by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകര വഴയിലയിൽ പെട്രോൾ പമ്പിന് സമീപം കെഎസ്ആർടിസി ബസും ബൈക്കും തമ്മിലടിച്ച് യുവാവ് മരിച്ചു. നെയ്യാറ്റിൻകര കാരക്കോണം മഞ്ചവിളാകം കൃഷ്ണ മന്ദിരത്തിൽ രാജേഷ് ആണ് മരിച്ചത്. ഇയാൾ ഫാർമസി എക്സിക്യൂട്ടീവ് ആണ്. തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് വന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ഇടതുഭാഗത്ത് കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ്സിന്റെ പിൻഭാഗം ബൈക്ക് യാത്രികന്റെ പുറകിലൂടെ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.


by Midhun HP News | Nov 6, 2025 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,175 രൂപയായി. പവന് 320 രൂപ കൂടി 89,400 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.
ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഏകദേശം 1 ശതമാനം വര്‍ധനയുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 1.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,983.89 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.8 ശതമാനം വര്‍ധിച്ച് 3,992.90 ഡോളറിലെത്തി.പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയും സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണമായതായി വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത. യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
ഇതിനുമുമ്പ്, ബുധനാഴ്ച പവന് 720 രൂപ ഇടിഞ്ഞ് 89,080 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: രാജ്യത്തെ ഗതാഗത മേഖലയിലെ വികസനങ്ങൾക്കായി 170 ബില്യൺ ദിർഹത്തിന്റെ (3.8 ലക്ഷം കോടി) പദ്ധതികൾ നടപ്പാക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്രൂയി. ജനസംഖ്യാ വർധനവിന് അനുസൃതമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ഗതാഗതകുരുക്ക് കുറയ്‌ക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
2030 ൽ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ ആണ് മന്ത്രിയുടെ പ്രഖ്യാപനം. റോഡ് വികസനം, ഹൈസ്പീഡ്, ലൈറ്റ് റെയിൽ സംവിധാനങ്ങൾ, പൊതു ഗതാഗത സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ആകും പദ്ധതികൾ നടപ്പിലാക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഫെഡറൽ ഹൈവേകളുടെ കാര്യക്ഷമത 73% വർധിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. 120 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ഫെഡറൽ ഹൈവേ നിർമ്മിക്കാനുള്ള പഠനവും സർക്കാർ ആരംഭിച്ചിട്ടുണ്ട്.
12 പാതകളുള്ള ഈ ഹൈവേയിലൂടെ പ്രതിദിനം 3.6 ലക്ഷം യാത്രകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന് പുറമെ മറ്റു പ്രധാന പാതകളും വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയതും മന്ത്രി വ്യക്തമാക്കി.
എത്തിഹാദ് റോഡിന്റെ രണ്ടുഭാഗത്തും മൂന്നു വീതം പുതിയ പാതകൾ നിർമ്മിക്കും. ആകെ 12 പാതയാക്കി മാറ്റുന്നതോടെ ഗതാഗത ശേഷി 60% വർധിപ്പിക്കാൻ കഴിയും.
എമിറേറ്റ്സ് റോഡ് 10 പാതകളാക്കി വികസിപ്പിക്കുകയും ഗതാഗത ശേഷി 65% വർധിക്കുകയും യാത്രാസമയം 45% കുറയുകയും ചെയ്യും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്:10 പാതകളാക്കി വികസിപ്പിച്ച് ശേഷി 45% വർധിപ്പിക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. യു എ ഇയിൽ വാഹനങ്ങളുടെ എണ്ണം വർഷം തോറും 8% വീതം വർധിക്കുകയാണ്. ഇത് ലോക ശരാശരിയുടെ നാലിരട്ടിയാണ്. സ്വകാര്യ വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗം, ജനസംഖ്യാ വർധനവ് തുടങ്ങിയവയാണ് ഗതാഗത കുരുക്കുകൾക്ക് പ്രധാന കാരണങ്ങൾ.
മന്ത്രാലയം പ്രാദേശിക അധികാരികളുമായി ചേർന്ന് പുതിയ ഗതാഗത നയങ്ങൾ രൂപപ്പെടുത്തുകയും, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും, സ്മാർട്ട് മൊബിലിറ്റി പരിഹാരങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് അൽ മസ്രൂയി പറഞ്ഞു.


by Midhun HP News | Nov 6, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ 6 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മൂമ്മ റോസിലിയെ ഇന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്യും. കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. മാനസിക വിഭ്രാന്തി നേരിടുന്ന സ്ത്രീയാണ് റോസിലി എന്നാണ് വിവരം. കുഞ്ഞിന്റെ കൊലപാതകത്തിനു പിന്നാലെ മനസിനു താളംതെറ്റിയ നിലയില്‍ കണ്ടെത്തിയ റേസിലിയെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കറുകുറ്റി സ്വദേശികളായ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡല്‍ന മരിയ സാറ. മാതാപിതാക്കള്‍ അസുഖബാധിതരായതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.
ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്തു കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ അനക്കമറ്റ നിലയില്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. വീട്ടിലെ ബഹളം കേട്ട് അയല്‍വാസികളടക്കം ഓടിയെത്തുമ്പോള്‍ ചോരയില്‍ കുളിച്ച കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ആന്റണിയെയാണ് കണ്ടത്.
തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും കൂടി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകകയായിരുന്നു. എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുകാര്‍ ആശുപത്രിയില്‍ അറിയിച്ചത്. എന്നാല്‍ മുറിവില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മാനസിക വിഭ്രാന്തിയാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഡെല്‍ന മരിയ സാറയുടെ സഹോദരന്‍ ഡാനിയുടെ ജന്മദിനമായിരുന്നു ബുധനാഴ്ച. ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുളെല്ലാം വീട്ടില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ഡെല്‍ന കൊല്ലപ്പെട്ടത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കുഞ്ഞനുജത്തി മരിച്ചതറിയാതെ അശുപത്രി വിഭാഗത്തില്‍ ഓടിനടന്നു. അമ്മ കരയുന്നതെന്തിനാണെന്നുപോലം നാലുവയസ്സുകാരന് മനസില്ലായില്ല.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. 48 വയസ്സുകാരനായ കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കി സുഹൃത്തിന് ഓട്ടോ ഡ്രൈവറായ വേണു ശബ്ദസന്ദേശം അയച്ചിരുന്നു. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. എന്ത ചോദിച്ചാലും മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും വേണുപറയുന്നു.
‘വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നില്‍ക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴുപ്പ് കെട്ടുകളുടെ, അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്നുതന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം’ വേണു പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ ഒരുതരത്തിലും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുമ്പോഴെക്കും ആന്‍ജിയോ പ്ലാസ്റ്റി ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇന്നലെ രോഗിക്ക് ഹാര്‍ട്ട് ഫെയിലര്‍ ഉണ്ടായതോടെ സ്ഥിതി പെട്ടന്ന് വഷളായതോടെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിനായില്ലെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.


Recent Comments