by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസില് കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില് നാടകീയ രംഗങ്ങള്. കോടതിയില് രണ്ടാം പ്രതി മാര്ട്ടിന് പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്ട്ടിന് പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില് അഞ്ചര വര്ഷം ജയിലില് കിടന്നു. താന് ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും അമ്മയും കഴിയുന്നതെന്നും മാര്ട്ടിന് കോടതിയില് പറഞ്ഞു.
നടിയെ തൃശൂരിലെ വീട്ടില് നിന്നും കൊച്ചിയിലെത്തിച്ച എസ് യു വി വാഹനം ഓടിച്ചത് മാര്ട്ടിന് ആന്റണിയാണ്. വീട്ടില് അമ്മ മാത്രമേയുള്ളൂവെന്നാണ് കേസിലെ മുഖ്യപ്രതിയായ പള്സര് സുനി പറഞ്ഞു. അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്. അതിനാല് ശിക്ഷയില് ഇളവു വേണമെന്നും പള്സര് സുനി കോടതിയില് ആവശ്യപ്പെട്ടു. താന് മനസ്സറിഞ്ഞ് ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് കേസില് മൂന്നാം പ്രതിയായ മണികണ്ഠന് കോടതിയില് പറഞ്ഞു.
ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്ക്ക് താന് മാത്രമാണ് ആശ്രയം. അതിനാല് ശിക്ഷയില് ഇളവു വേണമെന്നും മണികണ്ഠന് അപേക്ഷിച്ചു. പള്സര് സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തുമ്പോള് മണികണ്ഠനായിരുന്നു ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്നത്. കുറഞ്ഞ ശിക്ഷ നല്കണമെന്നും, തന്റെ നാട് കണ്ണൂരിലായതിനാല് തലശ്ശേരി ജയിലിലേക്ക് അയക്കണമെന്നും പ്രതി വിജീഷ് കോടതിയോട് ആവശ്യപ്പെട്ടു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഞ്ചാം പ്രതി വടിവാള് സലിം പറഞ്ഞു.
ഭാര്യയും ചെറിയ പെണ്കുട്ടിയും തനിക്കുണ്ട്. അവരെ പോറ്റേണ്ട ചുമതല തനിക്കുണ്ട്. അതിനാല് പരമാവധി കുറഞ്ഞ ശിക്ഷ നല്കണമെന്നും വടിവാള് സലിം അപേക്ഷിച്ചു. കുടുംബത്തിന്റെ അവസ്ഥയാണ് ആറാം പ്രതി പ്രദീപും കോടതിയില് ആവര്ത്തിച്ചു. കരഞ്ഞുകൊണ്ടാണ് പ്രദീപ് കോടതിയോട് സംസാരിച്ചത്. ശിക്ഷയിന്മേല് തുടര്ന്ന് അഭിഭാഷകരുടെ വാദം കേള്ക്കും. ഇതിനുശേഷം പ്രതികളുടെ ശിക്ഷ ഇന്നു തന്നെ കോടതി വിധിക്കുമെന്നാണ് സൂചന.
കോടതിയുടെ അച്ചടക്കം അഭിഭാഷകരും മാധ്യമങ്ങളും പാലിക്കണമെന്ന് കോടതി തുടക്കത്തില് കര്ശന മുന്നറിയിപ്പ് നല്കിയിരുന്നു. ഹണി എം വര്ഗീസിന്റെ ഭൂതകാലം ചികഞ്ഞോളൂ. എന്നാല് കോടതിയുടെ നടപടികളെ മോശമാക്കുന്ന തരത്തില് റിപ്പോര്ട്ടിങ്ങ് ഉണ്ടായാല് കടുത്ത നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ഹണി എം വര്ഗീസ് മാധ്യമങ്ങള്ക്ക് ശക്തമായ താക്കീത് നല്കിയിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വര്ണം കവര്ന്ന കേസില് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്സ് കോടതി തള്ളി. കേസില് അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില് കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സ്വര്ണപ്പാളികള് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതിലും, രേഖകളില് ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില് പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില് ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര് 20 നാണ് കട്ടിളപ്പാളിയിലെ സ്വര്ണം കവര്ന്ന കേസില് പത്മകുമാര് അറസ്റ്റിലായത്. ദ്വാരപാലക ശില്പകേസിലും പത്മകുമാര് നിലവില് റിമാന്ഡിലാണ്.
മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് പാളികള് കൈമാറിയതില് ദേവസ്വം ബോര്ഡിലെ എല്ലാ അംഗങ്ങള്ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്ജിയില് പത്മകുമാർ വ്യക്തമാക്കിയിരുന്നത്. മിനിറ്റ്സില് ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ഇതാദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരിഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഡല്ഹി: രാജ്യത്ത് വോട്ടര് പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില് ഡിസംബര് 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ഡമാന് നിക്കോബാര് എന്നിവിടങ്ങളില് ഡിസംബര് 18 വരെയും ഉത്തര്പ്രദേശില് ഡിസംബര് 26 വരെയുമാണ് നീട്ടിയത്.
എസ്ഐആര് നടപടികള് വേഗത്തില് പൂര്ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്ഒമാര് ആത്മഹത്യ ചെയ്തതുള്പ്പടെ ഗുരുതര പരാതികള് ഉയര്ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന് ഫോം സമര്പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില് ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്കിയിരുന്നു. കേരളത്തില് എന്യൂമറേഷന് ഫോം സമര്പ്പിക്കാനുള്ള തിയതി ഡിസംബര് 18വരെയാണ് നീട്ടിയത്. ഡിസംബര് 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്ഐആര് നടപടികള് നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന് തള്ളി. ബംഗാളില് എസ്ഐആര് കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില് നിന്ന് ഒഴിവായതെന്നാണ് റിപ്പോര്ട്ടുകള്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊട്ടാരക്കര: തിരുവനന്തപുരത്ത് റോഡരികില്ക്കൂടി നടന്നുപോയ യുവാവ് കാറിടിച്ച് മരിച്ചു. കോട്ടാത്തല മൂഴിക്കോട് കടമ്പാട്ടുവിള വീട്ടില് ഷാജിയുടെ മകന് ജിഷ്ണു(19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്ത് താമസിച്ച് പഠിക്കുന്ന ജിഷ്ണു കൂട്ടുകാര്ക്കൊപ്പം രാത്രി ഭക്ഷണത്തിനായി കടയിലേക്ക് പോയതാണ്. പിന്നാലെ വന്ന കാര് ജിഷ്ണുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്ത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.



by Midhun HP News | Dec 12, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആരാധകരുടെ ആകാംക്ഷകള്ക്കൊടുവില് അര്ജന്റീന ഇതിഹാസ താരം ലയണല് മെസി നാളെ കൊല്ക്കത്തയില് എത്തുകയാണ്. താരത്തെ കാണാന് ആരാധകര് കാത്തിരിക്കുകയാണ്. മെസിയുമായി സംസാരിക്കാനും ആരാധകര്ക്ക് അവസരമുണ്ട്, 10 ലക്ഷം രൂപ നല്കിയാല് 15 മിനിറ്റ് ഇതിഹാസവുമായി സംസാരിക്കാനും ആശംസകള് നേരാനും കഴിയും.
നാളെ വൈകീട്ട് ഏഴ് മുതലാണ് ഹൈദരാബാദ് ഉപ്പല് രാജീവ് ഗാന്ധി സ്റ്റേഡിയത്തില് മെസി പങ്കെടുക്കുന്ന സെവന്സ് ഫുട്ബോള് മത്സരം. മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സൗഹൃദ മത്സരത്തില് കളിക്കുന്നുണ്ട്. 38,000 പേര്ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില് ടിക്കറ്റുകള് വിറ്റുതീര്ന്നു. 2250 രൂപ മുതല് 9000 രൂപ വരെയായിരുന്നു ടിക്കറ്റ് വില. തെലങ്കാന സര്ക്കാരിന്റെ ടൂറിസം, സാംസ്കാരിക, കായിക വകുപ്പുകളുടെ സ്പെഷ്യല് ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന് മെസിയുടെ സന്ദര്ശനം സംബന്ധിച്ച വിവരങ്ങള് വിശദീകരിച്ചു.
ഈ മാസം 13, 14, 15 തീയതികളില് വിവിധ പരിപാടികളില് പങ്കെടുക്കാനായി നാളെ പുലര്ച്ചെ 1.30നാണ് മെസി കൊല്ക്കത്തിയില് വിമാനം ഇറങ്ങുന്നത്. കൊല്ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്ഹി നഗരങ്ങളിലാണ് ഇതിഹാസ താരത്തിന്റെ പരിപാടികള് ഷെഡ്യൂള് ചെയ്തിരിക്കുന്നത്.



Recent Comments