അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെയാണ് എസ്‌ഐടിയില്‍ നിയമിച്ചത്. തിരുവനന്തപുരം സ്വദേശിയും ലഖ്‌നൗ റേഞ്ച് ഐജിയുമായ എസ് കിരണിന്റെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുക.

അയോധ്യ ഡിഐജി സോമെന്‍ ബര്‍മ, എസ്എസ്പി ഗൗരവ് ഗ്രോവര്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. അയോധ്യ സംഭാവനക്കൊള്ള അന്വേഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ സംഘം രൂപീകരിക്കാന്‍ ഈ മാസം 13നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നേരത്തേ ലഖ്നൗ ഡിവിഷണല്‍ കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്‌പെഷ്യല്‍ സെക്രട്ടറി (ധനകാര്യം) നീല്‍ രത്തന്‍ കുമാറുമാണ് കേസ് അന്വേഷിച്ചിരുന്നത്.

സംഭാവനക്കൊള്ള ക്രിമിനല്‍ക്കുറ്റമാണെന്നും അതിനാല്‍ പ്രത്യേക സാങ്കേതിക പരിശോധനകള്‍ തന്നെ ആവശ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. ക്രിമിനല്‍ അന്വേഷണവും സാങ്കേതിക പരിശോധനയും കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുതിയ എസ്‌ഐടി സുപ്രീംകോടതിയില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

2008 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. കിരണ്‍ ജനുവരിയിലാണ് ലഖ്‌നൗ റേഞ്ച് ഐജിയായി ചുമതലയേറ്റെടുത്തത്. നേരത്തേ നോയിഡ, ഝാന്‍സി, സുല്‍ത്താന്‍പുര്‍, പ്രതാപ്ഗഢ് തുടങ്ങിയ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍പോളിലെ സേവനത്തിന് മെഡല്‍ ഓഫ് എക്‌സലന്‍സ് ലഭിച്ചിട്ടുണ്ട്. ഏഴുവര്‍ഷത്തോളം ഡല്‍ഹിയില്‍ സിബിഐയിലും പ്രവര്‍ത്തിച്ചു. ഫ്രാന്‍സില്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞാണ് കിരണ്‍ ലഖ്‌നൗ ഐജിയായി സ്ഥാനമേറ്റത്.

‘കാറിന് വഴി കൊടുത്തില്ല’; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

‘കാറിന് വഴി കൊടുത്തില്ല’; കൊച്ചിയില്‍ ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം, കേസ്

കൊച്ചി: വഴി കൊടുത്തില്ലെന്ന നിസ്സാര കാരണത്തിന് ബൈക്ക് യാത്രക്കാരായ യുവാക്കളെ കാര്‍ യാത്രക്കാര്‍ ക്രൂരമായി മര്‍ദിച്ചു. തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് റോഡ് റേജിന് ഇരയായി യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. ആക്രമണത്തില്‍ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി, പ്രവീണ്‍ കുമാര്‍, നിസാം എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ കണ്ടാലറിയാവുന്ന കാര്‍ യാത്രക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പിറകില്‍ നിന്നുവന്ന കാറിലുണ്ടായിരുന്ന സംഘം വാഹനം മറികടന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വഴി മാറ്റി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അവരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പ്രതികള്‍ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും ദേഹം മുഴുവന്‍ ചവിട്ടുകയും ചെയ്തു. ആക്രമണത്തില്‍ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൃക്‌സാക്ഷികളില്‍ നിന്നും വിവരം തേടിയിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അക്രമികളെ ഉടന്‍ വലയിലാക്കുമെന്നും പോലീസ് അറിയിച്ചു.

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

തിരുവനന്തപുരം: ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷയ്ക്കായി അപേക്ഷകര്‍ക്ക് ഇനി സ്മാര്‍ട്ട് ഫോണും ഉപയോഗിക്കാം. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ കംപ്യൂട്ടര്‍ക്ഷാമം കാരണം ലേണേഴ്‌സ് ടെസ്റ്റ് വൈകുന്നത് ഒഴിവാക്കാണ് സ്മാര്‍ട്ട് ഫോണില്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കിയത്. ഓഫിസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍ നോട്ടത്തിലായിരിക്കും ടെസ്റ്റ്. എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പാണ് ഇതിന് ഉപയോഗിക്കേണ്ടത്. അപേക്ഷകരുടെ മുഖം തിരിച്ചറിയാനുള്ള സംവിധാനം ഇതിലുണ്ട്.

ലേണേഴ്‌സ് ലൈസന്‍സിന് മൂന്നുമാസത്തോളം കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ മൂന്നുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തും. അപേക്ഷിക്കുന്നവര്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ ടെസ്റ്റിന് അവസരം ലഭിക്കാനാണ് ഈ മാറ്റം. ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തിനുള്ളിലും തോറ്റവര്‍ക്ക് എട്ടു ദിവസത്തിനുള്ളിലും അവസരം ലഭിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനാണ് ശ്രമം.

കാത്തിരിപ്പ് ഒഴിവാക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു ദിവസം 40നുപകരം 50 ടെസ്റ്റുകള്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി. മൂന്നുമാസത്തേക്ക് എല്ലാ ഓഫിസുകളിലും ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ് നടത്തും. പ്രതിദിന ഡ്രൈവിങ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണവും പുനഃക്രമീകരിച്ചു. 28 പുതിയ അപേക്ഷകര്‍ക്കും 20 പരാജയപ്പെട്ടവര്‍ക്കും വിദേശപഠനത്തിന് പോകുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കും. മേല്‍നോട്ടം വഹിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാരില്ലെങ്കില്‍ എന്‍ഫോഴ്‌സസ്‌മെന്റില്‍നിന്ന് നിയോഗിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ്, ക്രമീകരണം ഇങ്ങനെ

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി; ആഴ്ചയില്‍ അഞ്ചുദിവസവും ടെസ്റ്റ്, ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ വൈകുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ സര്‍ക്കാര്‍ ഇടപെടല്‍. അടുത്ത മൂന്ന് മാസത്തേയ്ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 സ്ലോട്ടുകളില്‍ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകള്‍ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആര്‍ടിഒ ഓഫീസുകളില്‍ നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകള്‍ ഇനി മുതല്‍ അഞ്ച് ദിവസവും നടത്തും. അപേക്ഷകള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താല്‍ക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് കെ ബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേര്‍ക്കുണ്ടായിരുന്ന സ്ലോട്ടുകള്‍ 40 ആയി കുറച്ചിരുന്നു. ഇതാണ് ഇപ്പോള്‍ 50 ആയി വര്‍ധിപ്പിച്ചത്. ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്‌സ് ലൈസന്‍സിനുള്ള കാത്തിരിപ്പും കുറയ്ക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളില്‍ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങള്‍ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ചോദ്യചോര്‍ച്ച തടയല്‍ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും; പ്രതിപക്ഷം പിന്തുണച്ചേക്കും

ഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. പബ്ലിക് എക്‌സാമിനേഷന്‍സ്
(പ്രിവെന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്‌മെന്റ് ബില്‍ എന്നു പേരിട്ടിരിക്കുന്ന ബില്‍, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് അവതരിപ്പിക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ എല്ലാം അംഗങ്ങളും പങ്കെടുക്കണമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അഭ്യര്‍ത്ഥിച്ചു.

ഭാവിയില്‍ മത്സരപരീക്ഷകളിലെ ചോദ്യചോര്‍ച്ച തടയുക ലക്ഷ്യമിട്ട് കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട ബില്‍. രാജ്യത്തെ യുവതലമുറയുടെ ശബ്ദം കേട്ടശേഷം, വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത ചരിത്രപരമായ തീരുമാനങ്ങളെയും, പൊതു പരീക്ഷ (അന്യായ മാര്‍ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്രമന്ത്രി റിജിജു എക്‌സില്‍ കുറിച്ചു.

പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍, ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

രാജ്യത്ത് ആവര്‍ത്തിക്കുന്ന പരീക്ഷ ക്രമക്കേടുകള്‍ തടയാനായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന. ഇന്ത്യ മുന്നണിയുടെ രാവിലെ ചേരുന്ന യോ​ഗത്തിൽ ഇതിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. ബില്ലിനെ പിന്തുണച്ചാലും, വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേർക്കുണ്ടായ പെല്ലറ്റ് ആക്രമണം അടക്കമുള്ള കടുത്ത നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പെല്ലെറ്റ് ആക്രമണത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത്, പരീക്ഷാ സമ്പ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.