by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സിമി സന്തോഷ് ആണ് ഇന്ന് പുലർച്ചെ മരിച്ചത് 44 വയസ്സായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ നവാസ് എന്നയാളും മരിച്ചിരുന്നു. ഡിസംബർ 14 നാണ് അപകടം നടന്നത്. പൊട്ടിത്തെറിയിൽ 3 പേർക്കായിരുന്നു പരുക്ക് പറ്റിയത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്..
നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോള് ആയിരുന്നു അപകടം ഉണ്ടായത്. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായ കുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേറ്റു.



by Midhun HP News | Dec 22, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്.
റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.



by Midhun HP News | Dec 22, 2025 | Latest News, കേരളം
തൃശൂര്: വാളയാറിൽ അതിഥി തൊഴിലാളിയുടെ ആള്ക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടതിൽ സര്ക്കാര് ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ രാജന്. തൃശൂരില് ജില്ല കലക്ടറുടെ സാന്നിധ്യത്തില് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട ചെലവ് സംസ്ഥാന സര്ക്കാര് വഹിക്കും. ഇതിനായി ജില്ലാ കലക്ടര് അര്ജുന് പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില് തിരിച്ചയക്കും. പ്രതികള്ക്കെതിരെ എസ് സി, എസ് ടി വകുപ്പുകള് ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ സഹായധനം കൈമാറും. പണം കുടുംബത്തിന് തന്നെ എത്തും എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് യോഗത്തില് മുഖ്യമന്ത്രി ഉള്പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്ച്ച നടത്തിയ ശേഷമാണ് പണം കൈമാറുകയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.



by Midhun HP News | Dec 22, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ജമ്മു കശ്മീരിൽ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. മാലിന്യ കൂമ്പാരത്തിൽ നിന്ന് ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്കോപ്പ് കിട്ടിയത്. ഇതേത്തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഞായറാഴ്ചയാണ് കുട്ടിക്ക് ചൈനീസ് റൈഫിൾ സ്കോപ്പ് ലഭിക്കുന്നത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചൈനീസ് അടയാളങ്ങളുള്ളതും സ്നൈപ്പർ, അസ്സോൾട്ട് റൈഫിളുകളുമായി ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ടെലിസ്കോപ്പാണ് കണ്ടെത്തിയത്. എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് റൈഫിൾ സ്കോപ്പ് കണ്ടെത്തുന്നത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) പൊലീസും അന്വേഷണം നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു



by Midhun HP News | Dec 22, 2025 | Latest News, സിനിമ
ദിലീപ് ആരാധകര് വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്. നടിയെ ആക്രമിച്ച കേസില് കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര് നല്കിയിരുന്നത്.
വലിയ വരവേല്പ്പു തന്നെയാണ് ദിലീപ് ആരാധകര് സിനിമയ്ക്ക് നല്കിയത്. മോഹന്ലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. ആദ്യ ദിവസം വലിയ കളക്ഷന് നേടാന് സാധിച്ചുവെങ്കിലും റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ഭഭബ ബോക്സ് ഓഫീസില് വീഴുന്ന കാഴ്ചയാണ് കാണാന് സാധിക്കുന്നത്.
ട്രേഡ് ട്രാക്കേഴ്സിന്റെ അഭിപ്രായത്തില് ഭഭബ ബോക്സ് ഓഫീസ് പരാജയത്തിലേക്കാണ് നീങ്ങുന്നത്. സ്പൂഫ് മോഡില് കഥ പറയുന്ന സിനിമ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് പലരുടേയും വിലയിരുത്തല്. പഴയ ശൈലി വിട്ടുവെന്ന് പറയുമ്പോഴും കാലത്തിനൊത്ത് ഉയരാന് ദിലീപിന് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം.
റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില് ഭഭബയുടെ 68000 ടിക്കറ്റുകളാണ് വില്ക്കപ്പെട്ടത്. ആദ്യ ദിവസം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള് വിറ്റുപോയിടത്താണ് ഈ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയെ പോലും മറി കടക്കുമെന്നായിരുന്നു നേരത്തെ ദിലീപ് ആരാധകരുടെ അവകാശവാദം. എന്നാല് ചിത്രത്തിന് മുന്നിലുള്ളത് വലിയ പരാജയമാണെന്നാണ് കരുതപ്പെടുന്നത്.
അമ്പത് കോടിയോളമാണ് ഭഭബയുടെ ബജറ്റെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഇതിനോടകം നേടിയത് 35 കോടിയാണെന്നും റിപ്പോര്ട്ടുകളുണ്ട്. എന്നാല് കുറഞ്ഞത് 70 കോടിയെങ്കിലും നേടാതെ ചിത്രം വിജയമാണെന്ന് പറയാന് സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ നിലവിലെ സാഹചര്യത്തില് 50 കോടി തന്നെ വലിയ സ്വപ്നമാണെന്നും അവര് പറയുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്ക്കും കടുത്ത വിമര്ശനം നേരിടേണ്ടി വരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിന് ആസ്പദമായ സംഭവത്തെ ചിത്രത്തില് പരോക്ഷമായി പരിഹസിക്കുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. ദിലീപിനെതിരെ കേസ് വന്ന സമയത്ത് പൃഥ്വിരാജ് നടത്തിയ പ്രതികരണത്തേയും ചിത്രത്തില് പരിഹസിക്കുന്നതായി വിമര്ശനമുണ്ട്. മോഹന്ലാലിന്റെ അതിഥി വേഷവും വിജയ് സിനിമകളുടെ റഫറന്സുകളുമൊന്നും ചിത്രത്തിന് രക്ഷയായില്ലെന്നാണ് സോഷ്യല് മീഡിയ പ്രതികരണങ്ങള്.



Recent Comments