by Midhun HP News | Oct 16, 2025 | Latest News, ദേശീയ വാർത്ത
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തുന്നത്.
പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്, ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
നാളെ ( വെള്ളിയാഴ്ച ) വൈകീട്ട് ആറരക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, എംഎ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.


by Midhun HP News | Oct 16, 2025 | Latest News, കേരളം
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാൻ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടിൽക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
കുടുംബപ്രശ്‌നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.


by Midhun HP News | Oct 16, 2025 | Latest News, കേരളം
കാസര്‍കോട്: 67ാ -മത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് മുന്നോടിയായി നടക്കുന്ന സ്വര്‍ണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് രാവിലെ 8 മണിക്ക് ഘോഷയാത്ര ആരംഭിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിയ ശേഷം,ഒക്ടോബര്‍ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂര്‍ 10.30, ഇരിട്ടി 12.00, മാനന്തവാടി 1.30, കല്‍പറ്റ 3.00 എന്നിവിടങ്ങളിലാണ് ഇന്നത്തെ സ്വീകരണങ്ങള്‍.
ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കായികതാരങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍,കായിക പ്രേമികള്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്‌വില്‍ അംബാസഡര്‍. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് സ്‌കൂള്‍ ഒളിമ്പിക്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക.
ഒളിമ്പിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായിക മേളയ്ക്ക് ഇത്തവണ തലസ്ഥാന നഗരിയാണ് വേദിയാകുന്നത്. 21ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനംചെയ്യും. 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ 22മുതലാണ്. മത്സരങ്ങള്‍ 12 സ്റ്റേഡിയങ്ങളിലായി നടക്കും.
കായിക മേളയുടെ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വടംവലിയടക്കം 12 മത്സരങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. അത്ലറ്റിക്സ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്. ത്രോ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കും. സമാപന സമ്മേളനവും ഇവിടെയാണ്. പന്തലിനുള്ള കാല്‍നാട്ടല്‍ മന്ത്രി നിര്‍വഹിച്ചു.
ഭക്ഷ്യധാന്യ സംഭരണത്തിനും തുടക്കമായി. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്നിക്കല്‍ ഒഫീഷ്യല്‍സിനെയും സെലക്ടേഴ്‌സിനെയും വളന്റിയേഴ്‌സിനെയും നിയോഗിച്ചു. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി 70 സ്‌കൂളുകളും സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിനായി പുത്തരിക്കണ്ടമടക്കം അഞ്ച് അടുക്കളകള്‍ സജ്ജീകരിച്ചു. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് കഴിക്കാന്‍ സൗകര്യമുണ്ടാകും.


by Midhun HP News | Oct 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ തുലാവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ ( ഓറഞ്ച് അലര്‍ട്ട് ) മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പൂര്‍ണ്ണമായി പിന്‍വാങ്ങി തുലാവര്‍ഷം ( വടക്കു കിഴക്കന്‍ കാലവര്‍ഷം ) ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . അതിനാൽ മഴയുടെ അളവിന് ശക്തി കൂടാമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. 19-ഓടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഈ മാസം 20 വരെ സംസ്ഥാനത്താകെ ശക്തമായ മഴ തന്നെ ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നാളെയും ഞായറാഴ്ചയും കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരിച്ചയിൽ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ ആയില്യം ഊട്ട് മഹോത്സവം 16ന് രാവിലെ 10 മണിക്ക് നടക്കും.
Recent Comments