by Midhun HP News | Oct 9, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും തിയേറ്ററുകൾ കീഴടക്കാൻ വീണ്ടുമെത്തുന്നു. നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k അറ്റ്മോസിൽ ഒക്ടോബർ പത്തിനാണ് രാവണപ്രഭു വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ആദ്യ മണിക്കൂറിൽ ലഭിച്ചത്.
ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡ് ആയി. 5.68K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇത് വരും മണിക്കൂറിൽ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ ദിനം സിനിമയ്ക്ക് വലിയ കളക്ഷൻ തന്നെ നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.
മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു മോഹൻലാൽ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം, ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി, ഛായാഗ്രഹണം – പി സുകുമാർ. പി ആർ ഓ ഐശ്വര്യ രാജ്.
അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ വമ്പൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്പൻ ഓളമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്. മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.



by Midhun HP News | Oct 9, 2025 | Latest News, കായികം, ജില്ലാ വാർത്ത
വിശാഖപട്ടണം : ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്നാം ജയം തേടിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. വിശാഖപട്ടണം സ്റ്റേഡിയത്തില്‍ വൈകീട്ട് മൂന്നു മണി മുതലാണ് മത്സരം. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണെന്നാണ് റിപ്പോര്‍ട്ട്.
ടൂര്‍ണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹര്‍മന്‍ പ്രീത് കൗറും സംഘവും. ബാറ്റിങ്, ബൗളിങ് നിര ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നു. അതേസമയം സീനിയര്‍ താരങ്ങളായ സ്മൃതി മന്ധാനയും ഹര്‍മന്‍ പ്രീതും ഇതുവരെ ഫോമിലേക്കെത്താത്തത് ഇന്ത്യയ്ക്ക് തലവേദനയാണ്. അതേസമയം ഒരു ജയവും ഒരു തോല്‍വിയുമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 6 വിക്കറ്റ് ജയം നേടി. കിവീസിനെതിരെ സെഞ്ച്വറി നേടിയ തസ്മീന്‍ ബ്രിറ്റ്‌സിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.



by Midhun HP News | Oct 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭയിൽ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു. സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കൂട്ടാക്കിയില്ല.
അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫിന്റെ രാസവിദ്യ എന്ന ബാനറുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനർ പിടിച്ചു മാറ്റാൻ സ്പീക്കർ ഷംസീർ വാച്ച് ആന്റ് വാർഡിന് നിർദേശം നൽകി. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. നിഷ്പക്ഷനായിട്ടല്ല സ്പീക്കർ പ്രവർത്തിക്കുന്നതെന്നും, വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെ ബഹളം രൂക്ഷമാകുകയായിരുന്നു.
സഭയിൽ പ്രതിപക്ഷം തെമ്മാടിത്തരമാണ് കാണിക്കുന്നതെന്ന് സിപിഎമ്മിലെ എം രാജഗോപാൽ പറഞ്ഞു. സഭയുടെ നടപടിക്രമം അനുസരിച്ച് ചെയറിനെ നോക്കി സംസാരിക്കണമെന്നാണ് പറയുന്നത്. അതിനാൽ ബാനർ ഇങ്ങനെ പിടിച്ചിരിക്കുന്നത് തെറ്റാണ്. അതു മാറ്റാൻ നിർദേശം നൽകണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനിടെ, മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തിനു നേരെ നടത്തിയ ദേഹനിന്ദാ പ്രയോഗം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചു. ഇക്കാര്യം സീറോ അവറിൽ ഉന്നയിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പ്രതിഷേധമുണ്ടെങ്കിൽ രേഖപ്പെടുത്താം. എന്നാൽ ഇതിന്റെ പേരിൽ പ്രസംഗം നടത്താൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രിമാർ വായിൽ തോന്നിയതെല്ലാം പറഞ്ഞപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നതാണ് സ്പീക്കറുടെ ആറ്റിറ്റ്യൂഡെന്ന് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷനായിട്ടല്ല സംസാരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വലിയ വിലയ്ക്ക് വിറ്റിരിക്കുകയാണ്. അതിനു കൂട്ടുനിന്ന ആളുകൾക്കെതിരായി നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കുകയും, ദേവസ്വം ബോർഡിനെ പുറത്താക്കുകയും വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.



മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി രാജേഷ്
എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ് ചോദിച്ചു. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിങ്ങിനെയും മന്ത്രി രാജേഷ് ന്യായീകരിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രി ഒരു അംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
by Midhun HP News | Oct 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 11,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വവും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷകളുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ഒരു മാസത്തിനിടെ പവന് പതിനായിരം രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്.



by Midhun HP News | Oct 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആര്‍ടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ ഏത് ആശുപത്രിയില്‍ ചികിത്സതേടുന്ന കാന്‍സര്‍ രോഗികള്‍ക്കും ആനുകൂല്യം ലഭിക്കും. സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
റേഡിയേഷന്‍, കീമോ ചികിത്സയ്ക്കായി ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചി കാന്‍സര്‍ സെന്റര്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും. യാത്ര തുടങ്ങുന്ന ഇടം മുതല്‍ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്താല്‍ ഇതിനുള്ള പാസ് അനുവദിക്കും. നേരത്തെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകളിലേക്കും വ്യാപിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം സിറ്റി ബസുകളിലും ഓര്‍ഡിനറി ബസുകളിലും ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരുന്നു 2012 ലെ ഉത്തരവ് പ്രകാരം ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ ഉടനീളം സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള ബസുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.



Recent Comments