by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്ക്കൊടുവില് അര്ജന്റീന ഇതിഹാസ താരം ലയണല് മെസി നാളെ കൊല്ക്കത്തയില് എത്തുകയാണ്. താരത്തെ കാണാന് ആരാധകര് കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്കിയാല് 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള് നേരാനും കഴിയും.
നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല് രാജീവ് ഗാന്ധി സ്റ്റേഡിയത്തില് മെസി പങ്കെടുക്കുന്ന സെവന്സ് ഫുട്ബോള് മത്സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തില് കളിക്കുന്നുണ്ട്. 38,000 പേര്ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില് ടിക്കറ്റുകള് വിറ്റുതീര്ന്നു. 2250 രൂപ മുതല് 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്ക്കാരിന്റെ ടൂറിസം, സാംസ്കാരിക, കായിക വകുപ്പുകളുടെ സ്പെഷ്യല് ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന് മെസിയുടെ സന്ദര്ശനം സംബന്ധിച്ച വിവരങ്ങള് വിശദീകരിച്ചു.
ഈ മാസം 13, 14, 15 തീയതികളില് വിവിധ പരിപാടികളില് പങ്കെടുക്കാനായി നാളെ പുലര്ച്ചെ 1.30നാണ് മെസി കൊല്ക്കത്തിയില് വിമാനം ഇറങ്ങുന്നത്. കൊല്ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള് ഷെഡ്യൂള് ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊല്ലം: റോഡില് സ്ഥാപിച്ചിരുന്ന കൂറ്റന് ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടര് യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കൊട്ടാരക്കരയില് എംസി റോഡില് സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ഫലകമാണ് യാത്രക്കാരന്റെ ദേഹത്തേക്ക് വീണത്. തുടര്ന്ന് സ്കൂട്ടര് നിയന്ത്രണം വിട്ടു മറിഞ്ഞു.
അപകടത്തില് കൈപ്പത്തിക്കും വിരലുകള്ക്കും ഗുരുതരമായി പരിക്കേറ്റ കുടവട്ടൂര് അനന്തുവിഹാറില് മുരളീധരന്പിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പര് സ്പെഷ്യല്റ്റി ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എംസി റോഡില് കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം.
കെഎസ്എഫ്ഇയുടെ കലക്ഷന് ഏജന്റായ മുരളീധരന്പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള് കൂറ്റന് തൂണുകളില് സ്ഥാപിച്ചിരുന്ന ലോഹപാളി അടര്ന്നു ശരീരത്തില് വീഴുകയായിരുന്നു. തുടര്ന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. മുറിവേറ്റു രക്തത്തില് കുളിച്ചുകിടന്ന മുരളീധരന്പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില് മുരളീധരന്പിള്ള കൊട്ടാരക്കര പൊലീസില് പരാതി നല്കിയിട്ടുണ്ട്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാടുള്ള ഫ്ലാറ്റില് നിന്ന് ഒഴിയാന് രാഹുല് മാങ്കൂട്ടത്തിലിന് അസോസിയേഷന്റെ നോട്ടീസ്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്ദേശം. ഫ്ലാറ്റില് താമസിക്കുന്ന മറ്റുള്ളവര്ക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന് നോട്ടീസ് നല്കിയത്. ഉടന് ഒഴിയാമെന്ന് രാഹുല് അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്.
രാഹുല് മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില് വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകള്ക്കുമായി അന്വേഷണ ഉദ്യോഗസ്ഥര് ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടര്ന്ന് അവിടെ താമസിക്കുന്നവര്ക്കുണ്ടായ ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിനോട് ഫ്ലാറ്റ് ഒഴിയാന് നിര്ദേശം നല്കിക്കൊണ്ട് അസോസിയേഷന് നോട്ടീസ് നല്കിയിരിക്കുന്നത്.
ബലാത്സംഗ കേസില് ഒളിവിലായിരുന്ന രാഹുല് മാങ്കൂട്ടത്തില് ഇന്നലെയാണ് പൊതുജന മധ്യത്തിലെത്തുന്നത്. പാലക്കാട് കുന്നത്തൂര്മേടില് വോട്ട് ചെയ്യാനെത്തുകയായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില് നിന്ന് പുറത്തെത്തുന്നത്. തിരിച്ചെത്തിയ രാഹുല് മാങ്കൂട്ടത്തില് പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസില് അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും തുടര്നീക്കം. രാഹുലിന്റെ വരവില് കോണ്ഗ്രസില് ഭിന്നാഭിപ്രായമാണുള്ളത്. പാലക്കാട് വോട്ട് ചെയ്യാനെത്തിയത് ഒരു വിഭാഗം നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മുതിര്ന്ന കോണ്ഗ്രസ് നേതാവും മുന് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല് (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം.
അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല് കോണ്ഗ്രസ് ടിക്കറ്റില് മഹാരാഷ്ട്ര നിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവര്ത്തിച്ച ശേഷം 1980-ല് ലാത്തൂരില് നിന്ന് ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര് മണ്ഡലത്തില് നിന്ന് തുടര്ച്ചയായി ഏഴു തവണ ലോക്സഭാംഗമായിരുന്നു. 1980 മുതല് 1989 വരെ കേന്ദ്രമന്ത്രി പ്രവര്ത്തിച്ചു. 1991 മുതല് 1996 വരെ ലോക്സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീല്. 2004-ലെ തെരഞ്ഞെടുപ്പില് ലാത്തൂരില് നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടര്ന്ന് 2004-ല് തന്നെ മഹാരാഷ്ട്രയില് നിന്ന് രാജ്യസഭാംഗമായി. 2004 മുതല് 2008 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
2008 നവംബര് 26 ന് മുംബൈയില് ഭീകരാക്രമണം നടന്നപ്പോള് ശിവരാജ് പാട്ടീലായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. മുംബൈ ഭീകരാക്രമണ സമയത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള് വിവാദമായി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്ക്ക് മൂന്നു ജീവപര്യന്തം തടവുശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന്. പ്രതികള്ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് തന്നെ നല്കണം. ക്രിമിനല് ഗൂഢാലോചന, കൂട്ടബലാത്സംഗം, പ്രേരണ എന്നീ മൂന്ന് പ്രധാന കുറ്റങ്ങള്ക്കെല്ലാം പ്രതികള്ക്ക് ജീവപര്യന്തം തടവുശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് വി അജകുമാര് ദി ന്യൂ ഇന്ത്യന് എക്സ്പ്രസിനോട് പറഞ്ഞു.
‘നിര്ഭാഗ്യവശാല്, ലൈംഗിക പീഡനത്തിന് ഇരയായ പെണ്കുട്ടിയോട്, കുറ്റകൃത്യം ചെയ്തയാളേക്കാള് മോശമായിട്ടാണ് നമ്മുടെ സമൂഹം പെരുമാറുന്നത്’ എന്ന് സുപ്രീംകോടതി 2018 ല് ഒരു വിധി ന്യായത്തില് അഭിപ്രായപ്പെട്ടിരുന്നു. പഞ്ചാബ് സ്റ്റേറ്റ് vs രാംദേവ് സിംഗ് കേസിലാണ് കോടതിയുടെ ഈ നിരീക്ഷണം. ലൈംഗിക അതിക്രമം മനുഷ്യത്വരഹിതമായ പ്രവൃത്തി എന്നതിലുപരി, ഒരു സ്ത്രീയുടെ സ്വകാര്യതയ്ക്കും പവിത്രതയ്ക്കുമുള്ള അവകാശത്തിലേക്കുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടി, ഇത്തരം കുറ്റവാളികള്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു പ്രധാന വകുപ്പുകളിലും ജീവപര്യന്തം നല്കണമെന്ന വാദം മുന്നോട്ടു വയ്ക്കുന്നതെന്നും സ്പെഷല് പബ്ലിക് പ്രോസിക്യൂട്ടര് അജകുമാര് കൂട്ടിച്ചേര്ത്തു. ദിലീപ് അടക്കമുള്ള മറ്റു പ്രതികളെ കുറ്റവിമുക്തരാക്കിയതില്, വിചാരണക്കോടതിയുടെ അന്തിമ വിധി പകര്പ്പ് കാത്തിരിക്കുകയാണ്. അതു ലഭിച്ചു കഴിഞ്ഞശേഷം കോടതി വിലയിരുത്തല് മനസ്സിലാക്കിയശേഷം, ഹൈക്കോടതിയില് അപ്പീല് നല്കുന്നതില് തീരുമാനമെടുക്കുമെന്നും അജകുമാര് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില് നേരിട്ടു കുറ്റകൃത്യത്തില് പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്സര് സുനി എന്ന സുനില്, മാര്ട്ടിന് ആന്റണി, ബി മണികണ്ഠന്, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള് സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്. ഏഴാം പ്രതി ചാര്ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.



Recent Comments