by Midhun HP News | Oct 21, 2025 | Latest News, ജില്ലാ വാർത്ത
രാഷ്ട്രപതി ദ്രൌപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 21.10.2025 , 22.10.2025, 23.10.2025 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
തിരുവനന്തപുരം നഗരത്തിൽ 21.10.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെയും 22.10.2025 തീയതി രാവിലെ 6.00 മണി മുതൽ രാത്രി 10 മണി വരെയും 23.10.2025 തീയതി മുതൽ രാവിലെ 6.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളിൽ ഗതാഗത തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്.
21.10.2025 തീയതി ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
22.10.2025 തീയ്യതി രാവിലെ 06.00 മണി മുതൽ വെെകുുന്നേരം 06.00 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വി ജെ റ്റി -വേൾഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വെെകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – വഴുതക്കാട്- വിമൻസ്‍കോളേജ് ജംഗ്ഷൻ – മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
23.10.2025 തീയ്യതി രാവിലെ 06.00 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി ജെ റ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.
കൂടാതെ 21.10.2025, 22.10.2025 , 23.10.2025 തീയതികളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും 22.10.2025 തീയതി വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‍കോളേജ് റോഡിലും ,23.10.2025 തീയതി വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുന്നതുമാണ്.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


by Midhun HP News | Oct 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. 21 മുതല്‍ 28 വരെയാണ് കായികമേള. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഫുട്ബോൾ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും.
കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയില്‍ നിന്നും മുന്നൂറ് കുട്ടികള്‍ പങ്കെടുക്കുന്ന വിപുലമായ മാര്‍ച്ച് പാസ്റ്റുമാണ് ഒരുക്കിയിരിക്കുന്നത്. പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് മേളയുടെ ഗുഡ്‍വിൽ അംബാസഡര്‍ ആണ്.
ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. ആയിരത്തോളം ഒഫീഷ്യല്‍സും രണ്ടായിരത്തോളം വോളന്റിയേഴ്‌സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. സ്‌കൂള്‍ കായിക മേള ചരിത്രത്തില്‍ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിര്‍വ്വഹിച്ച തീം സോങാണ് ഇത്തവണത്തേത്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണ്ണക്കപ്പാണ് നല്‍കുന്നത്. ഒക്ടോബര്‍ 16 ന് കാസര്‍കോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലൂടെയും സ്വര്‍ണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിച്ചു. നാളെ രാവിലെ 10ന് പട്ടം ഗേള്‍സ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേരുന്ന സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.
സംസ്ഥാന സ്കൂൾ കായിക മേളയുടെ സമഗ്ര വിവരങ്ങൾ കൈറ്റ് പോർട്ടൽ വഴി അറിയാം. sports.kite.kerala.gov.in എന്ന പോർട്ടൽ വഴി 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ വേദികളിലേയും തത്മസമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളും എല്ലാം ലഭിക്കും. ഓരോ കുട്ടിയുടേയും ഉപജില്ലാ തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടനങ്ങളുടേയും വിവരങ്ങളും ട്രാക്ക് ചെയ്യാം. കൈറ്റ് വിക്ടേഴ്സ് ആപ് victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ വിദ്യ കേരളം ചാനലിലും മത്സരങ്ങൾ തത്സമയം കാണാം.


by Midhun HP News | Oct 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അടക്കം നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കിടക്കകളുടെ എണ്ണം നോക്കാതെയാണ് ഡ്യൂട്ടി സമയം ഏകീകരിച്ചത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരേ ഷിഫ്റ്റ് സമ്പ്രദായമായി.
മുഴുവന്‍ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നാണ് തൊഴില്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. മാസത്തിൽ 208 മണിക്കൂർ അധികരിച്ചാലാണ് അലവൻസ്. വി.വീരകുമാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ചു 2021ല്‍ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കിയത്.
100 കിടക്കളിൽ അധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പകൽ 6 മണിക്കൂർ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ, കിടക്കകളുടെ എണ്ണം നോക്കാതെ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും. നഴ്സുമാരുടെ സമരത്തെത്തുടർന്നാണ് സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ ജോലിസമയം സംബന്ധിച്ചു പഠനം നടത്താൻ മുൻ ജോയിന്റ് ലേബർ കമ്മിഷണർ വി. വീരകുമാർ അധ്യക്ഷനായ കമ്മിറ്റിയെ 2012 നവംബറിൽ സർക്കാർ നിയോഗിച്ചത്.


by Midhun HP News | Oct 21, 2025 | Latest News, കേരളം
കൊച്ചി: രണ്ടുദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 1520 രൂപയാണ് കൂടിയത്. 97,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 190 രൂപയാണ് കൂടിയത്. 12,170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ രണ്ടുദിവസം സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടായിരുന്നു. ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 95, 840 രൂപയായിരുന്നു വില. ശനിയാഴ്ച പവന് 1400 രൂപയായിരുന്നു കുറഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത് ഒക്ടോബര്‍ 17നും ഒക്ടോബര്‍ 21നുമാണ്. 97,360 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


by Midhun HP News | Oct 20, 2025 | Latest News
കൊല്ലം: സമാനമായ തട്ടിപ്പിനിരയായിരിക്കുകയാണ് മഠത്തിനാപ്പുഴ സുധാവിലാസത്തില്‍ രമണന്‍(67) ആണ് തട്ടിപ്പിനിരയായിരി പശുവിന്റെ വിലയായ 56,000 രൂപയും ഇടപാടിലൂടെ ഉണ്ടായ മനോവേദനയ്ക്ക് നഷ്ടപരിഹാരമായി 26000 രൂപയും കോടതിച്ചെലവിനായി 10000 രൂപയും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.
സംഭവമിങ്ങനെ പൂവറ്റൂര്‍ പടിഞ്ഞാറ് കാഞ്ഞിരംവിള സ്വദേശികളായ ദമ്പതികളില്‍ നിന്നും ഇടനിലക്കാര്‍ മുഖാന്തിരമാണ് രമണന്‍ 2023 ഫെബ്രുവരി 23-ന് പശുവിനെ വാങ്ങിയത്. ദിവസവും പന്ത്രണ്ട് ലിറ്റര്‍ പാല്‍ ലഭിക്കുമെന്നും പാല്‍ കുറഞ്ഞാല്‍ പശുവിനെ തിരികെ വാങ്ങിക്കൊളളാമെന്നുമായിരുന്നു ഉടമസ്ഥരുടെ ഉറപ്പ്. ലിറ്ററിന് 4,500 രൂപ കണക്കാക്കിയാണ് 12 ലിറ്റര്‍ പാലുളള പശുവിന് 56,000 വില നിശ്ചയിച്ചത്. സമ്പാദ്യമായുണ്ടായിരുന്ന 16,000 രൂപയും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ 40000 രൂപയും ചേര്‍ത്താണ് രമണന്‍ പ്രതീക്ഷയോടെ പശുവിനെ വാങ്ങിയത്. മാര്‍ച്ച് 11-ന് പശു പ്രസവിച്ചു. പ്രതീക്ഷയോടെ 16-ാം ദിനം മുതല്‍ കറവ തുടങ്ങിയെങ്കിലും നാല് ലിറ്റര്‍ പാല്‍ മാത്രമാണ് ലഭിച്ചത്. ഒരുമാസം ആഞ്ഞു കറന്നിട്ടും ആറ്് ലിറ്റര്‍ മാത്രമാണ് കിട്ടിയത്.
ചതി പറ്റിയെന്നു ബോധ്യമായതോടെ രമണന്‍ ഇടനിലക്കാരെയും കൂട്ടി ഉടമയെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. വിശ്വാസ വഞ്ചനയ്ക്കും ചതിക്കുമെതിരെ പുത്തൂര്‍ പൊലീസിലും എസ്പിക്കും പരാതി നല്‍കിയെങ്കിലും പശുവിനു പാലില്ലെന്ന കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പൊലീസുകാര്‍ക്കും പിടികിട്ടിയില്ല. തങ്ങള്‍ രമണന് പശുവിനെ വിറ്റിട്ടില്ലെന്നും ഉണ്ടെങ്കില്‍ രസീതു കാട്ടണമെന്നും വാദങ്ങള്‍ നിരത്തി ഉടമകള്‍ ചെറുത്തു.
പൊലീസിന്റെ ഉപദേശപ്രകാരമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ രമണന്‍ സമീപിച്ചത്. ആശാസ്യമല്ലാത്ത കച്ചവടവും തെറ്റിദ്ധരിപ്പിക്കലും ഇടപാടില്‍ നടന്നതായി കോടതി കണ്ടെത്തി. 2023-ല്‍ സമാനമായി 18 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന ഉറപ്പില്‍ വാങ്ങിയ പശുവിന് രണ്ട് ലിറ്റര്‍മാത്രമേ ലഭിച്ചുള്ളൂ എന്ന കേസില്‍ കന്നുകാലി കച്ചവടത്തിന് രസീത് നിര്‍ബന്ധമല്ലെന്നും വിശ്വസനീയമായ മൊഴികള്‍ മതിയെന്നും സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ രേഖപ്പെടുത്തിയതും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കേസ് നടപടികള്‍ക്കിടെ എതിര്‍കക്ഷികളില്‍ ഒരാളായ ഗൃഹനാഥന്‍ മരിക്കുകയും ചെയ്തു. കുളക്കട പാല്‍ സൊസൈറ്റിയില്‍ പാല്‍ അളന്നതിന്റെ രേഖകള്‍, പൊലീസ് രേഖകള്‍, വിവരാവകാശ രേഖകള്‍, ഇടനിലക്കാരുടെ മൊഴി എന്നിവ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവിട്ടത്.
45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കമ്മീഷന്‍ പ്രസിഡന്റ് എസ്.കെ. ശ്രീല, മെമ്പര്‍ സ്റ്റാന്‍ലി ഹറോള്‍ഡ് എന്നിവരുടെ ഉത്തരവിലുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന്‍ പ്രവീണ്‍ പൂവറ്റൂര്‍ ഹാജരായി.


Recent Comments