by Midhun HP News | Oct 9, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചുമയ്ക്കുള്ള കഫ് സിറപ്പിന്റെ ഉപയോഗം അപകടകരമെന്ന് കണ്ടെത്തിയ മൂന്ന് ബ്രാന്‍ഡുകളുടെ കഫ് സിറപ്പുകളുടെ വില്‍പന നിരോധിച്ചു. കോള്‍ഡ്രിഫ്, റെസ്പിഫ്രഷ് ടിആര്‍, റീലൈഫ് എന്നീ മൂന്ന് കഫ് സിറപ്പുകള്‍ക്ക് എതിരെയാണ് നടപടി. ഇവയില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികളില്‍ മരണത്തിനുള്‍പ്പെടെ കാരണമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.
കഫ് സിറപ്പ് ഉപയോഗത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ ഒരുമാസത്തിനിടെ 22 കുട്ടികളാണ് രാജ്യത്ത് മരിച്ചത്. ഇവയെല്ലാം കോള്‍ഡ്രിഫ് സിറപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്നാണ് ഡ്രഗ് റെഗുലേറ്ററി ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ മരുന്ന് ഉത്പാദന രാജ്യങ്ങളില്‍ ഒന്നെങ്കിലും ഇപ്പോഴത്തെ സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ള മരുന്നുള്‍പ്പെടെ കയറ്റുമതി ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മരണങ്ങളുടെ പശ്ചാത്തലത്തത്തില്‍ ഇവയുടെ കയറ്റുമതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പില്‍ അടങ്ങിയ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 48.6 ശതമാനമാണ് സിറപ്പിലെ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.
2025 മെയ് മാസത്തില്‍ നിര്‍മ്മിച്ചതും 2027 ഏപ്രിലില്‍ കാലാവധി തീരുന്നതുമായ മരുന്നാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. മരുന്ന് ഉപയോഗിച്ച് കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് ഇടയാക്കിയത്. മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടിആര്‍ ആണ് വില്‍പന നിരോധിക്കപ്പെട്ട മറ്റൊരു കഫ് സിറപ്പ്. 2025 ജനുവരിയില്‍ നിര്‍മ്മിച്ചതും 2026 ഡിസംബറില്‍ കാലാവധി തീരുന്നതുമായി ബാച്ചില്‍ 1.342 ശതമാനം അപകടകമായ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തല്‍. റിലൈഫ് എന്ന ബ്രാന്‍ഡില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം 0.616 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

by Midhun HP News | Oct 9, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ‘നിങ്ങളുടെ കയ്യിൽ ഭക്ഷണം കഴിക്കാനുള്ള പണമില്ലെങ്കിൽ ഇവിടെ നിന്ന് ഓർഡർ ചെയ്തോളു,സൗജന്യമായി നിങ്ങൾക്ക് ഭക്ഷണം നൽകാം. ഇത് അല്ലാഹുവിന്റെ ഒരു സമ്മാനമാണ്’. ദുബൈയുടെ ഹൃദയഭാഗത്ത് ഉള്ള മിർദിഫ് കമ്മ്യൂണിറ്റി പ്രദേശത്തുള്ള ഒരു സ്ഥാപനത്തിന്റെ വാതിലിൽ എഴുതി വെച്ചിരിക്കുന്ന വാചകങ്ങൾ ആണിത്.
ദുബൈ പോലുള്ള വലിയ ഒരു നഗരത്തെ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു കാഴ്ച തന്നെയാണിത്.അൽ അഫാൻഡി ബുച്ചറി ആൻഡ് ഗ്രിൽസ് എന്ന സ്ഥാപനത്തിന്റെ വാതിലുകൾ ഭക്ഷണം കഴിക്കാൻ പണമില്ലത്തവർക്കായി 2021 മുതൽ തുറന്നിട്ടിരിക്കുകയാണ്. ജോർദാൻ സ്വദേശിയാണ് ഈ സ്ഥാപനത്തിന്റെ ഉടമ.

യു എ ഇ രാജ്യത്ത് ജീവിക്കുന്ന ആളുകളോട് സർക്കാരിന്റെ സമീപനം വളരെ മികച്ചതാണ്. അതാണ് തന്നെ ഇത്തരം ഒരു സേവനം ചെയ്യാൻ പ്രചോദനമായതെന്ന് സ്ഥാപനത്തിന്റെ ഉടമ പറയുന്നു.
” ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന ആർക്കും മിർദിഫിലെ ഞങ്ങളുടെ റസ്റ്റോറന്റിൽ വരാം, അവർക്ക് ഞങ്ങൾ സൗജന്യമായി ഭക്ഷണം നൽകും, അവരുടെ രാജ്യമോ ഭാഷയോ ഒന്നും പ്രശ്‍നമല്ല, ഭക്ഷണം ആവശ്യപ്പെടാൻ ഒരു മടിയും വിചാരിക്കരുത്’ അബു അബ്ദോ റസ്റ്റോറന്റ് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു.

“ഞങ്ങൾക്ക് ഈ രാജ്യത്ത് സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നു. അതിന് ഈ യു എ ഇയോട് കടപ്പെട്ടിരിക്കുന്നു. നന്ദി സൂചകമായി ആണ് സൗജ്യമായി ഭക്ഷണം വിതരണത്തെ ചെയ്യുന്നത്. സർവ്വശക്തനായ ദൈവത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സ്ഥാപനത്തിന്റെ ജീവനക്കാർ പറയുന്നു.

by Midhun HP News | Oct 9, 2025 | Latest News, കേരളം
ആരോരുമില്ലാത്ത പലര്‍ക്കും തണലായി മാറിയിട്ടുണ്ട് നടന്‍ കലാഭവന്‍ മണി. തനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് തന്നെ ചേര്‍ത്തു പിടിച്ചവര്‍ക്കുള്ള ആദരമായിരുന്നു മണിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. പലര്‍ക്കും തണലായി മാറിയ മണിയ്ക്കും കുടുംബത്തിനും ഒരുകാലത്ത് താങ്ങായിരുന്നത് ഹയറുന്നീസ ഉമ്മയായിരുന്നു. ആ ഉമ്മ ഇനി ഓര്‍മകളില്‍ വിശ്രമിക്കും.
മണിക്കും കുടുംബത്തിനും കുട്ടിക്കാലത്ത് കരുതലായിരുന്ന ഹയറൂന്നീസ ഉമ്മ വിട വാങ്ങി. കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉമ്മയെക്കുറിച്ചെഴുതിയ വാക്കുകള്‍ ഉള്ളു തൊടുന്നതാണ്. തങ്ങള്‍ക്ക് വയറു നിറയെ ഭക്ഷണം തന്ന് ചേര്‍ത്തുപിടിച്ച സ്‌നേഹ നിധിയായിരുന്നു ഉമ്മയെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
”കുട്ടി കാലത്ത് ഞങ്ങള്‍ക്ക് വയറു നിറയെ ആഹാരം തന്ന് ഞങ്ങളെ ചേര്‍ത്ത് പിടിച്ച ഞങ്ങളുടെ സ്‌നേഹ നിധിയായ ഉമ്മ യാത്രയായി. ചേനത്തുനാട് പാളയംകോട്ട്കാരന്‍ വീട്ടില്‍ പരേതനായ മുസ്തഫ ഭാര്യ ഹയറൂന്നീസ ( 89 ) നിര്യാതയായി. 7 മക്കളുള്ള ഉമ്മയ്ക്ക് ഞങ്ങളും മക്കളെ പോലെയായിരുന്നു. കുട്ടിക്കാലത്ത് ഉമ്മയെ ചുറ്റിപറ്റിയായിരുന്നു ഞങ്ങളുടെ ജീവിതം. ഉമ്മയുടെ കൂടെ ചാലക്കുടി മാര്‍ക്കറ്റിലേക്ക് പോകുക, റേഷന്‍ കടയിലേക്ക് പോകുക , എല്ലാത്തിനും സഹായിയായി എപ്പോഴും ഞങ്ങളുടെ കുടുംബം ഉണ്ടാകും” രാമകൃഷ്ണന്‍ പറയുന്നു.


”ഉമ്മയുടെ മകനായ അലി ചേട്ടന്‍ (സൈലബ്ദീന്‍) വാങ്ങിയ മുസ്തഫ സണ്‍സ് എന്ന ലാമ്പര്‍ട്ട ഓട്ടോ റിക്ഷയാണ് മണിച്ചേട്ടന്‍ ആദ്യമായി ഓടിച്ചത്. എവിടെ പോയാലും ഉമ്മയുടെ അടുത്ത് വിവരങ്ങള്‍ പറഞ്ഞിട്ടേ പോകാറുള്ളൂ. തിരികെ വരുമ്പോഴും എല്ലാ വിശേഷങ്ങളും ചോദിച്ചറിയും. ഇനി ആ വിളിയില്ല. സ്‌നേഹാന്വേഷണവും ഇല്ല. ഇതോടെ ഞങ്ങളുടെ ഒരു കാലഘട്ടത്തിലെ കാരണവന്‍മാരുടെ കണ്ണികള്‍ ഇല്ലാതെയായി” എന്നും അദ്ദേഹം പറയുന്നു.

by Midhun HP News | Oct 9, 2025 | Latest News, ദേശീയ വാർത്ത
ഇന്‍ഡോര്‍: വിഷലിപ്തമായ ചുമ മരുന്ന് ഉപയോഗിച്ച് ചികിത്സയ്ക്ക് വിധേയരായ രണ്ട് കൂട്ടികള്‍ കൂടി മരിച്ചു. ബുധനാഴ് വൈകീട്ടാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ പരസിയ സ്വദേശികളായ നാല്, അഞ്ച് വയസുള്ള കുട്ടികള്‍ ആണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് മരണമടയുന്നവരുടെ എണ്ണം 22 ആയി. കോള്‍ഡ്രിഫ് കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് വൃക്ക അണുബാധ ഉണ്ടാവുകയായിരുന്നു.
ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ഉണ്ടായിരുന്ന വിശാല്‍ എന്ന അഞ്ചുവയസുകാരന്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു മരിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയിലിരിക്കെയാണ് നാലുവയസുകാന്‍ മായങ്ക് സൂര്യവംശി മരണത്തിന് കീഴടങ്ങിയത് എന്നും ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധീരേന്ദ്ര സിങ് നേത്രി അറിയിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കുട്ടികള്‍ ഇനിയും നാഗ്പൂരില്‍ ചികിത്സയില്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ചുമ മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുന്ന സംഭവം തുടരുന്നതിനിടെ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപടികളും പുരോഗമിക്കുകയാണ്. മരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് പ്രത്യേക അന്വേഷണ സംഘം നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായി നിര്‍മ്മിക്കുന്ന കാള്‍ഡ്രിഫ് നിര്‍മ്മാണ കമ്പനിക്ക് എതിരായ നടപടികളും പുരോഗമിക്കുകയാണ്.
കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ശ്രീശന്‍ ഫാര്‍മ ഉടമ രംഗനാഥനെ ഇന്നലെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രി ചെന്നൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മായം ചേര്‍ക്കല്‍, കുറ്റകരമായ നരഹത്യ, കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കല്‍ എന്നി കുറ്റങ്ങളാണ് രംഗനാഥനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ രംഗനാഥനും കുടുംബവും ഒളിവിലായിരുന്നു.



by Midhun HP News | Oct 9, 2025 | Latest News, കേരളം
അട്ടക്കുളങ്ങര വനിതാ ജയിൽ, അധിക സാമ്പത്തികബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നൽകി.തെക്കൻ മേഖലയിൽ ഉയർന്ന നിലയിലുള്ള മറ്റൊരു ജയിൽ സ്ഥാപിക്കാനുള്ള നിർദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയോടെ നിലവിലെ വനിതാ ജയിൽ പ്രവർത്തിക്കുന്ന അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ ഒരു താൽക്കാലിക സ്പെഷ്യൽ സബ് ജയിൽ ആക്കി പരിവർത്തനം ചെയ്യുന്നതിന് അനുമതി നൽകി.
ബാക്കി തസ്തികകൾ അധികചുമതല നൽകി നിവർത്തിക്കണം എന്ന വ്യവസ്ഥയോടെ, മൂന്ന് വർഷക്കാലയളവിലേക്ക് താൽക്കാലികമായി 35 തസ്തികകൾ സൃഷ്ടിക്കുന്നതിനും അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറുടെ ജോലി നിർവ്വഹിക്കുന്നതിന് KEXCON മുഖേന 15 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനും മന്ത്രി സഭായോഗം അനുമതി നൽകി.



Recent Comments