വിഴിഞ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍, സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നു; ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും

വിഴിഞ്ഞത്തിന് മറ്റൊരു പൊന്‍തൂവല്‍, സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നു; ഇനി കരമാര്‍ഗമുള്ള ചരക്കുനീക്കവും

തിരുവനന്തപുരം: സമ്പൂര്‍ണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറുന്നതിനുള്ള അവസാന കടമ്പയും കടന്ന് വിഴിഞ്ഞം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു.

കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാന്‍സ്ഷിപ്പ്‌മെന്റ്) വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നിലവില്‍ തുറമുഖത്ത് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (സിഎഫ്എസ്) ഇല്ല. അതിനാല്‍ കര്‍ശന വ്യവസ്ഥകളോടെയാണ് എക്‌സിം കാര്‍ഗോ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയില്‍ ഡയറക്ട് പോര്‍ട്ട് ഡെലിവറിക്ക് (ഡിപിഡി) അര്‍ഹതയുള്ള ഫുള്‍ കണ്ടെയ്‌നര്‍ ലോഡുകള്‍ക്ക് (എഫ്‌സിഎല്‍) മാത്രമായിരിക്കും അനുമതി. ഇവ തുറമുഖത്ത് എത്തി 48 മണിക്കൂറിനുള്ളില്‍ ഇറക്കുമതിക്കാരന്റെ കേന്ദ്രത്തിലേക്ക് മാറ്റണം.

സിഎഫ്എസ് പ്രവര്‍ത്തനസജ്ജമാകുന്നത് വരെ ലെസ്-ദാന്‍-കണ്ടെയ്‌നര്‍ ലോഡ് (എല്‍സിഎല്‍), ലൂസ് കാര്‍ഗോ എന്നിവ അനുവദിക്കില്ല. കയറ്റുമതിയില്‍ ഫാക്ടറികളില്‍ നിന്ന് സീല്‍ ചെയ്ത ഫുള്‍ കണ്ടെയ്‌നറുകള്‍ക്ക് ഡയറക്ട് പോര്‍ട്ട് എന്‍ട്രി (ഡിപിഇ) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാര്‍ഡിനുള്ളില്‍ വച്ച് സാധനങ്ങള്‍ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കര്‍ശന വിലക്കുണ്ട്.

വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും (ഐസിഡി, സിഎഫ്എസ്, സെസ്) ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം അനുമതിയുണ്ട്. അംഗീകൃത ട്രാന്‍സ്ഷിപ്പര്‍മാരോ കാരിയര്‍മാരോ മുഖേന മാത്രമേ ഇത് നടത്താവൂ. സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ടെയ്‌നര്‍ ട്രക്കുകളില്‍ ഹൈ-സെക്യൂരിറ്റി സീലുകള്‍ പതിപ്പിക്കണം. കൂടാതെ, തുറമുഖത്തെ എല്ലാ പ്രവര്‍ത്തനങ്ങളും 2018ലെ സീ കാര്‍ഗോ മാനിഫെസ്റ്റ് ആന്‍ഡ് ട്രാന്‍സ്ഷിപ്പ്‌മെന്റ് റെഗുലേഷന്‍സ് (എസ്സിഎംടിആര്‍) പൂര്‍ണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകള്‍, സ്റ്റീമര്‍ ഏജന്റുമാര്‍, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ ഐസ്‌ഗേറ്റ് വഴി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്‌നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ, എക്‌സിം കാര്‍ഗോ എന്നിവയ്ക്കായി പ്രത്യേക യാര്‍ഡുകള്‍ സജ്ജമാക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) ചുമതലയാണ്. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് (ഒഒസി) ഇല്ലാതെ ഒരു കണ്ടെയ്‌നര്‍ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയന്‍ ഉറപ്പാക്കണം.

ഗുരുവായൂരിൽ ഓഗസ്റ്റ് മുതൽ  ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ

ഗുരുവായൂരിൽ ഓഗസ്റ്റ് മുതൽ ആഴ്ചയിൽ രണ്ട് ദിനം വെർച്വൽ ക്യൂ

ഓൺലൈൻ ബുക്കിങ് വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി സൗജന്യ ദർശനം നടത്താം. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഗുരുവായൂർ ദേവസ്വം സംവിധാനം ഒരുക്കിയത്. ഓഗസ്‌റ്റ് 4 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാകും തുടക്കത്തിൽ ഈ സംവിധാനം. ദിവസം 2400 പേർക്ക് ദർശനം നടത്താവുന്ന വിധത്തിലാണ് ക്രമീകരണം.

ബുക്കിങ് താഴെ പറയും പ്രകാരം:

സമയം രാവിലെ 7 മണി, 8 മണി, 9 മണി, 10 മണി

ഉച്ചയ്ക്ക് 12 മണി , 1 മണി

വൈകിട്ട് 4 മണി, 5 മണി

ഓരോ മണിക്കൂറിലും 300 പേർക്കാണ് പ്രവേശനം.

ഒരു സ്ലോട്ടിൽ 6 പേർക്കു വരെ ബുക്ക് ചെയ്യാം.

ബുക്കിങ്ങിന് guruvayurdevaswom.in

പേളിയെ ‘അണ്‍ഫോളോ’ ചെയ്ത് സോഷ്യല്‍ മീഡിയ; ഇറങ്ങിപ്പോയത് രണ്ട് ലക്ഷം പേര്‍; ആടിയുലഞ്ഞ് നടിയുടെ സാമ്രാജ്യം

പേളിയെ ‘അണ്‍ഫോളോ’ ചെയ്ത് സോഷ്യല്‍ മീഡിയ; ഇറങ്ങിപ്പോയത് രണ്ട് ലക്ഷം പേര്‍; ആടിയുലഞ്ഞ് നടിയുടെ സാമ്രാജ്യം

നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരം അനുദിനം ശക്തമാവുകയാണ്. സമരത്തിന് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കം മണ്ണിലിറങ്ങിയാണ് സമരത്തിന് പിന്തുണയറിയിച്ചത്. ഇതിനിടെ അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിയുടെ നിലപാട് വലിയ വിവാദമായി മാറിയിരുന്നു.

സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് ഒരു ലക്ഷ്യവും ജീവനേക്കാള്‍ വലുതല്ലെന്നും വീട്ടിലേക്ക് മടങ്ങാനുമാണ് പേളി പറഞ്ഞത്. തന്റെ നിലപാടിനെ വിമര്‍ശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതും പിന്നാലെ തന്റെ ഇഷ്ടനിറം കാവിയാണെന്ന പ്രഖ്യാപനവുമെല്ലാം പേളിയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഇതിനിടെ പേളിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ 5.7 മില്യണ്‍ ഫോളോവേഴ്‌സായിരുന്നു പേളിയ്ക്ക് ഉണ്ടായിരുന്നത്. വിവാദത്തോടെ ഇത് 5.5 ലേക്ക് കുറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെന്നത് പോലെ യൂട്യൂബിലും പേളി അണ്‍ഫോളോയിങ് നേരിടുന്നുണ്ട്. സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ സംവിധാകന്‍ സിബി മലയിലിന്റെ മകനുമായുള്ള വാക്‌പോരും പേളിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പേളിയുടെ പോസ്റ്റില്‍ വിമര്‍ശനവുമായി ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നീട് പേളിയ്‌ക്കെതിരെ നീണ്ടൊരു കുറിപ്പും ജോ പങ്കുവച്ചു. ഇതിനുള്ള മറുപടിയില്‍ പേളി നടത്തിയ പരാജയപ്പെട്ട സംവിധായകന്‍ എന്ന പ്രയോഗം താരത്തിന് കടുത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്. പേളി ഉദ്ദേശിച്ച പരാജയപ്പെട്ട സംവിധായകന്‍ തന്റെ അച്ഛന്‍ സിബി മലയില്‍ ആണെന്ന ജോയുടെ മറുപടിയും വൈറലായിരുന്നു.

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നു; എസ്‌ഐടിയുടെ പുതിയ കണ്ടെത്തല്‍

തിരുവനന്തപുരം. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി കഴിഞ്ഞ സെപ്റ്റംബറില്‍ ചെന്നൈയ്ക്കു കൊണ്ടുപോയ സമയത്തും സ്വര്‍ണക്കൊള്ള നടന്നെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, മുന്‍ അംഗം എ അജികുമാര്‍ എന്നിവരുടെ അറസ്റ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പുതിയ വെളിപ്പെടുത്തല്‍.

ദ്വരപാലക ശില്‍പങ്ങളിലെ 12 പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയതില്‍ 4 പാളികളില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തെന്നും ശില്‍പപീഠത്തിലെ പാളികളില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും നേതൃത്വത്തില്‍ നടന്ന ഈ തട്ടിപ്പിന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

ശരിയായ കരാര്‍ ഇല്ലാതെയായിരുന്നു പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. പിന്നീട് ഉണ്ണിക്കൃഷ്ണണന്‍ പോറ്റിയും തിരുവാഭരണം കമ്മിഷണര്‍ റജിലാലും ചേര്‍ന്ന് ബംഗളുരുവിലെ ബെള്ളാരിയില്‍ നിന്നു വാങ്ങിയ മുദ്രപ്പത്രത്തില്‍ വ്യാജ കരാര്‍ തയാറാക്കി. ഇതിന് ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എസ്‌ഐടി ആദ്യം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. അമൂല്യമായ ക്ഷേത്ര സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടുപോകരുതെന്ന ദേവസ്വം ചട്ടം ലംഘിച്ചെന്നും ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയാണ് ഇതു ചെയ്തതെന്നും വ്യക്തമായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കപ്പുറം കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് എസ്‌ഐടി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

സ്വര്‍ണം പൂശാന്‍ പാളികളില്‍ ഇലക്ട്രോപ്ലേറ്റിങ് ആണ് നടത്തിയതെന്നും പഴയ പാളികളില്‍ നിന്ന് കേടുപാടുകള്‍ മൂലം നഷ്ടമായ 19.236 ഗ്രാം സ്വര്‍ണത്തിനു പകരം 29.940 ഗ്രാം അധികമായി പൂശിയെന്നുമായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. മടക്കിക്കൊണ്ടു വന്ന പാ ളികളില്‍ ആകെ 291.904 ഗ്രാം സ്വര്‍ണമുണ്ടെന്നും കണക്കാക്കിയിരുന്നു. എന്നാല്‍ ആ പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചുള്ള തട്ടിപ്പ് നടന്നതായാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ എത്ര സ്വര്‍ണമാണു കവര്‍ന്നതെന്നോ അത് എന്തു ചെയ്തുവെന്നോ വ്യക്തമല്ല. 2025ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടായേക്കും.

വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്

വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്

തിരുവനന്തപുരം: കോളജ് വിദ്യര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് ഉള്‍പ്പടെ വാങ്ങാന്‍ ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്. ഒരുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 27ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങാനാവില്ല. എന്നാല്‍ ടാബ് വാങ്ങാം. വായ്പയുടെ തിരിച്ചടവ് കാലാവധി 30 മാസം. പലിശ 6.99 %.

വിദ്യാര്‍ഥികള്‍ രക്ഷിതാവുമായി ചേര്‍ന്നാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കൂടാതെ ഒരുബന്ധുവിന്റെ കൂടി ജാമ്യം വേണം. സബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് വായ്പ.

ജെന്‍സി ടെക് വായ്പ എടുക്കുന്നവര്‍ കേരള ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍ അവര്‍ക്ക് പലിശയില്‍ അര ശതമാനം ഇളവ് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പി മോഹനനും വൈസ് പ്രസിഡന്റ് ടിവി രാജേഷും പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സിപിഎം നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് മാറുമോയെന്ന ചോദ്യത്തിന് അത്തരമൊരു ആശങ്കയില്ലെന്ന് പി മോഹനന്‍ പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും തെരഞ്ഞെടുക്കപ്പെട്ട ഒരു ഡയറക്ടര്‍ ബോര്‍ഡ് ആണ് ബാങ്കിനുള്ളത്. ബാങ്ക് വേറിട്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കേരള ബാങ്കിനുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.