്‍ ചൈനയുടെ ഹു കായ്‌യെ വീഴ്ത്തിയാണ് സാമ്രാട്ടിന്റെ ചരിത്ര നേട്ടം. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് താരത്തിന്റെ വെല്ലുവിളി സമര്‍ഥമായി മറികടന്നാണ് താരം ഇന്ത്യന്‍ ഷൂട്ടിങിന്റെ അഭിമാനമായത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ തോമര്‍ 221.7 പോയിന്റുകളുമായി വെങ്കലം സ്വന്തമാക്കി.
2022ല്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇതേ മണ്ണില്‍ റാണ രണ്ട് മെഡലുകള്‍ നേടിയിരുന്നു. ആ വിജയങ്ങള്‍ ഇപ്പോഴത്തെ സുവര്‍ണ നേട്ടത്തിനു പ്രചോദനമായെന്നു താരം വ്യക്തമാക്കി.
റാണ (586), തോമര്‍ (586), ശ്രാവണ്‍ കുമാര്‍ (852) എന്നിവര്‍ ചേര്‍ന്ന സംഘമാണ് ടീം ഇന്നത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. മൊത്തം 1754 പോയിന്റുകള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇറ്റലിയാണ് ടീമിനത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിക്കാണ് വെങ്കലം.


Recent Comments