വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

വേണുവിന് കഴിയാവുന്ന ചികിത്സ നല്‍കിയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയില്‍ പ്രതികരണവുമായി ഡോക്ടര്‍മാര്‍. രോഗി മരിച്ചത് വളരെ ഖേദകരമായ കാര്യമാണ്. എന്നാല്‍ എല്ലാ രോഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നല്‍കിയെന്നും ഡോ. മാത്യു ഐപ്പ് പറഞ്ഞു. കൊല്ലം പന്മന സ്വദേശി വേണുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നെഞ്ചുവേദനയുമായിട്ടാണ് നവംബര്‍ ഒന്നാം തീയതി വേണു കാഷ്വാലിറ്റിയില്‍ വരുന്നത്. ഉടനെ തന്നെ കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ട് ഹാര്‍ട്ട് അറ്റാക്കാണെന്ന് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് വേദന തുടങ്ങിയത് തലേദിവസമാണ്. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമാണ് മെഡിക്കല്‍ കോളജിലെത്തുന്നത്. ഈ രോഗാവസ്ഥയില്‍ രണ്ടു ചികിത്സയാണ് നല്‍കുക. രക്തം കട്ടപിടിച്ചത് അലിയിക്കുന്ന ലൈറ്റിക് തെറാപ്പി, പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്നിവയാണ് അവ. ലൈറ്റിക് തെറാപ്പി നെഞ്ചുവേദന തുടങ്ങി 12 മണിക്കൂറിനകം ചെയ്യണം.

നെഞ്ചുവേദന ആരംഭിച്ച് 24 മണിക്കൂറിനകമാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി ഉള്‍പ്പെടെ രണ്ടു ചികിത്സകളും നല്‍കാന്‍ കഴിഞ്ഞില്ല. രോഗിയെ കാര്‍ഡിയോളജി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുകയും മറ്റ് മരുന്നുകള്‍ നല്‍കുകയും ചെയ്തു. ക്രമേണ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായി. എന്നാല്‍ അഞ്ചാം തീയതി വൈകീട്ട് ഹാര്‍ട്ട് ഫെയ്‌ലിയര്‍ ഉണ്ടായി. ഉടന്‍ തന്നെ വെന്റിലേറ്റലിലാക്കിയെങ്കിലും രോഗി മരണപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മാത്യു ഐപ്പ് പറഞ്ഞു.

കൊടുക്കാന്‍ കഴിയാവുന്ന എല്ലാ മികച്ച ചികിത്സയും വേണുവിന് നല്‍കിയിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞ് വന്നിട്ട് ആന്‍ജിയോപ്ലാസ്റ്റി ചെയ്തില്ലെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഹൃദയാഘാതം മരണത്തിന്റെ ഒരു പ്രധാന കാരണമാണ്. ഹൃദയാഘാതം ഉണ്ടായാല്‍ എന്തു ചികിത്സ നല്‍കിയാലും 10 മുതല്‍ 20 ശതമാനം ആളുകള്‍ മരിക്കുമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് വ്യക്തമാക്കി. മരിച്ച രോഗിക്ക് വേണ്ട എല്ലാ ചികിത്സയും നല്‍കിയെന്നാണ് തന്റെ ഉത്തമ വിശ്വാസമെന്നും ഡോക്ടര്‍ മാത്യു ഐപ്പ് കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരന്‍ കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ അനാസ്ഥ കാരണം വേണുവിന് 5 ദിവസം ചികിത്സ നിഷേധിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ തകരാര്‍; ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി, നൂറിലധികം വിമാനങ്ങള്‍ വൈകി

ഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനം താറുമാറായി. നൂറിലധികം വിമാനങ്ങള്‍ വൈകിയതായും സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു.

‘എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം, ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നു. എത്രയും വേഗം പ്രശ്‌നം പരിഹരിക്കുന്നതിന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ടീം ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായും സജീവമായി പ്രവര്‍ത്തിക്കുന്നു,’ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ എയര്‍ലൈന്‍ നിര്‍ദേശങ്ങള്‍ പിന്തുടരുക ഡല്‍ഹി വിമാനത്താവള അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം പറയുന്നു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ന് നൂറോളം വിമാനങ്ങളാണ് വൈകിയത്.ഇന്നലെ വൈകിട്ട് ആരംഭിച്ച സാങ്കേതിക പ്രശ്‌നം ഇന്ന് രാവിലെയും തുടരുകയായിരുന്നു. ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം, ശരാശരി 50 മിനിറ്റ് വരെയാണ് വിമാനങ്ങള്‍ വൈകുന്നത്.

മതം മാറി, പേരു മാറി, 25 വര്‍ഷം ഒളിവു ജീവിതം, ഒരൊറ്റ ഫോണ്‍കോളില്‍ കുടുങ്ങി; ബലാത്സംഗ കേസ് പ്രതി പിടിയില്‍

മതം മാറി, പേരു മാറി, 25 വര്‍ഷം ഒളിവു ജീവിതം, ഒരൊറ്റ ഫോണ്‍കോളില്‍ കുടുങ്ങി; ബലാത്സംഗ കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ അധ്യാപകന്‍ 25 വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കരമനയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണ് പിടിയിലായത്. 2000-ല്‍ നടന്ന കേസില്‍ പ്രതിയായ മുത്തു കുമാര്‍, ചെന്നൈയില്‍ ‘സാം’ എന്ന പേരില്‍ പാസ്റ്ററായി ജീവിച്ചു വരികയായിരുന്നു.

ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുത്തുകുമാറിന്റെ വീട്ടില്‍ കണ്ടെത്തുന്നത്. വീട്ടുകാര്‍ എത്തുമ്പോള്‍ ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയ മുത്തുകുമാറിനെ, നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന പ്രതി ഒടുവില്‍ ചെന്നൈ അയണവാരം എന്ന സ്ഥലത്ത് സ്ഥിരതാമസമാക്കി. ചെന്നൈയില്‍ വെച്ച് മതം മാറിയ പ്രതി സാം എന്ന പേരില്‍ പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു. രണ്ടു വിവാഹവും കഴിച്ചിരുന്നു. പിടിയിലാകാതിരിക്കാനായി മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ഫോണ്‍ കോള്‍ ആണ് കേസില്‍ നിര്‍ണായകമായി മാറിയത്.

പബ്ലിക് ടെലിഫോണ്‍ ബൂത്തുകളില്‍ നിന്നാണ് മുത്തുകുമാര്‍ ബന്ധുക്കളെ വിളിച്ചിരുന്നത്. ബന്ധുക്കളെ നിരീക്ഷിച്ചിരുന്ന പൊലീസ് കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള 150ല്‍പരം മൊബൈല്‍ നമ്പറുകള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

അറസ്റ്റിനുള്ള കാരണം മനസ്സിലാവുന്ന ഭാഷയില്‍ എഴുതി നല്‍കണം; ഏതു കേസിലും ബാധകമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് താന്‍ നേരിടുന്ന നടപടിക്കുള്ള കാരണം അയാളുടെ മാതൃഭാഷയില്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യമോ നിയമമോ പരിഗണിക്കാതെ അറസ്റ്റിനുള്ള രേഖാമൂലമുള്ള കാരണങ്ങള്‍ കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പൊലീസിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ദേശം ബാധകമാണെന്നും ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് എ ജി മാസിഹ് എന്നിവരങ്ങിയ ബെഞ്ച് വ്യക്തമാക്കി. പിഎംഎല്‍എ , യുഎപിഎ പോലുള്ള പ്രത്യേക നിയമങ്ങള്‍ പ്രകാരം ഉണ്ടാകുന്ന കേസുകള്‍ക്ക് മാത്രമല്ല, ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും അറസ്റ്റിന്റെ കാരണം രേഖാമൂലം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

എന്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു എന്നത് തിരിച്ചറിയേണ്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം പൗരാവകാശമാണ്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. രേഖാമൂലമുള്ള കാരണങ്ങള്‍ ഉടനടി നല്‍കാന്‍ കഴിയാത്ത ചില അസാധാരണ സാഹചര്യങ്ങളില്‍, എന്തിനാണ് നടപടിയെന്ന് കുറ്റാരോപിതന് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞ് മനസിലാക്കണം. അത്തരം കേസുകളില്‍ പോലും രേഖാമൂലമുള്ള വിശദീകരണം വൈകരുത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും കാരണം പ്രതിക്ക് രേഖാമൂലം വിശദീകരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഒരാളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള പൗരന്റെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലായി മാറും. ഇത്തരം സാഹചര്യങ്ങളില്‍ അറസ്റ്റ് നിയമവിരുദ്ധമാക്കപ്പെടും. ഒരു വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങള്‍ എത്രയും വേഗം അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 22(1) പ്രകാരം സംസ്ഥാനത്തിന്റെ നിര്‍ബന്ധിതമായ കടമയാണെന്നും ബെഞ്ച് വിലയിരുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി.

2024ല്‍ മുംബൈയില്‍ നടന്ന വോര്‍ളി ബിഎംഡബ്ല്യു അപകടവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നീരീക്ഷണം. അറസ്റ്റിന് രേഖാമൂലമുള്ള കാരണങ്ങള്‍ നല്‍കാത്തത് ആര്‍ട്ടിക്കിള്‍ 22(1)ന്റെ ലംഘനമാണെന്നും, ഇത്തരത്തിലുള്ള നടപടി അറസ്റ്റിനെ നിയമ വിരുദ്ധമാക്കുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിക്ക് മുന്നില്‍ അപ്പീലുകള്‍ എത്തിയത്.

വന്ദേമാതരം, ഇന്ത്യയുടെ ദേശീയ ഗീതത്തിന് 150 വയസ്, പ്രധാനപ്പെട്ട 10 വസ്തുതകൾ

വന്ദേമാതരം, ഇന്ത്യയുടെ ദേശീയ ഗീതത്തിന് 150 വയസ്, പ്രധാനപ്പെട്ട 10 വസ്തുതകൾ

ഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഗീതം ‘വന്ദേമാതര’ത്തിന് 150 വയസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കമിടുന്നത്. രാജ്യത്തെ 150 കേന്ദ്രങ്ങളില്‍ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിടുന്നത്. കാര്‍ഗില്‍ യുദ്ധ സ്മാരകം മുതല്‍ ആന്‍ഡമാന്‍-നിക്കോബാര്‍ സെല്ലുലാര്‍ ജയില്‍ ഉള്‍പ്പെടെ ഇന്ന് വന്ദേ മാതര ആലാപന വേദിയായി മാറും. പ്രധാമന്ത്രി നരേന്ദ്ര മോദി പരിപാടികള്‍ ഔദ്യോഗകമായി ഉദ്ഘാടനം ചെയ്യും.

ഇന്ത്യയുടെ ദേശീയ ഗീതത്തെ കുറിച്ചുള്ള 10 പ്രധാന വിവരങ്ങള്‍

ബംഗാളി കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം എഴുതിയത്. 1875 നവംബര്‍ 7 ന് ബംഗദര്‍ശന്‍ എന്ന സാഹിത്യ ജേണലിലാണ് ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്.

1905 ഒക്ടോബറില്‍ ആണ് വന്ദേമാതരം എന്ന ഗീതത്തിന് രാഷ്ട്രീയ മാനം കൈവരുന്നത്. മാതൃരാജ്യത്തോടുള്ള സ്‌നേഹം അഭിനിവേശമായും പ്രോത്സാഹിപ്പിക്കുന്നതിനായി വടക്കന്‍ കല്‍ക്കട്ടയില്‍ ആണ് ഗാനം ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.

സ്വാതന്ത്ര്യ സമര കാലത്ത് വന്ദേമാതരം എന്ന ഗീതം വലിയ പ്രചാരം നേടുകയും, ഗാനം എന്നതിന് അപ്പുറത്തേക്ക് മുദ്രാവാക്യമായി വളരുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷ് ഭരണകൂടം ഗാനത്തിന്റെ വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തുടങ്ങി.

1905 നവംബറില്‍, വന്ദേമാതരം ചൊല്ലിയതിന് ബംഗാളിലെ രംഗ്പൂരിലുള്ള ഒരു സ്‌കൂളിലെ 200 വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപ പിഴ ചുമത്തുന്ന സംഭവവും ഉണ്ടായി. വന്ദേമാതരം ചൊല്ലുന്നത് തടയാന്‍ പ്രത്യേക സംഘങ്ങളെയും ബ്രിട്ടീഷ് ഭരണകൂടം നിയോഗിച്ചു.

സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലിയയില്‍ 1906 നവംബറില്‍ നടന്ന വന്‍ പൊതുയോഗത്തില്‍ വന്ദേ മാതരം ആലപിക്കപ്പെട്ടു.

1907-ല്‍, ബെര്‍ലിനിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ ഭികാജി കാമ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ പതാകയില്‍ വന്ദേമാതരം എന്നായിരുന്നു രേഖപ്പെടുത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്.

1908-ല്‍, കര്‍ണാടകയിലെ ബെല്‍ഗാമില്‍ വന്ദേമാതരം ചൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള വാക്കാലുള്ള ഉത്തരവ് ലംഘിച്ചതിന് പൊലീസ് നിരവധി പേരെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു. ലോകമാന്യ തിലകനെ ബര്‍മ്മയിലെ മണ്ഡലയിലേക്ക് നാടുകടത്തിയ ദിവസമായിരുന്നു ഇത്.

സ്വതന്ത്ര ഇന്ത്യയിലും വന്ദേ ഭാരതം ഗാനം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദേശീയ ചിഹ്നമായി ഉയര്‍ത്തേണ്ടത് ജനഗണ മന, വന്ദേ മാതരം എന്നിവയിലേത് എന്നതിനെ കുറിച്ച് ഭരണ ഘടന നിര്‍മാണ സഭയിലും ഭിന്നതയുണ്ടായിരുന്നു.

1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലിയെ അഭിസംബോധന ചെയ്ത ഡോ. രാജേന്ദ്ര പ്രസാദ് ജനഗണ മനയുടെ അതേ പദവി വന്ദേമാതരത്തിനും നല്‍കണം എന്ന് വാദിച്ചു.

ഡോ. രാജേന്ദ്ര പ്രസാദിന്റെ നിര്‍ദേശം അംഗീകരിച്ചാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജന-ഗണ-മന സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗാനമായും തുല്യമായ പദവിയോടെ ദേശീയ ഗീതമായി വന്ദേമാതരവും തെരഞ്ഞെടുക്കപ്പെട്ടത്.