‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ ഈ പ്രഖ്യാപനത്തോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യന്‍ എണ്ണ ഇടപാടിന്റെ പേരില്‍ ആയിരുന്നു ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ 12 ശതമാനത്തോളം ഇടിവാണ് ഇരട്ട താരിഫ് മൂലം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് ശ്രമം പുരോഗമിക്കെ ഇന്ത്യ ഇടപാടില്‍ നിന്നും പിന്‍മാറിയാല്‍ ആഗോള തലത്തില്‍ തന്നെ ഊര്‍ജ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.

വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടു കൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിുരന്നു അന്ത്യം സംഭവിച്ചത്.

ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചിരുന്നു.12 വർഷം മുമ്പ്‌ ആഴിക്കുട്ടിയുടെ മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയെ ശുശ്രൂഷിച്ചിരുന്നത്. ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി എസ് വെന്തലത്തറയിലെ വീട്ടിൽ ആഴിക്കുട്ടിയെ കാണാനെത്തുമായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്.

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ​ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തുന്നത്.

പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്‌, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്‌, ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

നാളെ ( വെള്ളിയാഴ്ച ) വൈകീട്ട് ആറരക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, എംഎ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.

സജിത കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന്

സജിത കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന്

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടിൽക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കുടുംബപ്രശ്‌നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സിന് ട്രാക്കുണരുന്നു, വിളംബര ഘോഷയാത്ര ഇന്ന് മുതല്‍

സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സിന് ട്രാക്കുണരുന്നു, വിളംബര ഘോഷയാത്ര ഇന്ന് മുതല്‍

കാസര്‍കോട്: 67ാ -മത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് മുന്നോടിയായി നടക്കുന്ന സ്വര്‍ണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് രാവിലെ 8 മണിക്ക് ഘോഷയാത്ര ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം,ഒക്ടോബര്‍ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂര്‍ 10.30, ഇരിട്ടി 12.00, മാനന്തവാടി 1.30, കല്‍പറ്റ 3.00 എന്നിവിടങ്ങളിലാണ് ഇന്നത്തെ സ്വീകരണങ്ങള്‍.

ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍,കായിക പ്രേമികള്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക.

ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ഇത്തവണ തലസ്ഥാന നഗരിയാണ് വേദിയാകുന്നത്. 21ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനംചെയ്യും. 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ 22മുതലാണ്. മത്സരങ്ങള്‍ 12 സ്റ്റേഡിയങ്ങളിലായി നടക്കും.

കായിക മേളയുടെ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വടംവലിയടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്. ത്രോ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനവും ഇവിടെയാണ്. പന്തലിനുള്ള കാല്‍നാട്ടല്‍ മന്ത്രി നിര്‍വഹിച്ചു.

ഭക്ഷ്യധാന്യ സംഭരണത്തിനും തുടക്കമായി. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കല്‍ ഒഫീഷ്യല്‍സിനെയും സെലക്ടേഴ്‌സിനെയും വളന്റിയേഴ്‌സിനെയും നിയോഗിച്ചു. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി 70 സ്‌കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം അഞ്ച് അടുക്കളകള്‍ സജ്ജീകരിച്ചു. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് കഴിക്കാന്‍ സൗകര്യമുണ്ടാകും.