by Midhun HP News | Oct 8, 2025 | Latest News, കേരളം
കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ അടക്കം വീടുകളിൽ റെയ്ഡ് നടത്തി കസ്റ്റംസ് നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയുമായി ഇഡിയും രംഗത്തുവന്നത്. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കള്ളപ്പണ ഇടപാടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയും വിഷയത്തില്‍ ഇടപെട്ടത്.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ മമ്മൂട്ടിയുടെ പഴയ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ്. ഇവിടെയും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും അടക്കമാണ് പരിശോധന നടക്കുന്നത്. കാര്‍ കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇഡി പ്രാഥമിക പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി നിയമവിരുദ്ധമായി ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു.


എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയാണ് കാറുകള്‍ റീരജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തില്‍ മാത്രം 150 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എന്നാല്‍ 37 വാഹനങ്ങള്‍ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

by Midhun HP News | Oct 8, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം സസ്‌പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.
1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തന്റെ മുറിയില്‍ വന്നിട്ടുണ്ട്. ചില പൂജകള്‍ക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിരുന്നതായും തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു.


by Midhun HP News | Oct 8, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത കോതമംഗലം പൊലീസ്, പെണ്‍സുഹൃത്തിന്റെ പിതാവ് ഉള്‍പ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും ചേര്‍ന്നാണ് 17കാരനെ വീട്ടില്‍ നിന്ന് പുറത്തിറക്കിയത്. രാത്രി വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കി 17കാരനെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. കാറില്‍ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചാണ് മര്‍ദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരന്‍ പൊലീസിന് മൊഴി നല്‍കി. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.



by Midhun HP News | Oct 8, 2025 | Latest News, കേരളം
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപി ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 10 ന് മ്യൂസിയം പരിസരത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല സംരക്ഷണത്തിന് രണ്ടാം മണ്ഡല കാല പ്രക്ഷോഭം നടത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.
അതേസമയം സ്വര്‍ണപ്പാളി വിഷയത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേഖലാ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിക്കും. കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ എന്നിവരാകും നാലു ജാഥകള്‍ നയിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെ മുരളീധരന്‍ കാസര്‍കോടു നിന്നും, കൊടിക്കുന്നില്‍ സുരേഷ് പാലക്കാടു നിന്നും, അടൂര്‍ പ്രകാശ് തിരുവനന്തപുരത്തു നിന്നും നയിക്കുന്ന ജാഥകള്‍ 14 ന് തുടങ്ങും. ബെന്നി ബെഹനാന്‍ നയിക്കുന്ന ജാഥ 15 ന് മൂവാറ്റുപുഴയില്‍ നിന്നാണ് തുടങ്ങുക. നാലു ജാഥകളും 18 ന് പന്തളത്ത് പ്രതിഷേധ മാര്‍ച്ചോടെ സമാപിക്കും.


ഇതിനു മുന്നോടിയായി നാളെ പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിയിച്ച് പ്രകടനം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

by Midhun HP News | Oct 7, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ആലംകോട് വാഹനാപകടം. മത്സ്യം കയറ്റി വന്ന പിക്കപ്പ് വാനും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആലംകോട് ഭാഗത്തേക്ക് മത്സ്യവുമായി വന്ന പിക്കപ്പ് വാനും കടയ്ക്കാവൂർ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. മേലാറ്റിങ്ങൽ സ്വദേശികളായ അച്ഛനും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും ആളപായമില്ല.



Recent Comments