ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വര്‍ണപ്പാളികള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്.

ഹൈദരാബാദില്‍ വെച്ച് ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗലൂരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്.

അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല!

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ല!

പനാജി: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നേരിട്ട് കാണാമെന്ന ഇന്ത്യന്‍ ആരാധകരുടെ മോഹങ്ങള്‍ക്ക് കനത്ത അടി. ഇതിഹാസ താരം ഇന്ത്യയിലേക്ക് വരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. എഎഫ്‌സി ചാംപ്യന്‍സ് ലീ​ഗ് 2 രണ്ടാം പോരാട്ടത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസര്‍ ടീം എഫ്‌സി ഗോവയെ നേരിടാന്‍ ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം വരുന്നുണ്ടെങ്കിലും സ്‌ക്വഡില്‍ റൊണാള്‍ഡോ ഉണ്ടാകില്ല. ടീം ഇന്ന് രാത്രിയോടെ ഗോവയിലെത്തും. ഈ മാസം 22നാണ് എഫ്‌സി ഗോവ- അല്‍നസര്‍ പോരാട്ടം. ഗ്രൂപ്പ് ഡിയിലെ മത്സരമാണ് ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്.

റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നു എഫ്‌സി ഗോവ ടീം അല്‍നസര്‍ ടീമിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്ലബിന്റെ നിരന്തരമായ ആവശ്യം പക്ഷേ പരിഗണിക്കപ്പെട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സൂപ്പര്‍ താരത്തിന്റെ വരവ് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഉതകുമെന്നും ഗോവന്‍ ഫുട്‌ബോളിനും അതിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിനും താരത്തിന്റെ വരവ് പ്രചോദനമാകുമെന്നും പ്രതീക്ഷിച്ചാണ് ഗോവ ടീം താരത്തെ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചത്.

കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന താരത്തിന്റെ കരാറില്‍ സൗദി അറേബ്യയില്‍ മാത്രം കളിക്കുന്നതിനാണ് ധാരണ. ടീമിന്റെ വിദേശ യാത്രകളില്‍ നിന്നു താരത്തിനു വിട്ടുനില്‍ക്കാന്‍ അനുമതിയുണ്ട്. 40കാരനു ജോലി ഭാരം കൂടുതല്‍ നല്‍കേണ്ടെന്ന തീരുമാനവും പിന്‍മാറ്റത്തിനു ആക്കം കൂട്ടി.

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു

മകളുടെ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു

മകളുടെ വിവാഹ കർമ്മം കഴിഞ്ഞ് മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പാലോട് പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് ചതുപ്പിൽ ഷാഫിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.
ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി. മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു; ക്രൂരകൃത്യത്തിന് മുന്‍പ് മോഷണവും നടത്തി

കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു; ക്രൂരകൃത്യത്തിന് മുന്‍പ് മോഷണവും നടത്തി

തിരുവനന്തപുരം: ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മധുര ബെഞ്ചമിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

മധുര സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണെന്നും ജോലിക്കായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞ. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടന്‍ പിടികൂടിയത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.