by Midhun HP News | Dec 10, 2025 | Latest News, കേരളം
ഗുരുവായൂര്: സംസ്ഥാനത്ത് വ്യാപകമായ രീതിയില് പ്രവര്ത്തനം നടത്തിയ ഓണ്ലൈന് സെക്സ് റാക്കറ്റിലെ 3 പേര് പിടിയില്. റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂര് നെന്മിനി അമ്പാടി വീട്ടില് അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂര് എസ്എന്പുരം പനങ്ങാട് മരോട്ടിക്കല് എം.ജെ.ഷോജിന് (24), പടിഞ്ഞാറെനടയില് ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരെയാണ് ഗുരുവായൂര് ടെംപിള് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിന് ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂപ്പുകളുടെയും ബ്രോഡ്കാസ്റ്റിങ് ഗ്രൂപ്പുകളുടെയും അഡ്മിനാണ് അജയ് വിനോദും പിടികിട്ടാനുള്ള സ്ത്രീയുമെന്ന് പൊലീസ് പറയുന്നു. കേരളത്തില് ഏതു സ്ഥലത്തുള്ള ആളുകളുമായും ചേര്ന്നു പ്രവര്ത്തിക്കുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രദേശത്തും ഏജന്റുമാരുണ്ട്. ആവശ്യക്കാര് അവരുടെ സ്ഥലം അറിയിച്ചാല് ആ പരിസരത്തുകാരായവരുടെ ചിത്രങ്ങള് നല്കും. ഒരു വര്ഷത്തോളമായി ഇവര് പ്രവര്ത്തനം ആരംഭിച്ചിട്ട്. വിശ്വസ്തരായവരെ മാത്രമേ ഗ്രൂപ്പില് ചേര്ക്കുകയുള്ളൂ.
അജയ് വിനോദിന്റെ ഫോണില് നിന്ന് ഗ്രൂപ്പിലുള്ളവരുടെ വിവരങ്ങളും ഗൂഗിള് പേ വഴിയും ഓണ്ലൈന് ട്രാന്സ്ഫര് വഴിയും പണം കൈമാറിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. പൊലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.



by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള് വിധി പ്രസ്താവനത്തിനു മുന്പു തന്നെ ചോര്ന്നതായി സംശയം. വിധിന്യായത്തിലെ വിവരങ്ങള് ഉള്പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് സ്ഥിരീകരിച്ചു. സെന്സിറ്റിവ് ആവ കേസില് നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്ന്നതോടെ അസോസിയേഷന് കത്ത് ചീഫ് ജസ്റ്റിസിനു കൈമാറി.
നടിയെ ആക്രമിക്കപ്പെട്ട കേസില് ഡിസംബര് എട്ടിനാണ് വിധി വന്നത്. അതിനുമുന്പേ ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന് ‘എഴുതിയ കത്തില് ഏഴാം പ്രതി ചാര്ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന് എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്കുമാര് എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.
കത്തില് പരാമര്ശിച്ച പോലെ വരവണ്ണം വ്യത്യാസമില്ലാതെയാണ് കേസിലെ വിധി ഉണ്ടായത്. ഇത്തരത്തില് ഒരുകത്ത് ലഭിച്ചതായി അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി ന്യൂ ഇന്ത്യന് എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. ഉചിതമായ നടപടിക്കായി കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ജ്യൂഡീഷ്യറിയുടെ സത്പേരിന് കളങ്കമുണ്ടാകുന്നതാണ് സംഭവമെന്നും ഗുരുതരമായ ആശങ്കകള് ഉയര്ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള് എങ്ങനെയാണ് ചോര്ന്നതെന്ന് കണ്ടെത്താന് അന്വേഷണം വേണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
‘ജഡ്ജി ഹണി എം വര്ഗീസ് തന്റെ അടുത്ത സഹായിയായ ഷെര്ലി വഴി വിധിന്യായം തയ്യാറാക്കുകയും, എട്ടാം പ്രതിയുടെ അടുത്ത കൂട്ടുകാരനായ ഹോട്ടല് വ്യവസായി ശരത്തിനെ കാണിച്ച ഉറപ്പിച്ച ശേഷം അതനുസരിച്ചുള്ള വിധി 2025 ഡിസംബര് 8-ന് പ്രസ്താവിക്കാന് പോകുകയാണ്’ കത്തില് പറയുന്നു. ‘രണ്ട് മുതിര്ന്ന കേരള ഹൈക്കോടതി ജഡ്ജിമാരും എറണാകുളം ജില്ലയുടെ ചുമതലയുള്ള മറ്റൊരു ജഡ്ജിയും എല്ലാ കാര്യങ്ങളിലും അവര്ക്ക് പിന്തുണ നല്കുന്നുണ്ട്. ഇതാണ് നീതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികളില് ഏര്പ്പെടാന് സെഷന്സ് ജഡ്ജിക്ക് ധൈര്യം നല്കുന്നത്,’ എന്നും കത്തില് പറയുന്നു.
എറണാകുളം പ്രിന്സിപ്പല് ജില്ലാ ജഡ്ജി ഹണി എം വര്ഗീസാണ് ശിക്ഷ വിധിച്ചത്. കേസില് ക്രിമിനല് ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ടാം പ്രതി ദിലീപിനെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി വെറുതെ വിട്ടത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഏഴാം പ്രതി ചാര്ളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനല്, പതിനഞ്ചാം പ്രതി ശരത് എന്നിവരെയും കുറ്റവിമുക്തരാക്കി.
ഒന്നാംപ്രതി പള്സര് സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജേഷ്, അഞ്ചാംപ്രതി വടിവാള് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്ക്കും. തട്ടിക്കൊണ്ടുപോകല്, കൂട്ടബലാത്സംഗം, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്, ദൃശ്യങ്ങള് പകര്ത്തി ഐടി ആക്ട് ലംഘനം എന്നിവയാണ് ആദ്യ ആറ് പ്രതികള്ക്കെതിരെയുള്ള കുറ്റങ്ങള്. വെറുതേ വിട്ട ഏഴാം പ്രതി ചാര്ളി തോമസിനെതിരെ പ്രതികളെ കോയമ്പത്തൂരില് ഒളിവില് കഴിയാന് സഹായിച്ചെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ജയിലില് വെച്ച് പള്സര് സുനിയെ ദിലീപിന്റെ ആളുകളുമായി ബന്ധപ്പെടാന് സഹായിച്ചതിന് മേസ്തിരി സനിലിനെതിരെയും, തെളിവ് നശിപ്പിച്ചതിന് ദിലീപിന്റെ സുഹൃത്ത് ശരത്തിനെതിരെയും തെളിവില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷയിന്മേല് കോടതി വെള്ളിയാഴ്ച വാദം കേള്ക്കും.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ചെമ്പിട്ടവിള വീട്ടിൽ പ്രഭാകരൻ (77) ആണ് മരിച്ചത്. ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് മസ്തിക ജ്വരം സ്ഥിരീകരിച്ചു. രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
ഭാര്യ : സുനിത
മക്കൾ: പ്രിയ, പ്രിയങ്ക
മരുമകൻ: സന്തോഷ് കുമാർ
by Midhun HP News | Dec 10, 2025 | Latest News, കേരളം
ക്രിസ്മസ്, പുതുവത്സര സീസണ് കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന് പ്രത്യേക ട്രെയിനുകള് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്വേ. 06192 തിരുവനന്തപുരം സെന്ട്രല് – ചണ്ഡീഗഡ് വണ്-വേ എക്സ്പ്രസ് സ്പെഷ്യല്, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്ട്രല് – ചണ്ഡീഗഡ് വണ്വേ എക്സ്പ്രസ് സ്പെഷ്യല് ഡിസംബര് 10 (ബുധന്) ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 4 ന് ചണ്ഡീഗഡില് എത്തിച്ചേരും (1 സര്വീസ്). 2- എസി ത്രീ ടയര് ഇക്കണോമി കോച്ചുകള്, 8- സ്ലീപ്പര് ക്ലാസ് കോച്ചുകള്, 7- ജനറല് സെക്കന്ഡ് ക്ലാസ് കോച്ചുകള്, 2- ലഗേജ് കം ബ്രേക്ക് വാന് എന്നിങ്ങനെയാണ് കോച്ച് പൊസിഷന്. തിരുവനന്തപുരം സെന്ട്രല്, കൊല്ലം, കായംകുളം, ചെങ്ങന്നൂര്, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്, ആലുവ, തൃശൂര്, ഷൊര്ണൂര്, തിരൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളില് സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു – തൂത്തുക്കുടി എക്സ്പ്രസ് സ്പെഷ്യല് ഡിസംബര് 23, 27 തീയതികളില് (ചൊവ്വ, ശനി) വൈകിട്ട് 6.35 ന് മൈസൂരുവില് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില് എത്തിച്ചേരും (2 സര്വീസുകള്). തിരികെ 06284 തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് സ്പെഷ്യല് ഡിസംബര് 24, 28 തീയതികളില് (ബുധന്, ഞായര്) ഉച്ചയ്ക്ക് 2ന് തൂത്തുക്കുടിയില് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില് എത്തിച്ചേരും (2 സര്വീസുകള്). എസി ടു ടയര് കോച്ച്, 2 എസി ത്രീ ടയര് കോച്ചുകള്, 9 സ്ലീപ്പര് ക്ലാസ് കോച്ചുകള്, 4 ജനറല് സെക്കന്ഡ് ക്ലാസ് കോച്ചുകള്, 2 ലഗേജ്-കം-ബ്രേക്ക് വാന് എന്നിങ്ങനെയാണ് കോച്ചുകള്.



by Midhun HP News | Dec 10, 2025 | Latest News, കേരളം
കൊച്ചി: തനിക്കെതിരായ സൈബര് ആക്രമണത്തില് തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില് അതിജീവിതയുടെ അഭിഭാഷകയായ ടി ബി മിനി. ചിലയാളുകള് ദിലീപ് പീഡിപ്പിച്ചാല് കുഴപ്പമില്ലെന്ന് താന് പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില് ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന് പറഞ്ഞതില് നിന്നും അടര്ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് മിനി ഫെയ്സ്ബുക്കില് കുറിച്ചു.
‘ഇയാള് ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്ച്ചയായി ആണ് ഞാന് ഇത് വിശദീകരിച്ചത്. വരികള് അടര്ത്തി എടുത്ത് ആര്മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തിയ്യതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന് കൊടുത്ത് ചെയ്യിക്കുമ്പോഴത് ‘double rape’ ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്’, മിനി പറഞ്ഞു. താന് തന്നെയാണ് ആ പെണ്കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന തന്നെ അപകീര്ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്ത്തു. താനതില് കുലുങ്ങില്ല. കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അവര് പറഞ്ഞു.


നടിയെ ആക്രമിച്ച കേസില് വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില് സൈബര് ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില് ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്ന് മുതല് ആറ് വരെയുള്ള പ്രതികള് കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്ക്കെതിരെ ചുമത്തിയ മുഴുവന് കുറ്റങ്ങളും നിലനില്ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാവിധി സംബന്ധിച്ച വാദം ഡിസംബര് 12ന് ആരംഭിക്കും.

Recent Comments