സ്വര്‍ണവില 95,000ലേക്ക് അടുക്കുന്നു

സ്വര്‍ണവില 95,000ലേക്ക് അടുക്കുന്നു

കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്.രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വിക്ടോറിയൻ മുഖ്യമന്ത്രിയ്ക്കു ഗുരുദേവ നാണയത്തിന്റെ സെറ്റ്ഉപഹാരമായി നൽകി

വിക്ടോറിയൻ മുഖ്യമന്ത്രിയ്ക്കു ഗുരുദേവ നാണയത്തിന്റെ സെറ്റ്ഉപഹാരമായി നൽകി

ഓസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ നടന്ന സർവമത സമ്മേളന ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത വിക്ടോറിയൻ മുഖ്യമന്ത്രി ജസീന്ത അലന് ശിവഗിരി മഠത്തിന്റെ ഉപഹാരമായി റിസർവ് ബാങ്ക് പുറത്തിറക്കിയ ഗുരുദേവ നാണയത്തിന്റെ സെറ്റ് നൽകി. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിയും ജനറൽ സെക്രട്ടറി ശ്രീമദ്. ശുഭാംഗാനന്ദ സ്വാമികൾ ചേർന്നാണ് ഉപഹാരം കൈമാറിയത്. ഗവണ്മെന്റ് വിപ്പ് ലീ ടർലാമിസ്, ശശി തരൂർ എം. പി, ചാണ്ടി ഉമ്മൻ എം. എൽ. എ. എന്നിവർ പങ്കെടുത്തു.

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് കൃഷി, കൂട്ടിയിട്ട് കത്തിച്ച് പൊലീസ്

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് കൃഷി, കൂട്ടിയിട്ട് കത്തിച്ച് പൊലീസ്

പാലക്കാട്: അഗളിയില്‍ വന്‍ കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. സത്യക്കല്ല് മലയുടെ താഴ് വരയിലാണ് വലിയ തോട്ടം കണ്ടെത്തിയത്. പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംയുക്ത ഓപ്പറേഷന്‍.

പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പുതൂരിലേത് എന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് സത്യക്കല്ല് മലയുടെ പ്രദേശം കൃഷിക്ക് തിരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തല്‍. കാട്ടിലൂടെ അഞ്ച് കിലോമീറ്ററോളം നടന്നാണ് കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.

എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍. മൂന്ന് മാസത്തോളം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. അട്ടപ്പാടിക്ക് പുറത്തുള്ളവരാണ് കൃഷിക്ക് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരാണ് കൃഷി നടത്തിയത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പേരാമ്പ്ര സംഘര്‍ഷം: 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേരാമ്പ്ര സംഘര്‍ഷം: 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു.

സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്‌ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ഫോടക വസ്തു എറിഞ്ഞത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ യുഡിഎഫ് കടുത്ത പ്രതിഷേധത്തിലാണ്. നാളെ മുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് ഇന്ന് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി, രാഷ്ട്രീയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധൃതി പിടിച്ച് പൊലീസ് അറസ്റ്റിലേക്ക് കടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം എത്തിയേക്കുമെന്നാണ് പ്രവചനം.

സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.

ജാഗ്രത നിര്‍ദേശം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (15/10/2025) മുതല്‍ 18/10/2025 വരെയും; കര്‍ണാടക തീരത്ത് 17, 18 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.