സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

സെന്‍സസ് എടുക്കാനെന്ന വ്യാജേനെ വീട്ടിലെത്തി; വയോധികയുടെ മൂന്നരപവന്‍ കവര്‍ന്നു; യുവതി പിടിയില്‍

തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.

മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്‍

ഭരണഘടന കൈയിലേന്തി ആസാദി യാത്ര; സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വേടന്‍

കൊച്ചി: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും. ഭരണഘടന ഉയർത്തിപ്പിടിച്ച് വൈകിട്ട് 3നാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.

വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം രം​ഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ലൈന്‍ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. സമൂഹമാധ്യമങ്ങളിലടക്കം അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

കാര്‍ഡ് വിതരണത്തില്‍ തടസമുണ്ടായത് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം വന്നതുകൊണ്ടാണ്. സാങ്കേതിക പ്രശ്‌നം പരിഹരിച്ചു. ഇതോടെ കാര്‍ഡ് വിതരണം പുനരാരംഭിക്കുകയും ചെയ്തു. നിലവില്‍ നല്‍കിയിട്ടുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സൗജന്യ യാത്ര തുടരുന്നുണ്ട്. സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

തെറ്റായ പ്രചരണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. പൊതുജനങ്ങളും സാമൂഹികമാധ്യമ ഉപയോക്താക്കളും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

ഇനി ദര്‍ശനത്തിന് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട!; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

ഇനി ദര്‍ശനത്തിന് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട!; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു, അറിയേണ്ടതെല്ലാം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശന സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലുമുതല്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി ഭക്തര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് ആയ https://guruvayurdevaswom.in സന്ദര്‍ശിക്കുക. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഭക്തര്‍ക്ക് സുഗമമമായ ദര്‍ശനം ഉറപ്പാക്കാനായി ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ദര്‍ശന സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; കര്‍ത്തയുടെ മൊഴി പുറത്ത്

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുള്ളത്.

വീണ സിഎംആര്‍എല്ലിന് ഒരുവിധ സേവനവും നല്‍കിയിട്ടില്ലെന്നായിരുന്നു പ്രതിപക്ഷവും ഉന്നയിച്ചിരുന്നത്. ഇക്കാര്യം ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീണയ്‌ക്കെതിരെ ഇഡി അന്വേഷണവും നടക്കുകയാണ്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണയുടെ പതിനാറര ലക്ഷം രൂപയുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ വീണയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ടുതവണ ഇഡി ഉദ്യോഗസ്ഥര്‍ വീണയെ ചോദ്യം ചെയ്തിരുന്നു. വീണയുടെയും സിഎംആര്‍എല്‍ അധികൃതരുടെയും മൊഴികള്‍ തമ്മില്‍ വൈരുധ്യമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. താന്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന്റെ രേഖകള്‍ ഒന്നും തന്നെ തന്റെ കൈവശം ഇല്ല എന്നായിരുന്നു വീണ ഇഡിയ്ക്ക് മുന്‍പാകെ ആവര്‍ത്തിച്ചത്.