‘ജനത്തിന്റെ ബുദ്ധിമുട്ട് മാനിക്കുന്നു’; പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താല്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

‘ജനത്തിന്റെ ബുദ്ധിമുട്ട് മാനിക്കുന്നു’; പെരിന്തല്‍മണ്ണയിലെ യുഡിഎഫ് ഹര്‍ത്താല്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

മലപ്പുറം: മുസ്ലീം ലീഗ് ഓഫീസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ച് രണ്ടുമണിക്കൂര്‍ ആകുന്നതിന് മുന്‍പാണ് യുഡിഎഫ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. മുസ്ലീം ലീഗ് ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയതിനാലും ജനത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്തുമാണ് യുഡിഎഫ് തീരുമാനം. നേരത്തെ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഹര്‍ത്താല്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

പെരിന്തല്‍മണ്ണ മുസ്ലീം ലീഗ് ഓഫീസിനു നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തര്‍ നടത്തിയ പ്രകടനത്തിനിടെയാണ് മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്.

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി

ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് തിരിച്ചടി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പൊലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തില്‍ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു ഇത്.

ഹോട്ടല്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈന്‍ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്.

കഴിഞ്ഞ ഏപ്രിലില്‍ പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്. പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം.

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും

തിരുവനന്തപുരം: വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സിപിഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല.

അതേസമയം, തിരുവനന്തപുരം കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും. ജില്ലാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോര്‍പറേഷനിലെ പുന്നയ്ക്കാമുകള്‍ കൗണ്‍സിലറാണ് ശിവജി. മറ്റു ജില്ലകളിലെ ജില്ലാ പഞ്ചായത്തുകളിലെയും കോര്‍പറേഷനുകളിലേക്കുമടക്കം പ്രസിഡന്‍റുമാരെയും മേയര്‍മാരെയും തെരഞ്ഞെടുക്കുന്ന നടപടികളുമായി പാര്‍ട്ടികള്‍ മുന്നോട്ടുപോവുകയാണ്.

കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ് അംഗം മില്ലി മോഹൻ ആണ് പ്രസിഡന്‍റാകുക കോടഞ്ചേരി ഡിവിഷനില്‍ നിന്നാണ് മില്ലി മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. നാദാപുരം ഡിവിഷനില്‍ നിന്നും ജയിച്ച ലീഗിന്റെ കെകെ നവാസാണ് വൈസ് പ്രസിഡന്‍റാവുക. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷ പദവി ലീഗിന് നല്‍കാനാണ് മുന്നണിയിലെ ധാരണ. ഇടതുമുന്നണി കുത്തകയാക്കിവെച്ചിരുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകളാണ് ഇക്കുറി യുഡിഎഫ് നേടിയത്. 13 ഡിവിഷനുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.

അതേസമയം, കണ്ണൂര്‍ കോര്‍പറേഷനിൽ കെപി താഹിര്‍ ഡെപ്യൂട്ടി മേയറാകും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റാണ് താഹിര്‍. വാരം ഡിവിഷനിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി ഇന്ദിരയെ മേയറാക്കാൻ നേരത്തെ കോൺഗ്രസ് തീരുമാനിച്ചിരുന്നു.

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ നടന്നത്.

മേയർ,ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 27നുമാണ് നടക്കുക. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയ ബിജെപി അംഗങ്ങൾ ശ്രീപത്മനാഭ സ്വാമി ക്ഷേത്രദർശനംനടത്തിയ ശേഷം പാളയത്ത് നിന്ന് ജാഥയായാണ് കോർപ്പറേഷനിലേക്കെത്തിയത്. കെഎസ് ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങൾ ഭരണഘടനാ പതിപ്പ് കയ്യിൽ പിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

തൃശ്ശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മുതിർന്ന അംഗമായ എം.എൽ റോസിക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.എൽ റോസി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെ 56 അംഗങ്ങളാണ് തൃശൂർ കോർപ്പറേഷൻ കൗൺസിലിലുള്ളത്. അടാട്ട് പഞ്ചായത്ത് അംഗമായി മുൻ എംഎൽഎ അനിൽ അക്കരെയും സത്യപ്രതിജ്ഞ ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൽ ആദ്യ അംഗമായി മേരി തോമസ് സത്യപ്രതിജ്ഞ ചെയ്തു.

രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

രാത്രി യാത്രയ്ക്കിടെ സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; കണ്ടക്ടറെ പിരിച്ചുവിട്ട് കെ എസ് ആർ ടി സി

തിരുവനന്തപുരം: രാത്രി യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ കണ്ടക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തുകയായിരുന്ന RPE 546 സൂപ്പര്‍ ഫാസ്റ്റ് ബസിലായിരുന്നു സംഭവം നടന്നത്.

പൊങ്ങം നൈപുണ്യ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇടുക്കി സ്വദേശിനിക്കും പത്തനംതിട്ട സ്വദേശിനിക്കുമായിരുന്നു ദുരനുഭവമുണ്ടായത്. അങ്കമാലിക്കും മുരിങ്ങൂരിനും ഇടയിലുള്ള പൊങ്ങം എന്ന സ്ഥലത്തായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. ബസ് നിര്‍ത്തി നല്‍കണമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടര്‍ അതിന് തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥിനികള്‍ കരയുകയും മറ്റ് യാത്രക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും കണ്ടക്ടര്‍ ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

ബസ് ചാലക്കുടി ബസ് സ്റ്റാന്‍ഡിലാണ് നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ രാത്രികാലങ്ങളില്‍ വനിതാ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തണം എന്ന ഉത്തരവ് നിലനില്‍ക്കെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തി. തുടര്‍ന്നാണ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇനിയും ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

സ്വര്‍ണവില ഒരു ലക്ഷം തൊടുമോ?, ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000 രൂപ കടന്ന് കുതിച്ചു. ഇന്ന് പവന് 800 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുമെന്ന തോന്നല്‍ സൃഷ്ടിച്ചത്. 99,200 രൂപയാണ് ഇന്നത്തെ പവന്‍ വില. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. സ്വര്‍ണവില ഒരു ലക്ഷം കടന്ന് കുതിക്കുമോ എന്ന ആകാംക്ഷയിലാണ് വിപണി.

ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 12,400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.