വിന്റര്‍ ഷെഡ്യൂളുകളില്‍ തിരുവനന്തപുരത്തിന് നേട്ടം, 22 ശതമാനം അധിക സര്‍വീസുകള്‍

വിന്റര്‍ ഷെഡ്യൂളുകളില്‍ തിരുവനന്തപുരത്തിന് നേട്ടം, 22 ശതമാനം അധിക സര്‍വീസുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി ഉയരും. നിലവിലെ സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 ആയിരുന്നു. ഇന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് വിന്റര്‍ ഷ്യെഡ്യൂള്‍.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടന്‍ പുതിയ സര്‍വീസുകള്‍ തുടങ്ങും. കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലെ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിക്കും. രാജ്യാന്തര സര്‍വീസുകള്‍ 300 പ്രതിവാര എടിഎമ്മുകളില്‍ നിന്ന് 326 ആയി കൂടും. 9 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുക. ആഭ്യന്തര സര്‍വീസുകള്‍ 300 ഇല്‍ നിന്ന് 406 ആയി ഉയരും. 35 ശതമാനമാണ് വര്‍ധന.

പ്രതിവാര സര്‍വീസുകള്‍:

അബുദാബി – 66

ഷാര്‍ജ – 56

ദമ്മാം – 28

കുവൈത്ത് – 24

മാലെ- 24

ദുബായ് – 22

മസ്‌കത്ത് – 22

ക്വലാലംപൂര്‍ – 22

ദോഹ – 20

സിംഗപ്പൂര്‍ – 14

ബഹ്റൈന്‍ – 10

കൊളംബോ – 08

റിയാദ് – 06

ഹാനിമാധൂ – 04

ആഭ്യന്തര സര്‍വീസുകള്‍:

ബെംഗളൂരു – 92

ഡല്‍ഹി – 84

മുംബൈ – 70

ചെന്നൈ – 42

ഹൈദരാബാദ് – 28

നവി മുംബൈ – 28

കൊച്ചി – 26

ട്രിച്ചി – 12

കണ്ണൂര്‍ – 10

പുണെ – 08

മംഗളൂരു – 06

‘രോഹിതും കോഹ്‌ലിയും പരാജയപ്പെട്ട് കാണാന്‍ ചിലര്‍ കാത്തിരിക്കുന്നു’

‘രോഹിതും കോഹ്‌ലിയും പരാജയപ്പെട്ട് കാണാന്‍ ചിലര്‍ കാത്തിരിക്കുന്നു’

മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും പിന്തുണച്ച്, സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് കൈഫ്. രോഹിതും കോഹ്‌ലിയും 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലുണ്ടാകരുതെന്നു ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. ഓസീസ് മണ്ണിലടക്കം ഇരുവരും ഫോമിലെത്തരുതെന്നു സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മൂന്നാം പോരില്‍ ഹിറ്റ്മാന്‍ സെഞ്ച്വറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളിലും തുടരെ പൂജ്യത്തില്‍ പുറത്തായ കോഹ്‌ലിയും മൂന്നാം പോരില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു തിരിച്ചു വരവ് ഗംഭീരമാക്കി. ഇരുവരും ചേര്‍ന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു.

പിന്നാലെയാണ് യു ട്യൂബ് ചാനലിലൂടെ തുറന്നു പറച്ചിലുമായി കൈഫ് രംഗത്തെത്തിയത്.’തങ്ങള്‍ പരാജയപ്പെടാന്‍ കാത്തിരിക്കുന്നവരുണ്ടെന്നു രോഹിതിനും കോഹ്‌ലിക്കും അറിയാം. ചില സെലക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരും അതാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും ദൃഢ നിശ്ചയമുള്ളവരാണ്. അവരുടെ മുഖം നോക്കു. ശന്തമായാണ് അവര്‍ കളിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന ആത്മവിശ്വാസമുണ്ട് രണ്ട് പേര്‍ക്കും.’

മത്സരത്തില്‍ 168 റണ്‍സ് കൂട്ടുകെട്ടാണ് ഇതിഹാസങ്ങള്‍ ചേര്‍ന്നു സിഡ്‌നിയില്‍ ഉയര്‍ത്തിയത്. രോഹിത് 121 റണ്‍സും കോഹ്‌ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു.

‘2027ലെ ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരു താരങ്ങളും ഇന്ത്യക്കായി കളിക്കണ്ടേത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രോഹിതിനെ ബൗണ്‍സി ട്രാക്കില്‍ ടീമിനു വേണം. സമാനമാണ് കോഹ്‌ലിയും. ഇരുവരും ഇത്തരം പിച്ചുകളില്‍ നന്നായി കളിച്ച് മികവ് അടിവരയിട്ട താരങ്ങളാണ്. പ്രായം വെരും സംഖ്യ മാത്രമാണെന്നു ഇരുവരും തെളിയിക്കുന്നുണ്ട്. രോഹിതിനും കോഹ്‌ലിക്കും ആരാധക പിന്തുണയുണ്ട്’- കൈഫ് വ്യക്തമാക്കി.

നവീൻ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പി പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഹർജി

നവീൻ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പി പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഹർജി

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നവീൻബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്‌കോടതി ഫയലിൽ സ്വീകരിച്ചു.

ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് ഇവർക്ക് കോടതി നിർദേശം നൽകിയിട്ടുള്ളത്. അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹർജി ഫയല്‍ ചെയ്തിട്ടുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കുടുംബം വ്യക്തമാക്കുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം കണ്ണൂർ കലക്ടറേറ്റിൽ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുമ്പോൾ അതിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുകയും അപകീർത്തികരമായി പ്രസംഗിക്കുകയും ചെയ്തുവെന്നാണ് ദിവ്യയുടെ പേരിലുള്ള ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് പ്രശാന്തൻ ആരോപിച്ചിരുന്നു. അത് തെളിയിക്കാൻ അയാൾ തയ്യാറായിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ പ്രതിചേർത്തുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ‘വെയ്റ്റ് വെറും രണ്ട് ദിവസം മാത്രം കാത്തിരിക്കണം’ എന്ന് പി പി ദിവ്യ പറഞ്ഞത് എന്തിനായിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടിട്ടില്ല. നവീൻ ബാബുവിന്റെ മരണം അന്വേഷിച്ച പ്രത്യേക സംഘവും ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു

ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു

സർക്കാർ ആയുഷ് മേഖലയിലെ സിദ്ധ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനോട് അനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ മുഖേന നടപ്പിലാക്കുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരിയിൽ സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.

ഗ്രാമത്ത് മുക്ക് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ നിയോജകമണ്ഡലതല ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി സ്വാഗതം ആശംസിക്കുകയും, ആറ്റിങ്ങൽ എം. എൽ. എ ഒ. എസ് അംബിക അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗവൺമെൻറ് സിദ്ധ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ചന്ദ്രപ്രഭു. എം വിഷയാവതരണം നടത്തുകയും തുടർന്ന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. തുളസീധരൻ പിള്ള, ഷീജാ എസ്., എ. നജാം, രമ്യാ സുധീർ, അവനവഞ്ചേരി രാജു, എസ്. ഗിരിജ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും മെഡിക്കൽ ഓഫീസർ (വർമ്മ) ഡോ. ദേവിക. പി. എസ് എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ എൻ.എ.ബി.എച്ച് അംഗീകാരം നേടിയ ആദ്യ സർക്കാർ സിദ്ധ ഡിസ്പെൻസറിയും, ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഡിസ്പെൻസറുകളിൽ നിന്നും പ്രഥമ കായകൽപ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് ഗവ സിദ്ധ ഡിസ്പെൻസറി അവനവഞ്ചേരി. സേവനത്തിന്റെ വഴിയിൽ ഒരു ചുവടുവെപ്പ് കൂടി നടത്തിക്കൊണ്ട് പുതിയതായി തുടങ്ങുന്ന സിദ്ധ വർമ്മ തെറാപ്പി യൂണിറ്റിൽ ഒരു വർമ്മ മെഡിക്കൽ ഓഫീസറിനെയും രണ്ട് തെറാപ്പിസ്റ്റുകളെയും ലഭ്യമാക്കിയിട്ടുണ്ട്. വിവിധ അസ്ഥി, പേശി, നാഡീ രോഗങ്ങൾക്കും ജീവിതശൈലി രോഗങ്ങൾ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾക്കും വർമ്മ ചികിത്സ ഫലപ്രദമാണ്.

മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിന് സാധ്യത

മഴ തുടരും; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ചുഴലിക്കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

അറബികടലിൽ തീവ്ര ന്യൂനമർദ്ദം

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം. ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യത. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഒക്ടോബർ 26 നകം തീവ്ര ന്യൂനമർദ്ദമായും, തുടർന്ന് നാളെ രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യത.

കേരള തീരത്ത് ഈ മാസം 28 വരെയും കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 29 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളിലും അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത.